കേരളം

കൊട്ടാരത്തില്‍ എല്ലാവരും മലയാളികളെന്ന് ദുബായ് ഭരണാധികാരി: മുഖ്യമന്ത്രിക്ക് ഊഷ്മള സ്വീകരണം, ശൈഖ് മുഹമ്മദ് കേരളം സന്ദര്‍ശിക്കും

സമകാലിക മലയാളം ഡെസ്ക്

ദുബായ്: മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി. ദുബായിലെത്തിയാണ് മുഖ്യമന്ത്രി ശൈഖിനോട് ചര്‍ച്ച നടത്തിയത്. ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി ശൈഖിനെ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. 

വെള്ളിയാഴ്ച രാത്രി ശൈഖ് മുഹമ്മദിന്റെ ദുബായിലെ സാബില്‍ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. യുഎഇയിലെ മലയാളികള്‍ക്ക് നല്‍കുന്ന സ്‌നേഹത്തിന് മുഖ്യമന്ത്രി നന്ദി പറഞ്ഞു. മുഖ്യമന്ത്രിയുടെ ക്ഷണം സ്വീകരിച്ച ശൈഖ് മുഹമ്മദ് താമസിയാതെ കേരളം സന്ദര്‍ശിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. കേരളവും യുഎഇയും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചു. 

ഇതിനിടെ യുഎഇയില്‍ എല്ലായിടത്തുമായി ആയിരക്കണക്കിന് മലയാളികളുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ തന്റെ കൊട്ടാരത്തില്‍ എല്ലാവരും മലയാളികളാണെന്നായിരുന്നു ശൈഖ് മുഹമ്മദിന്റെ മറുപടി.

കൂടിക്കാഴ്ചയില്‍ ഉഭയകക്ഷിബന്ധം വര്‍ധിപ്പിക്കുന്നതുസംബന്ധിച്ച് ചര്‍ച്ച നടത്തിയതായി ശൈഖ് മുഹമ്മദ് പിന്നീട് ട്വിറ്ററില്‍ കുറിച്ചു. ആദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തുന്നത്. അരമണിക്കൂറിലേറെ കൂടിക്കാഴ്ച നീണ്ടുനിന്നു. തന്റെ ആത്മകഥാംശമുള്ള പുതിയ കൃതിയായ 'മൈസ്‌റ്റോറി' എന്ന പുസ്തകവും ശൈഖ് മുഹമ്മദ് മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. 

ഇന്ത്യന്‍ അംബാസഡര്‍ നവദീപ് സിങ് സൂരി, ചീഫ് സെക്രട്ടറി ടോം ജോസ്, നോര്‍ക്ക വൈസ് ചെയര്‍മാന്‍ എംഎ യൂസഫലി, നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. യുഎഇ മന്ത്രി റീം അല്‍ ഹാഷ്മിയും ചര്‍ച്ചയില്‍ സംബന്ധിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി