കേരളം

മുഖ്യമന്ത്രി നാളെ ദുരന്ത മേഖലകളിലേക്ക് ; ക്യാമ്പുകള്‍ പിരിച്ചുവിടും മുമ്പ് ദുരിതബാധിതര്‍ക്കായി വാസസ്ഥലം കണ്ടെത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കും. വയനാട്ടിലും മലപ്പുറം ജില്ലയിലെ ഭൂതാനത്തും മുഖ്യമന്ത്രി സന്ദര്‍ശിക്കും. ഹോലികോപ്ടര്‍ മാര്‍ഗവും റോഡ് മാര്‍ഗവുമായിട്ടാകും മുഖ്യമന്ത്രിയുടെ നിരീക്ഷണം. മേഖലയിലെ ഏതാനും ദുരിതാശ്വാസ ക്യാമ്പുകളിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയേക്കും. 

സംസ്ഥാനത്തെ പ്രളയക്കെടുതി സംബന്ധിച്ച് മുഖ്യമന്ത്രി ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തി.  വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയായിരുന്നു മുഖ്യമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. ക്യാമ്പുകളിലുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. മഴ കുറഞ്ഞുതുടങ്ങിയതിനാല്‍ വെള്ളം ഇറങ്ങിത്തുടങ്ങിയത് രക്ഷാപ്രവര്‍ത്തനം സുഗമമാക്കിയതായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടര്‍മാരുമായി നടന്ന വീഡിയോ കോണ്‍ഫറന്‍സിംഗ് വിലയിരുത്തി. 

വീടുകള്‍ നശിച്ചവര്‍ക്ക് ക്യാമ്പുകള്‍ അവസാനിച്ചാലും താമസിക്കാന്‍ കൂട്ടായ താമസസ്ഥലങ്ങള്‍ കളക്ടര്‍മാര്‍ കണ്ടെത്തണം. ക്യാമ്പ് അവസാനിക്കാന്‍ കാത്തുനില്‍ക്കാതെ, അതിനായി ഇപ്പോഴേ സ്ഥലം കണ്ടുവെക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. തകരാറിലായ വൈദ്യുതിബന്ധം അതിവേഗതയില്‍ പുനഃസ്ഥാപിക്കാന്‍ ശ്രദ്ധിക്കണം. റോഡിന്റെ തകര്‍ച്ച കഴിയുന്നതും വേഗം പരിഹരിക്കണം. പമ്പ് ഹൗസുകള്‍ തകരാറിലായ സ്ഥലങ്ങളില്‍ കുടിവെള്ളവിതരണം വെള്ളം ഇറങ്ങുന്ന മുറയ്ക്ക് പുനഃസ്ഥാപിക്കണം. അതുവരെ ശുദ്ധജലം എത്തിക്കാന്‍ അടിയന്തര നടപടി വേണം. ക്യാമ്പില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ അവിടെ താമസിക്കുന്നതായി ഉറപ്പാക്കണമെന്നും കളക്ടര്‍മാരോട് നിര്‍ദേശിച്ചു. 

വെള്ളം ഇറങ്ങിത്തുടങ്ങിയതിനാല്‍ ക്യാമ്പുകളില്‍ നിന്ന് ആളുകള്‍ പലരും വീടുകളിലേക്ക് മാറിപ്പോകുന്നുണ്ടെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. വയനാട്, മലപ്പുറം ജില്ലകളില്‍ മണ്ണിടിച്ചില്‍ സാധ്യതയിലുള്ള മേഖലയിലുള്ളവരെ ഒഴിപ്പിച്ചതായി കളക്ടര്‍മാര്‍ യോഗത്തില്‍ അറിയിച്ചു. പൊതുവില്‍ എല്ലാ ജില്ലകളിലും കഴിഞ്ഞ ദിവസങ്ങളേക്കാള്‍ വെള്ളപ്പൊക്കമേഖലകളിലും നദികളും വെള്ളം നല്ലരീതിയില്‍ കുറഞ്ഞുവരുന്നതായി കളക്ടര്‍മാര്‍ അറിയിച്ചു. ഡാമുകളിലെ ജലനിരപ്പ് സുരക്ഷിതമാണെന്ന് കളക്ടര്‍മാര്‍ അറിയിച്ചു. ആലപ്പുഴ ജില്ലയില്‍ ബണ്ടുകള്‍ മുറിഞ്ഞ് വെള്ളം കയറാതിരിക്കാന്‍ ജാഗ്രത തുടരാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. 

യോഗത്തില്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ്,  അഡീ. ചീഫ് സെക്രട്ടറിമാരായ വിശ്വാസ് മേത്ത, ടി കെ ജോസ്, റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി വേണു, ലാന്റ് റവന്യൂ കമ്മീഷണര്‍ സി എ ലത, ദുരന്തനിവാരണ മെമ്പര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും

തകര്‍ത്താടി ഡുപ്ലെസിസ്, 23 പന്തില്‍ 64, ഭയപ്പെടുത്തി ജോഷ് ലിറ്റില്‍; ബംഗളൂരുവിന് നാലുവിക്കറ്റ് ജയം

പ്രജ്വലിനെതിരെ ബ്ലൂ കോർണർ നോട്ടീസ്; എച്ച്ഡി രേവണ്ണയുടെ ഭാര്യയെ ചോദ്യം ചെയ്തേക്കും