കേരളം

ഹര്‍ത്താലില്‍ പരക്കെ സംഘര്‍ഷം; ബസുകളുടെ ചില്ല് തകര്‍ത്തു, ഗതാഗതം തടസ്സപ്പെട്ടു, വ്യാപക അറസ്റ്റ്, കരുതല്‍ തടങ്കല്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്ത് പരക്കെ സംഘര്‍ഷം. സംസ്ഥാന വ്യാപകമായി വാഹനങ്ങള്‍ തടഞ്ഞു.  കൊച്ചി കെപിസിസി ജംഗ്ഷനില്‍ സ്വകാര്യബസുകളുടെ ചില്ലുകള്‍ തകര്‍ത്ത ആറു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. ഇടുക്കിയില്‍ 26 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കി. കല്ലേറിനെ തുടര്‍ന്ന് തിരുവനന്തപുരം തമ്പാനൂരില്‍ നിന്നുളള കെഎസ്ആര്‍ടിസി ബസുകളുടെ സര്‍വീസ് നിര്‍ത്തിവെച്ചു.

വടകരയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പുലര്‍ച്ചെ ആറ് മണിക്കാണ് ഹര്‍ത്താല്‍ ആരംഭിച്ചത്. പലയിടങ്ങളിലും സ്വകാര്യബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചിട്ടുണ്ട്.

കോഴിക്കോട് കുന്ദമംഗലത്തും പന്തീര്‍പാടത്തും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ബാലുശ്ശേരി, വടകര, നാദാപുരം എന്നിവിടങ്ങളില്‍ പ്രതിഷേധക്കാര്‍  വാഹനങ്ങള്‍ തടഞ്ഞു. കാസര്‍കോട് നഗരത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ലാത്തി വീശിയിരുന്നു.

പാലക്കാട് വാളയാറില്‍ കെഎസ്ആര്‍ടിസി ബസിന് നേരെയും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെയും ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. ഹര്‍ത്താലുമായി സഹകരിക്കരുതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. എറണാകുളം ജില്ലയില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

തിരുവനന്തപുരം ആറ്റിങ്ങലില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ അഞ്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.കിളിമാനൂരില്‍ കടകള്‍ നിര്‍ബന്ധിതമായി അടപ്പിച്ചു. സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞാല്‍ കര്‍ശന നിയമനടപടിയുണ്ടാകുമെന്ന് ഡിജിപി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി