കേരളം

കടല്‍ മാര്‍ഗം ഭീകരര്‍ തമിഴ്‌നാട്ടില്‍; കേരളത്തിലും അതീവ ജാഗ്രത; ആരാധനാലയങ്ങള്‍ക്ക് സുരക്ഷ ശക്തമാക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശ്രീലങ്ക വഴി കടല്‍ മാര്‍ഗം ലഷ്‌കര്‍ ഇ ത്വയിബ ഭീകരര്‍ തമിഴ്‌നാട്ടിലെത്തിയെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രതാനിര്‍ദ്ദേശം. സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ ജില്ലാ പോലീസ് മേധാവികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. 
 
ബസ്സ് സ്റ്റാന്റുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലും ജനങ്ങള്‍ കൂടുന്ന മറ്റ് സ്ഥലങ്ങളിലും ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശമുണ്ട്. ആരാധനാലയങ്ങള്‍ക്ക് ചുറ്റും നിരീക്ഷണവും സുരക്ഷയും ശക്തമാക്കും. 

തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലും പരിശോധന കര്‍ശനമാക്കും. സംശയാസ്പദമായ സാഹചര്യങ്ങളോ വസ്തുക്കളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 112 എന്ന നമ്പറിലോ സംസ്ഥാന പോലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമിലോ (0471 2722500) അറിയിക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
 
ശ്രീലങ്ക വഴി ആറ് ലഷ്‌കര്‍ഇത്വയിബ പ്രവര്‍ത്തകര്‍ ഇന്ത്യയിലേക്ക് കടന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. മലയാളി ഉള്‍പ്പെടെ ലഷ്‌കറെ തയിബയുടെ ആറംഗ ഭീകരസംഘം തമിഴ്‌നാട്ടിലെത്തിയതായാണ് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയത്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  അഫ്ഗാന്‍ ഭീകരരെ കശ്മീരില്‍ വിന്യസിക്കുന്നതിനായി പാകിസ്ഥാന്‍ ശ്രമിക്കുന്നതായി നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ ഈ ഭീകരര്‍ പാക് അധീന കശ്മീരിലൂടെ ജമ്മു കശ്മീരിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതായും ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും

റിലീസിന്റെ തലേദിവസം കഥ പ്രവചിച്ച് പോസ്റ്റ്: 'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടിയെന്ന് ആരോപണം; ചർച്ചയായി നിഷാദ് കോയയുടെ പോസ്റ്റ്

വീണ്ടും ആള്‍ക്കൂട്ട വിചാരണ: 17കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് മേഘാലയയില്‍ രണ്ടു യുവാക്കളെ തല്ലിക്കൊന്നു

'ഹർദിക് പാണ്ഡ്യയേക്കാൾ മികച്ച ഫാസ്റ്റ് ബൗളിങ് ഓൾ റൗണ്ടർ ഇന്ത്യയിൽ വേറെ ആരുണ്ട്?'