കേരളം

'ബുദ്ധിയില്ലാത്തവളെന്ന് പരസ്യമായി വിളിച്ച് അധിക്ഷേപിച്ചു'; ദേവികുളം സബ് കലക്ടറോട് മാപ്പു പറയില്ലെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ 

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: ദേവികുളം സബ് കലക്ടര്‍ രേണു രാജിനെ പരസ്യമായി അധിക്ഷേപിച്ചതിന് മാപ്പ് പറയില്ലെന്ന് എ സ് രാജേന്ദ്രന്‍ എംഎല്‍എ. 
രേണു രാജിനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കും. തന്റെ ഫോണ്‍ കട്ട് ചെയ്യാന്‍ സബ് കലക്ടര്‍ക്ക് അധികാരമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാകും പരാതി നല്‍കുകയെന്നും എസ് രാജേന്ദ്രന്‍ എംഎല്‍എ ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറില്‍ പറഞ്ഞു. 

'മാപ്പ് പറയേണ്ടതുണ്ടെങ്കില്‍ മാപ്പ് പറയുന്നതില്‍ തെറ്റില്ലെന്നാണ് എന്റെ നിലപാട്. എന്നാല്‍ ഇവിടെ മാപ്പ് പറയില്ല. ചില സാഹചര്യങ്ങളില്‍ ചില കാര്യങ്ങള്‍ പറയേണ്ടി വരും. ഇവിടെ സര്‍ക്കാര്‍ ഒരു നിലപാട് എടുത്തിട്ടുണ്ട്. സബ് കലക്ടര്‍ ഇരിക്കുന്ന കെട്ടിടത്തിനടുത്ത് പണിത പുതിയ കെട്ടിടത്തിന് എല്ലാ അനുമതിയുമുണ്ടോ? പദ്ധതി പൂര്‍ത്തിയാക്കുന്ന സമയത്തല്ല എതിര്‍പ്പ് പറയേണ്ടത്', എന്നാണ് എസ് രാജേന്ദ്രന്റെ മറുപടി.

'ഞാന്‍ നേരിട്ട് പോയി സബ് കലക്ടറെ കണ്ടപ്പോള്‍ തന്റെ കാര്യം താന്‍ നോക്ക്, എന്റെ കാര്യം ഞാന്‍ നോക്കാം' എന്നാണ് രേണു രാജ് പറഞ്ഞതെന്ന് എസ് രാജേന്ദ്രന്‍ ആരോപിച്ചു. തന്റെ പ്രായമെങ്കിലും മാനിക്കണമായിരുന്നുവെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു.

റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ പഞ്ചായത്ത് പണിയുന്ന കെട്ടിടത്തിന് സ്‌റ്റോപ്പ് മെമ്മോ നല്‍കിയതിനാണ് സബ് കലക്ടറെ അധിക്ഷേപിച്ച് എസ് രാജേന്ദ്രന്‍ എംഎല്‍എ രംഗത്തെത്തിയത്. ദേവികുളം സബ്കലക്ടര്‍ രേണുരാജിനെയാണ് പൊതുജനമധ്യത്തില്‍ വെച്ച് എംഎല്‍എ ആക്ഷേപിച്ചത്. കലക്ടര്‍ക്ക് ബുദ്ധിയും ബോധവുമില്ലെന്നാണ് കെട്ടിടം പണി തടയാനെത്തിയ റവന്യൂ ഉദ്യോഗസ്ഥരോടാണ് എംഎല്‍എ പറഞ്ഞത്. 

' ചുമ്മാ ബുദ്ധിയും ബോധവുമില്ലാത്തതിനെയെല്ലാം ഇങ്ങോട്ട് വിടും. അവള് വന്നവള്‍ക്ക് ബുദ്ധിയില്ലെന്ന് പറഞ്ഞ്, ഒരു ഐഎഎസ് കിട്ടിയെന്ന് പറഞ്ഞ്, അവള് ഇതെല്ലാം വായിച്ച് പഠിക്കണ്ടേ '. പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലത്ത് നിര്‍മ്മാണം നടത്തുന്നതിന്റെ ഉത്തരവാദിത്വം പഞ്ചായത്തിനാണെന്നും ബോധമില്ലാത്ത സബ് കലക്ടര്‍ കാര്യങ്ങള്‍ പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന് സമീപത്ത് നിര്‍മ്മിക്കുന്ന കെട്ടിടത്തിനാണ് എന്‍ഒസി ഇല്ലെന്ന കാരണത്താല്‍ റവന്യൂ വകുപ്പ് സ്‌റ്റോപ് മെമ്മോ നല്‍കിയത്. കെഡിഎച്ച് കമ്പനി പഞ്ചായത്തിന് വിട്ടു നല്‍കിയ സ്ഥലത്താണ് ഒരു കോടിയോളം രൂപ മുതല്‍ മുടക്കി പഞ്ചായത്ത് വനിതാ വ്യാവസായ കേന്ദ്രം പണി കഴിപ്പിക്കുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ച കാലം മുതല്‍ മുതിരപുഴയാറിന്റ തീരം കയ്യേറിയാണ് നിര്‍മ്മാണം നടത്തുന്നതെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവര്‍ത്തകരടക്കം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നിലവില്‍ റവന്യൂ വകുപ്പ് അന്വേഷണം നടത്തി, എന്‍ഒസി വാങ്ങാതെയാണ് കെട്ടിടം നിര്‍മ്മിക്കുന്നതെന്ന് കണ്ടെത്തിയത്. 

ഇതേ തുടര്‍ന്ന് കെട്ടിട നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ദേവികുളം സബ് കലക്ടര്‍ രേണുരാജ് ഉത്തരവിട്ടു. എന്നാല്‍ സ്‌റ്റോപ് മെമ്മോ നല്‍കിയിട്ടും നിര്‍മ്മാണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.  തുടര്‍ന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ അടക്കമുള്ള ജനപ്രതിനിധികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായിയെത്തിയതോടെ നിര്‍മ്മാണം തടയാന്‍ കഴിയാതെ റവന്യൂ ഉദ്യോഗസ്ഥരും മടങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു