കേരളം

അര്‍ബുദമില്ലാത്ത യുവതിക്ക് കീമോ; മുഖ്യമന്ത്രിയുടെ ഉറപ്പുകള്‍ പാഴായി, ചീഫ് സെക്രട്ടറിക്ക് നോട്ടീസ്‌

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: അര്‍ബുദമില്ലാത്ത യുവതിക്ക് തെറ്റായ ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കീമോ തെറാപ്പി ചെയ്ത സംഭവത്തില്‍ ചീഫ് സെക്രട്ടറിക്കും, ആരോഗ്യവകുപ്പ് സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മിഷന്‍ നോട്ടീസയച്ചു. മുഖ്യമന്ത്രി എല്ലാ സഹായവും ഉറപ്പു നല്‍കിയെങ്കിലും ഒന്നും യാഥാര്‍ഥ്യമാവാതിരുന്നതോടെയാണ് ആലപ്പുഴ നൂറുനാട് സ്വദേശിയായ രജനി പരാതിയുമായി മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. 

കോട്ടയം മെഡിക്കല്‍ കോളെജില്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് മെഡിക്കല്‍ കോളെജിന് സമീപത്തെ ഡയനോവ ലാബില്‍ പരിശോധന നടത്തിയത്. മാറിടത്തില്‍ അര്‍ബുദമാണെന്നായിരുന്നു പരിശോധനാ ഫലം. പിന്നാലെ, മെഡിക്കല്‍ കോളെജില്‍ കിമോ ആരംഭിച്ചു. 

കിമോയുടെ ഫലമായി മുടി കൊഴിയുകയും, ശാരീരിക ക്ഷമത നശിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് നടത്തിയ വിദഗ്ധ പരിശോധനയില്‍ അര്‍ബുദം ഇല്ലെന്ന് സ്ഥിരീകരിച്ചു. ജോലിക്ക് പോവാനാവാത്ത ആരോഗ്യപ്രശ്‌നങ്ങള്‍ ഇപ്പോള്‍ നേരിടുന്നുണ്ട് എന്നാണ് രജനി പറയുന്നത്. പ്രായമായ അച്ഛനും അമ്മയും എട്ട് വയസുള്ള മകളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം രജനിയാണ്. 

ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉപേക്ഷിച്ചു പോയിരുന്നു. തെറ്റായ ലാബ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കീമോ ചെയ്‌തെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ മുഖ്യമന്ത്രി എല്ലാ സഹായവും ഉറപ്പ് നല്‍കിയെങ്കിലും ഒന്നും ലഭിച്ചില്ല. ഇതോടെ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ കുറ്റക്കാരായ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി, രജനിക്ക് തൊഴില്‍, നഷ്ടപരിഹാരം എന്നിവ നല്‍കണം എന്ന് ആവശ്യപ്പെട്ടാണ് കമ്മിഷന്‍ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