കേരളം

ലാവലിന്‍ കേസില്‍ അന്തിമവാദം ഏപ്രിലില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : എസ്എന്‍സി ലാവലിന്‍ കേസില്‍ അന്തിമ വാദം ഏപ്രിലില്‍. ഏപ്രില്‍ ആദ്യവാരമോ രണ്ടാം വാരമോ കേസില്‍ അന്തിമവാദം കേള്‍ക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. കേസില്‍ എപ്പോള്‍ വേണമെങ്കിലും വാദം കേള്‍ക്കാന്‍ തയ്യാറാണെന്ന് കോടതി അറിയിച്ചു. ഹോളി അവധിക്ക് ശേഷം കേസില്‍ വാദം കേള്‍ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിഭാഷകന്‍ അറിയിക്കുകയായിരുന്നു. 

ജസ്റ്റിസ് എന്‍ വി രമണ, മോഹന ശാന്തന ഗൗഡര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ലാവലിന്‍ അഴിമതി കേസില്‍ നിന്നും പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തനാക്കിയ ഹൈക്കടതി വിധിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പിലും, വിചാരണ നേരിടണമെന്ന കോടതി ഉത്തരവിനെതിരെ കെഎസ്ഇബി ഉദ്യോഗസ്ഥരും സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതിക്ക് മുന്നിലുള്ളത്. 

കേസില്‍ പെട്ടെന്ന് വാദം പൂര്‍ത്തിയാക്കാനാവില്ലെന്ന് സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ ചൂണ്ടിക്കാട്ടി. സിബിഐക്ക് കേസില്‍ പെട്ടെന്ന് വാദം നടത്തേണ്ട കാര്യമില്ലായെങ്കില്‍, കേസ് മാറ്റിവെക്കാന്‍ ആവശ്യപ്പെടാമെന്ന് സിബിഐയുടെ അഭിഭാഷകനോട് ജസ്റ്റിസ് രമണ വ്യക്തമാക്കി. തുടര്‍ന്നാണ് ഏപ്രിലില്‍ അന്തിമവാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചത്.

കേസില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥരായ ആര്‍ ശിവദാസന്‍, കസ്തൂരി രംഗ അയ്യര്‍, രാജഗോപാല്‍, എന്നിവര്‍ കൂടുതല്‍ സമയം തേടിയിരുന്നു. ഇതേത്തുടര്‍ന്നാണ് കഴിഞ്ഞ തവണ കേസ് മാറ്റിവെച്ചത്. എന്നാല്‍ ഇവര്‍ ഇതുവരെ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല.

 2017 ആഗസ്റ്റ് 23നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി മോഹന ചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. എന്നാല്‍ ലാവ്‌ലിന്‍ അഴിമതിയില്‍ പിണറായിക്കെതിരെ കൂടുതല്‍ തെളിവുകള്‍ നിലനില്‍ക്കുന്നുണ്ടെന്നും, പിണറായി അറിയാതെ ലാവ്‌ലിന്‍ ഇടപാട് നടക്കില്ലെന്നുമാണ് സി.ബി.ഐയുടെ വാദം. 

കേസില്‍ തങ്ങളെ മാത്രം വിചാരണയ്ക്ക് വിധിച്ച നടപടി വിവേചനപരമാണെന്നാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നിലപാട്.  ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയന്‍ കമ്പനിയായ ലാവലിനുമായി കരാര്‍ ഒപ്പിട്ടതില്‍ ക്രമക്കേടുകളുണ്ടെന്നായിരുന്നു ആരോപണം. കരാര്‍ ലാവലിന് നല്‍കുന്നതില്‍ പ്രത്യേക താത്പര്യം അന്തിമ തീരുമാനം കൈക്കൊണ്ട പിണറായി കാണിച്ചുവെന്നും ഇത് വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് കേസിലെ പ്രധാന ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''

ബസ് ഓടിച്ചത് യദു തന്നെ; ഇപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മ തിരിച്ചു കിട്ടിക്കാണുമെന്ന് റോഷ്ന

ദിവസേന 40 ടെസ്റ്റുകള്‍, പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ സമയം അനുവദിച്ചു, ഉത്തരവിറക്കി ഗതാഗതവകുപ്പ്