കേരളം

ഇനി ചെങ്ങന്നൂരില്‍ നിന്ന് ശബരിമലയിലേക്ക് ബുള്ളറ്റില്‍ പോകാം; പദ്ധതിയുമായി റെയില്‍വെ, വ്യവസ്ഥകള്‍ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: ശബരിമലയിലേക്ക് പോകുന്നവര്‍ ഏറ്റവുംകൂടുതല്‍ വന്നിറങ്ങുന്ന റെയില്‍വെ സ്റ്റേഷനാണ് ചെങ്ങന്നൂര്‍. ഇവിടെനിന്ന് ബസുകളിലും ടാക്‌സികളിലുമൊക്കെയായാണ് ഭക്തര്‍ പമ്പവരെ പോകുന്നത്. ഇപ്പോഴിതാ ശബരിമലയിലേക്ക് പോകാന്‍ വാടകയ്ക്ക് ബൈക്ക് നല്‍കുന്ന പദ്ധതിക്ക് ചെങ്ങന്നൂരില്‍ തുടക്കമായിരിക്കുകയാണ്.  ദക്ഷിണ റെയില്‍വെയാണ് പദ്ധതിക്ക് പിന്നില്‍. 

തീര്‍ഥാടകര്‍ക്ക് ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് നല്‍കിയാല്‍ റോയല്‍ എന്‍ഫീല്‍ഡ് 500 സി.സി ബുള്ളറ്റ് ബൈക്ക് വാടകയ്‌ക്കെടുക്കാം. രണ്ടുപേര്‍ക്ക് യാത്ര ചെയ്യാം. ഒരാള്‍ക്കുള്ള ഹെല്‍മെറ്റും ഇതിനൊപ്പം നല്‍കും. 24 മണിക്കൂറിന് 1200 രൂപയാണ് വാടക. 200 കിലോമീറ്റര്‍ സഞ്ചരിക്കാം. 

അധിക കിലോമീറ്ററിന് ആറുരൂപ വീതം ഈടാക്കും. ഫുള്‍ടാങ്ക് പെട്രോള്‍ അടിച്ചാണ് ബൈക്ക് നല്‍കുക. തിരികെ ഏല്‍പ്പിക്കുമ്പോഴും അത്രതന്നെ പെട്രോള്‍ ഉണ്ടാകണമെന്നാണ് നിബന്ധന. പരീക്ഷണാടിസ്ഥാനത്തില്‍ ആറുബൈക്കുകളാണ് എത്തിച്ചിരിക്കുന്നത്. 

ദക്ഷിണ റെയില്‍വേയുടെ കീഴില്‍ ആദ്യമായാണ് ഇത്തരം പദ്ധതി നടപ്പാക്കുന്നത്. റെയില്‍വേ ടെന്‍ഡര്‍ വിളിച്ചത് പ്രകാരം കൊച്ചി ആസ്ഥാനമായ കഫെ റൈഡ്‌സ് ബൈക്കെന്ന സ്വകാര്യ ഏജന്‍സിയാണ് പദ്ധതി ഏറ്റെടുത്തത്. മണ്ഡല-മകരവിളക്കുത്സവം അവസാനിക്കുന്നത് വരെ ബൈക്കുകള്‍ ലഭിക്കും.

തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകള്‍ക്ക് കീഴിലുള്ള എല്ലാ സ്‌റ്റേഷനുകളിലും പദ്ധതി നടപ്പാക്കാനാണ് റെയില്‍വെ ആലോചിക്കുന്നത്. ചെങ്ങന്നൂരിന് പിന്നാലെ, തിരുവനന്തപുരം, കോട്ടയം,  ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളിലാണ് പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പാക്കുക. നിരവധി കമ്പനികള്‍ പദ്ധതിയുമായി സഹകരിക്കാന്‍ രംഗത്ത് വന്നിട്ടുണ്ടെന്ന് ഡിവിഷണല്‍ കൊമേഷ്യല്‍ മാനേജര്‍ ബാലമുരളി പറഞ്ഞു. ഇതേ മാതൃകയില്‍ റെന്റ് എ കാര്‍ പദ്ധതി നടപ്പാക്കാനും റെയില്‍വെയ്ക്ക് ആലോചനയുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

അമേഠിയിലും റായ്ബറേലിയിലും സസ്‌പെന്‍സ് തുടരുന്നു; നാലു മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

ആലുവയില്‍ ഗുണ്ടാ ആക്രമണം; കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുന്‍ പഞ്ചായത്ത് അംഗത്തിന് വെട്ടേറ്റു; നാലുപേര്‍ക്ക് പരിക്ക്