കേരളം

'പതിനാലു ശസ്ത്രക്രിയകള്‍ക്കും തളര്‍ത്താനായില്ല, കൃത്രിമക്കാലും ഡയാലിസിസ് അഡാപ്റ്ററുമായ് കൈമെയ് മറന്ന്' ; സന്നദ്ധപ്രവര്‍ത്തകനെ പ്രകീര്‍ത്തിച്ച് ധനമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പ്രളയക്കെടുതി നേരിടാന്‍ സംസ്ഥാനത്തെമ്പാടും ദുരിതാശ്വാസ ക്യാമ്പുകളും, പ്രളയ ദുരിതാശ്വാസത്തിനുള്ള കളക്ഷന്‍ ക്യാമ്പുകളും സജീവമാണ്. തിരുവനന്തപുരം കോര്‍പറേഷനില്‍ പരിചയപ്പെട്ട ശ്യാം കുമാര്‍ എന്ന സന്നദ്ധപ്രവര്‍ത്തകനെക്കുറിച്ച് ധനമന്ത്രി ഡോ. തോമസ് ഐസക്ക് എഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു.

എംജി കോളജിലെ സൈക്കോളജി വിദ്യാര്‍ത്ഥിയാണ്. മുറിച്ചു കളഞ്ഞ വലതുകാലിനുപകരം കൃത്രിമകാലുപയോഗിച്ചാണ് നടക്കുന്നത്. ശരീരത്തില്‍ ഡയാലിസിസിനാവശ്യമായ അഡാപ്റ്റര്‍ ഘടിപ്പിച്ചിട്ടുണ്ട്. രണ്ടു മണിക്കൂര്‍ ഇടവിട്ട് ട്യൂബിട്ട് മൂത്രം എടുക്കണം. ഇതിനോടകം കഴിഞ്ഞത് പതിനാലു ശസ്ത്രക്രിയകള്‍. 

എന്നാല്‍ ശരീരത്തിന്റെ ഈ പരിമിതികളൊന്നും വകവെയ്ക്കാതെ പ്രളയദുരിതാശ്വാസത്തിനുള്ള കളക്ഷന്‍ ക്യാമ്പില്‍ തന്നാലാവുംവിധം കൈമെയ് മറന്ന് അധ്വാനിക്കുകയാണ് ശ്യാം. ശ്യാമിനെപ്പോലുള്ള നന്മയുടെ തുടിപ്പുകളാണ് അതിജീവനത്തിന്റെ തോണി തുഴയുന്നത്. അതു ലക്ഷ്യം കാണുകതന്നെ ചെയ്യും. തോമസ് ഐസക്ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ :   

തിരുവനന്തപുരം കോര്‍പറേഷനില്‍ പരിചയപ്പെട്ട ശ്യാം കുമാര്‍ എന്ന സന്നദ്ധപ്രവര്‍ത്തകനെ കേരളമറിയണം. എംജി കോളജിലെ സൈക്കോളജി വിദ്യാര്‍ത്ഥിയാണ്. മുറിച്ചു കളഞ്ഞ വലതുകാലിനുപകരം കൃത്രിമകാലുപയോഗിച്ചാണ് നടക്കുന്നത്. ശരീരത്തില്‍ ഡയാലിസിസിനാവശ്യമായ അഡാപ്റ്റര്‍ ഘടിപ്പിച്ചിട്ടുണ്ട്. രണ്ടു മണിക്കൂര്‍ ഇടവിട്ട് ട്യൂബിട്ട് മൂത്രം എടുക്കണം. ഇതിനോടകം കഴിഞ്ഞത് പതിനാലു ശസ്ത്രക്രിയകള്‍. എന്നാല്‍ ശരീരത്തിന്റെ ഈ പരിമിതികളൊന്നും വകവെയ്ക്കാതെ പ്രളയദുരിതാശ്വാസത്തിനുള്ള കളക്ഷന്‍ ക്യാമ്പില്‍ തന്നാലാവുംവിധം കൈമെയ് മറന്ന് അധ്വാനിക്കുകയാണ് ശ്യാം. ശ്യാമിനെപ്പോലുള്ള നന്മയുടെ തുടിപ്പുകളാണ് അതിജീവനത്തിന്റെ തോണി തുഴയുന്നത്. അതു ലക്ഷ്യം കാണുകതന്നെ ചെയ്യും.

