കേരളം

ഇരട്ടക്കൊലപാതകത്തില്‍ ഉദുമ എംഎല്‍എയുടെ പങ്കും അന്വേഷിക്കണം; ഒരു ലോക്കല്‍ പീതാംബരനിലേക്ക് അന്വേഷണം ഒതുക്കരുതെന്ന് വിടി ബല്‍റാം

സമകാലിക മലയാളം ഡെസ്ക്


കാസര്‍കോട് ഇരട്ടക്കൊലപാതക കേസില്‍ അന്വേഷണം തുടക്കം മുതല്‍ അട്ടിമറിക്കാനുള്ള  ശ്രമങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്നതെന്ന് വിടി ബല്‍റാം എംഎല്‍എ. കൊലപാതകത്തിന് ദിവസങ്ങള്‍ മാത്രം മുന്‍പ് സ്ഥലത്ത് വന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരിട്ട് ഭീഷണിപ്പെടുത്തിയ ഉദുമ എംഎല്‍എ കുഞ്ഞിരാമന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ കൃത്യമായ അന്വേഷണം വേണമെന്നും ബല്‍റാം ഫെയ്‌സ്ബുക്കിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത റോബോ പൊലീസിന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് ബല്‍റാം കുറിപ്പെഴുതിയിരിക്കുന്നത്. 

ഇതുപോലുള്ള പാവകളിയല്ല സംസ്ഥാന പൊലീസില്‍ ആദ്യം വേണ്ടത്, നിഷ്പക്ഷമായും നീതിപൂര്‍വ്വകമായും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമാണ്. കാസര്‍ക്കോട് കൊലപാതകങ്ങളുടെ അന്വേഷണം തുടക്കത്തില്‍ത്തന്നെ അട്ടിമറിക്കാനുള്ള ശ്രമമാണ് പിണറായി വിജയന്റെ നേതൃത്ത്വത്തില്‍ നടക്കുന്നത്. ഒരു ലോക്കല്‍ പീതാംബരനിലേക്ക് അന്വേഷണം ഒതുക്കാനുള്ള നീക്കമാണ് ഇപ്പോഴത്തേത്. പാര്‍ട്ടി പറയാതെ അയാള്‍ ഒന്നും ചെയ്യില്ലെന്നാണ് പീതാംബരന്റെ കുടുംബം പറയുന്നത്. കൊലപാതകത്തിന് ദിവസങ്ങള്‍ മാത്രം മുന്‍പ് സ്ഥലത്ത് വന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരിട്ട് ഭീഷണിപ്പെടുത്തിയ ഉദുമ എംഎല്‍എ കുഞ്ഞിരാമന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ക്കെതിരെ കൃത്യമായ അന്വേഷണം വേണം-അദ്ദേഹം കുറിച്ചു. 

കൊലപാതക ദിവസം 15000 ലേറെപ്പേര്‍ പങ്കെടുത്ത പെരുങ്കളിയാട്ട സംഘാടക സമിതി യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന എംഎല്‍എ കുഞ്ഞിരാമന്‍ എന്തുകൊണ്ടാണ് അവസാന നിമിഷം പിന്‍വാങ്ങിയതെന്ന് കൂടി അന്വേഷിക്കപ്പെടണം. ഇദ്ദേഹത്തിന്റെ വീടിന്റെ പരിസരത്തു നിന്ന് കണ്ടെത്തിയ ജീപ്പ് ഉപയോഗിച്ചിരുന്ന സിപിഎം പ്രവര്‍ത്തകനായ സജിയെ പൊലീസ് അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ തടസ്സം നിന്ന് മോചിപ്പിച്ചത് ആരാണ് എന്നും വ്യക്തമാവേണ്ടതുണ്ട്. ജീപ്പ് കസ്റ്റഡിയിലെടുക്കാതെ തെളിവ് നശിപ്പിക്കാന്‍ പൊലീസ് അവസരം നല്‍കുകയാണ്.മലയാളികള്‍ മുഴുവന്‍ കഞ്ചാവടിച്ച് ഇരിക്കുകയാണെന്ന് പിണറായി വിജയന്റെ പൊലീസ് തെറ്റിദ്ധരിച്ച് കളയരുത്. കൊന്നവര്‍ മാത്രമല്ല, കൊല്ലിച്ചവരും നിയമത്തിന് മുന്നില്‍ വന്നേ പറ്റൂ-അദ്ദേഹം പറഞ്ഞു.

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി

'തെറ്റിദ്ധരിപ്പിക്കുന്ന പരസ്യമാണോ, അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഉത്തരവാദിത്വം'- സുപ്രീം കോടതി

മുഖ്യമന്ത്രിയുടെ വിദേശ യാത്ര; നാളത്തെ മന്ത്രിസഭാ ​യോ​ഗം മാറ്റിവെച്ചു

കുന്നംകുളത്ത് ബസും ബൈക്കും കൂടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം