കേരളം

കമ്മിറ്റിക്കാര്‍ തമ്മില്‍ അടിപിടി, പൊലീസ് ലാത്തി വീശി; ആളുകളുടെ ഓട്ടം കണ്ട് ആനകള്‍ വിരണ്ടോടി; നിരവധി പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍; അരുവായി ചിറവരമ്പത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൂരത്തിന്റെ കൂട്ടിയെഴുന്നള്ളിപ്പിനിടെ ആനകള്‍ ഇടഞ്ഞ് ഓടി. കമ്മിറ്റിക്കാര്‍ തമ്മിലുള്ള അടിപിടിയാണ് ആനയോട്ടത്തില്‍ കലാശിച്ചത്. അമ്പതോളം ആനകളെ അണിനിരത്തിയുള്ള കൂട്ടിയെഴുന്നള്ളിപ്പാണ് അലങ്കോലപ്പെട്ടത്. അവസാനം ദേവസ്വം തിടമ്പേറ്റിയ കൊമ്പന്‍ പട്ടാമ്പി മണികണ്ഠനെ നടപ്പുരയില്‍ എഴുന്നള്ളിച്ച് ചടങ്ങുകള്‍ നടത്തുകയായിരുന്നു. ഇടഞ്ഞ ആനകളെ വേഗത്തില്‍ തളയ്ക്കാന്‍ കഴിഞ്ഞതിനാല്‍ വന്‍ അപകടം ഒഴിവായി. തിക്കിലും തിരക്കിലും പെട്ട് ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ദേശക്കമ്മിറ്റികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. പ്രാദേശിക കമ്മിറ്റികളുടെ ആഘോഷങ്ങള്‍ എത്തി ചേര്‍ന്ന് ദേവസ്വം പൂരം പുറത്തേക്ക് എഴുന്നള്ളിച്ച് കൂട്ടിയെഴുന്നള്ളിപ്പിന് അണിനിരക്കുന്നതിന് ഇടയിലാണ് അടിപിടിയുണ്ടാകുന്നത്. പൊലീസ് ലാത്തിവീശിയതോടെ അടിപിടിയുണ്ടാക്കിയവരും പൂരം കാണാന്‍ എത്തിയവരും ചിതറിയോടുകയായിരുന്നു. ആളുകള്‍ ഓടി ആനകള്‍ക്ക് സമീപമെത്തിയതോടെ കൊമ്പന്‍ നന്തിലത്ത് ഗോപാലകൃഷ്ണന്‍ പിന്നിലേക്ക് തിരിഞ്ഞു. പാപ്പാന്‍മാര്‍ ആനയെ പിന്തുടര്‍ന്ന് നിയന്ത്രിച്ചു. 

തുടര്‍ന്ന് തണ്ണിമത്തനും പഴവും നല്‍കിയ ശേഷം ആനയെ കൂട്ടിയെഴുന്നള്ളിപ്പിന് അണിനിരത്താനായി തിരിച്ചതോടെ ആന മുന്നോട്ടോടി. കൂട്ടിയെഴുന്നള്ളിപ്പിന് അണിനിരന്ന ആനകള്‍ക്ക് സമീപത്തേക്ക് കൊമ്പന്‍ ഗോപാലകൃഷ്ണന്‍ പാഞ്ഞടുത്തതോടെ പൂരത്തിന് എത്തിയ അന്‍പതോളം ആനകളും തിരിഞ്ഞു. കൊമ്പന്‍ ഗോപാലകൃഷ്ണനെ നിയന്ത്രിച്ചെങ്കിലും മറ്റ് ആനകള്‍ പല ഭാഗത്തേക്കും തിരിഞ്ഞു. പാപ്പാന്‍മാര്‍ ആനകളെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും കൊമ്പന്‍ ചിറയ്ക്കല്‍ പരമേശ്വരനെ നിയന്ത്രിക്കാനായില്ല. 

മുന്നിലേക്ക് കുതിച്ച ആന പൂരപ്പറമ്പിലെ തണ്ണിമത്തന്‍ വില്‍പനക്കെത്തിയ ഓട്ടോറിക്ഷ കുത്തിമറിച്ചിട്ടു. തുടര്‍ന്ന് സമീപത്തെ ഇടവഴിയിലൂടെ മുന്നോട്ട് നീങ്ങിയ ആനയെ അരുവായി റോഡില്‍ വടമെറിഞ്ഞ് തളച്ചു. ഏറെ നേരം വടം പൊട്ടിക്കാനും പാപ്പാന്‍മാരെ ആക്രമിക്കാനും തുനിഞ്ഞ ആന പിന്നീട് ശാന്തനായി. ആനപ്പുറത്തുണ്ടായ യുവാവിനെ അരമണിക്കൂറോളം കഴിഞ്ഞാണ് താഴെ ഇറക്കാനായത്. 

പലആനകള്‍ക്കും കൂച്ചുവിലങ്ങിടാത്തതിനാല്‍ അതിവേഗത്തില്‍ മുന്നോട്ടോടാന്‍ ആനകള്‍ക്ക് കഴിഞ്ഞു. എലഫന്റ് സ്‌ക്വാഡും പാപ്പാന്മാരും ചേര്‍ന്ന് ആനകളെ തളച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം

പ്രതിഷേധങ്ങള്‍ക്ക് താല്‍ക്കാലം വിട; സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് നാളെ മുതൽ പുനരാരംഭിക്കും