ഞാന്‍ ചെല്ലുമ്പോള്‍ വിവിധ സ്ഥലത്തേക്കു കൊണ്ടുപോകാനായി ദുരിതാശ്വാസ സാമഗ്രികള്‍ പായ്ക്കു ചെയ്യുകയാണ് ശ്യാം കുമാര്‍. വലതു കാലിനുപകരം കൃത്രിമ കാലുപയോഗിച്ചു നടക്കുന്നു എന്ന കൗതുകത്തിലാണ് ശ്യാമിനോട് സംസാരിച്ചത്. ഈ കൃത്രിമ കാലുപയോഗിച്ച് അടുത്തകാലം വരെ സൈക്കിള്‍ ചവിട്ടുകയും നീന്തുകയുമൊക്കെ ചെയ്യുമെന്നറിയുമ്പോള്‍ സ്വാഭാവികമായും ആദരവും വിസ്മയവും തോന്നുമല്ലോ. കാട്ടാക്കടയിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരം നഗരത്തിലേക്കു മാത്രമല്ല, പുറം ജില്ലകളിലേക്കു വരെ ശ്യാം സൈക്കിള്‍ ചവിട്ടി പോയിട്ടുണ്ട്. ഈ അവസ്ഥയിലും തെങ്ങു കയറാനും ഫുട്‌ബോള്‍ കളിക്കാനുമൊക്കെ ശ്യാമിന് ആവേശമായിരുന്നു.

പക്ഷേ, കൂടുതല്‍ സംസാരിച്ചപ്പോള്‍ കൌതുകം, അമ്പരപ്പും സങ്കടവും വേദനയും അത്ഭുതവുമൊക്കെയായി കൂടിക്കുഴഞ്ഞു. ശ്യാമിന്റെ ശരീരത്തില്‍ മൂന്നു വൃക്കകളുണ്ട്. ഡ്യൂപ്ലെക്‌സ് സിസ്റ്റം എന്ന് വൈദ്യശാസ്ത്ര വിദഗ്ധര്‍ പറയും. വലതുവശത്ത് രണ്ടുവൃക്കകള്‍ ഒന്നിനു മുകളില്‍ ഒന്നായി സ്ഥിതി ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇവയുടെ പ്രവര്‍ത്തനം സാധാരണനിലയ്ക്കല്ല.

ശ്യാമിന്റെ മൂത്രസഞ്ചിക്കാകട്ടെ മൂന്നു വയസ്സുകാരന്റെ മൂത്രസഞ്ചിയുടെ വലുപ്പമേയുള്ളു. അതിനാല്‍ വൃക്കകളില്‍ നിന്ന് മൂത്രസഞ്ചിയിലെത്തുന്ന മൂത്രം കവിഞ്ഞ് തിരികെ വൃക്കകളിലേക്കു പടരും. റിഫ്‌ലെക്ട് ആക്ഷന്‍ എന്നാണ് ഇതിനു പറയുന്നതെന്ന് ശ്യാം തന്നെ വിശദീകരിച്ചു തന്നു. ഇതുമൂലം മൂന്നാമത്തെ വൃക്കയും തകരാറിലായി. ട്യൂബ് ഉപയോഗിച്ചാണ് ഇപ്പോള്‍ മൂത്രം പുറത്തേക്കെടുക്കുന്നത്.

ശ്യാമിന്റെ വലതുകാല്‍ ജന്മനാ മടങ്ങിയ സ്ഥിതിയിലായിരുന്നു. കാല്‍ നിവര്‍ത്താനാകാതെ വന്നപ്പോള്‍ ശസ്ത്രക്രിയ ചെയ്ത് നീക്കം ചെയ്തു. പത്താമത്തെ വയസ്സിലായിരുന്നു കാല്‍ മുറിച്ചുമാറ്റിയത്.

