കേരളം

വോട്ടവകാശം നേടാൻ ആറു ലക്ഷത്തോളം പേര്‍, കന്നിവോട്ടർമാർ നാലര ലക്ഷത്തിലേറെ;  അന്തിമവോട്ടർ പട്ടിക ജനുവരി 15 ന് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടര്‍പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നത് ആറു ലക്ഷത്തോളം പേര്‍. നാലര ലക്ഷത്തിലേറെ കന്നിവോട്ടര്‍മാരും ഒരു ലക്ഷത്തിനടുത്ത് പ്രവാസികളുമാണ് വോട്ടര്‍പട്ടികയില്‍ പുതിയതായി പേര് ചേര്‍ക്കുന്നതിനുള്ള അപേക്ഷ നല്‍കിയത്. സംസ്ഥാനത്തെ അന്തിമവോട്ടർ പട്ടിക ഈ മാസം 15-ാം തിയതിയോടെ പ്രസിദ്ധീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ അറിയിച്ചു. 

നവംബർ 16 വരെയായിരുന്നു വോട്ടർപട്ടികയിൽ പേര് ചേർക്കാൻ സമയം അനുവദിച്ചിരുന്നത്. ഏകദേശം ആറുലക്ഷത്തോളം പേരാണ് അപേക്ഷ സമർപ്പിച്ചത്. ഇവരിൽ 4,74,787 പേർ യുവാക്കളാണ്. 77,000 പ്രവാസികളും പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിച്ചിട്ടുണ്ട്.

ഡിസംബർ 25 ഓടെ ബൂത്ത്തല വെരിഫിക്കേഷൻ പ്രക്രിയകൾ പൂർത്തിയാക്കിയിരുന്നു. വിവിധ ജില്ലകളിൽനിന്ന് ക്രോഡീകരിച്ചെത്തിയ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് അയക്കാനുള്ള നടപടികളാണ് ഇപ്പോൾ പുരോ​ഗമിക്കുന്നത്. കമ്മീഷന്റെ അംഗീകാരം ലഭിച്ചാൽ ജനുവരി 15 ഓടെ അന്തിമപട്ടിക പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പുകളും പൂർത്തിയായിക്കഴിഞ്ഞു. 

പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിച്ച അർഹരായ എല്ലാവർക്കും അതിനുള്ള അവസരം ലഭ്യമാക്കാനുള്ള നടപടികളാണ് കൈക്കൊള്ളുന്നതെന്ന് ടീക്കാറാം പറഞ്ഞു.  നവംബർ 16ന് ശേഷവും നിരവധി അപേക്ഷകൾ ലഭിക്കുന്നുണ്ട്. 1,10,000 ഓളം അപേക്ഷകൾ ഇത്തരത്തിൽ ഉള്ളതായാണ് കണക്കുകൾ. ഇവ എത്രയും വേഗം സമയബന്ധിതമായി തീർപ്പാക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരായ ജില്ലാ കളക്ടർമാർക്ക് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ നിർദേശം നൽകി. ഇതിനായി ബി.എൽ.ഒമാരെ സഹായിക്കാൻ ബൂത്ത് ലെവൽ അസിസ്റ്റൻറ്‌സിനെ നിയോഗിക്കാൻ രാഷ്ട്രീയകക്ഷികളോട് അഭ്യർഥിച്ചിട്ടുണ്ട്. 

ഈ അപേക്ഷകൾ തീർപ്പാക്കിയാൽ പിന്നീട് അനുബന്ധപട്ടികയായി പ്രസിദ്ധീകരിക്കും. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളോ പരാതികളോ ഉള്ളവർ അതത് കളക്ടറേറ്റുകളിൽ പ്രവർത്തിക്കുന്ന ജില്ലാതല വോട്ടർ സഹായ ഡെസ്‌കുകളിൽ ബന്ധപ്പെടണം. താലൂക്ക് ഓഫീസുകളിലും വോട്ടർമാർക്ക് സഹായത്തിന് പ്രത്യേക ഡെസ്‌കുണ്ട്. കൂടാതെ, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തിൽ 1950 എന്ന നമ്പരിൽ സംസ്ഥാനതല ടോൾ ഫ്രീ കോൾ സെന്റർ പ്രവർത്തിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