കേരളം

വീട്ടിൽ വച്ച് വൈൻ ഉണ്ടാക്കി; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റിൽ; ജാമ്യമില്ലാ കേസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വീടുകളിൽ വൈൻ ഉണ്ടാക്കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്ന മുന്നറിയിപ്പ് കഴിഞ്ഞ ദിവസം എക്സൈസ് നൽകിയിരുന്നു. സർക്കുലർ ഇറങ്ങിയതിന് പിന്നാലെ തിരുവനന്തപുരത്ത് യുവാവ് പിടിയിലായി. ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് കര്‍ശന മുന്നറിയിപ്പുമായി എക്സൈസ് രം​ഗത്തെത്തിയത്. 

ഇതിന് പിന്നാലെയാണ് സ്വന്തം വീട്ടിൽ വച്ച് വൈൻ ഉണ്ടാക്കാൻ ശ്രമിച്ചതിന് തിരുവനന്തപുരത്ത് വേളിയിൽ യുവാവിനെ അറസ്റ്റ് ചെയ്തത്. വൈനും വൈനുണ്ടാക്കാനായി പുളിപ്പിച്ച പഴങ്ങളും ഉൾപ്പെടെ 40 ലിറ്റർ സാധനങ്ങളാണ് യുവാവിൽ നിന്ന് എക്സൈസ് പിടിച്ചെടുത്തത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. യുവാവിനെ റിമാൻഡ് ചെയ്തു. 

വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് അബ്കാരി നിയമം പ്രകാരം ജാമ്യം കിട്ടാത്ത കുറ്റമാണെന്ന് എക്സൈസ് ഓര്‍മിപ്പിക്കുന്നു. ഹോം മെയ്ഡ് വൈന്‍ വില്‍പനക്കുണ്ടെന്ന് സമൂഹ മാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നത് എക്സൈസ് നിരീക്ഷിക്കുന്നുണ്ട്. കൂടാതെ വൈന്‍ ഉണ്ടാക്കുന്ന വീഡിയോകള്‍ യുട്യൂബ് വഴി പ്രചരിപ്പിച്ച് വരുമാനം ഉണ്ടാക്കുന്നവരും സജീവമാകുന്നു. ഇതെല്ലാം കണക്കിലെടുത്താണ് മുന്നറിയിപ്പ്. 

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ് എത്തിച്ചുള്ള വ്യാജ വിദേശ മദ്യ നിര്‍മാണം ആഘോഷാവസരങ്ങളില്‍ കൂടാറുണ്ട്. ഇതിനെ നേരിടാന്‍ അതിര്‍ത്തി ജില്ലകളില്‍ പ്രത്യേക നിരീക്ഷണം ഉണ്ടാകും. ഇതിനൊപ്പം കാടിനോട് ചേര്‍ന്ന പ്രദേശങ്ങളില്‍ വാറ്റ് സംഘങ്ങളും സജീവമാകുന്നുണ്ട്. കൂടാതെ അരിഷ്ടം അടക്കം ആയുര്‍വേദ മരുന്നെന്ന വ്യാജേനയും ലഹരി പ്രചരിപ്പിക്കാന്‍ ശ്രമമുണ്ട്. 

ഇവയിലെല്ലാം ഫലപ്രദമായ നടപടിക്ക് ജില്ലാ തലം മുതല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് 24 മണിക്കൂര്‍ ജാഗ്രത പുലര്‍ത്താന്‍ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. റെയ്ഡ് അടക്കം അടിയന്തര നടപടികള്‍ക്കായി ഓരോ ജില്ലയിലും സ്ട്രൈക്കിങ് ഫോഴ്സ് എന്ന പേരില്‍ മൂന്നോ നാലോ സംഘങ്ങളെ നിയോഗിക്കും. കൂടുതല്‍ ഫലപ്രദമായ വിവര ശേഖരണത്തിനായി പൊലീസിലെ രഹസ്യാ‍ന്വേഷണ വിഭാഗവുമായി സമ്പര്‍ക്കത്തില്‍ തുടരാനും നിര്‍ദേശമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്