ഇതിനോടകം പതിനാല് ശസ്ത്രക്രിയകള്‍ നടത്തിക്കഴിഞ്ഞു. ആദ്യത്തെ പന്ത്രണ്ടെണ്ണത്തിനും ആരുടേയും സഹായം തേടിയില്ല. പക്ഷേ, പണച്ചെലവുണ്ടായ പതിമൂന്നും പതിനാലും ശസ്ത്രക്രിയകള്‍ക്ക് മറ്റുള്ളവരുടെ സഹായം തേടേണ്ടി വന്നു. അച്ഛന്‍ ശ്രീകുമാര്‍ കൂലിപ്പണിക്കാരനാണ്. കഴിഞ്ഞ മൂന്നുമാസമായി കോളജില്‍ പോകുമ്പോഴും മറ്റും മൂത്രം പോകാനുള്ള ട്യൂബും സഞ്ചിയുമൊക്കെ ശരീരത്തിലുണ്ടാകും.

ഇപ്പോള്‍ കഠിനമായ പ്രവൃത്തികളൊന്നും ചെയ്യാന്‍ ശ്യാമിനാകില്ല. ഭാരമൊന്നും ഉയര്‍ത്താനാകില്ല. കളക്ഷന്‍ സെന്ററില്‍ പായ്ക്കിംഗും കോര്‍ഡിനേഷനുമായി ശ്യാം ഓടിനടക്കുന്നു. കഴിഞ്ഞ രണ്ടുമൂന്നു ദിവസമായി ഉറക്കമിളച്ചുള്ള പണി.

രോഗത്തിന്റെ മൂര്‍ധന്യാവസ്ഥ കാരണം ഇപ്പോള്‍ സൈക്ലിംഗ് ഒന്നും ചെയ്യാനാകുന്നില്ലെന്നു പറയുമ്പോള്‍ ശ്യാമിന്റെ കണ്ണു നിറയുകയും വാക്കുകള്‍ ഇടറുകയും ചെയ്യുന്നുണ്ട്. രണ്ടാഴ്ച ഒരേ കിടപ്പായിരുന്നു. ഇനി ചെയ്യേണ്ട ശസ്ത്രക്രിയക്ക് വളരെ വലിയ തുക വേണം. അത് സങ്കീര്‍ണമാണ്. വൃക്കകളുടെ പ്രവര്‍ത്തനം ഇപ്പോള്‍ 23 ശതമാനം മാത്രമാണ്. 20 ശതമാനത്തിലേക്കു താഴ്ന്നാല്‍ ഡയാലിസിസ് വേണ്ടിവരും. പല രോഗങ്ങള്‍ക്കായി 30 ഗുളികയോളം ശ്യാം കഴിക്കുന്നുണ്ട്. എന്നിട്ടും തളരാതെയാണ് ട്യൂബ് ഘടിപ്പിച്ച ശരീരവുമായി ശ്യാം ദുരിതാശ്വാസ ക്യാംപില്‍ ഓടി നടക്കുന്നത്. ആ മനക്കരുത്തിനു മുന്നില്‍ വിസ്മയം പൂകാനേ കഴിയൂ. ഇതുപോലുള്ള മനുഷ്യരുടെ ആത്മബലത്തോടെ കേരളം കരകയറുക തന്നെ ചെയ്യും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

എംഎല്‍എ ബസില്‍ കയറി, മോശമായി പെരുമാറിയില്ല, യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ലെന്നും കണ്ടക്ടര്‍

ഭാര്യയുമായി പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ല: ഹൈക്കോടതി

'എന്നെ തോൽപ്പിക്കുന്ന ആളെ കല്ല്യാണം കഴിക്കും'- പുരുഷ താരങ്ങളെ ​ഗോദയിൽ മലർത്തിയടിച്ച ഹമീദ ബാനു

'നാട്ടു നാട്ടു'വിലെ സിഗ്നേച്ചര്‍ സ്റ്റെപ്പ് ലോകം ഏറ്റെടുത്തു; നൃത്തസംവിധായകനെ ആരും ആഘോഷിച്ചില്ലെന്ന് ബോസ്കോ മാർട്ടിസ്