കേരളം

ശബരിമലയിലെ യുവതി പ്രവേശത്തില്‍ വേദനിക്കുന്നു; നിരാശജനകം; വിശ്വാസികള്‍ക്കൊപ്പമെന്ന് വെള്ളാപ്പള്ളി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ശബരിമലയിലെ യുവതി പ്രവേശത്തില്‍ നിരാശയും വേദനയും ഉണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യുവതി പ്രവേശനവിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ശബരിമല വിശ്വാസികള്‍ക്കുള്ളതാണ്. ആക്ടിവിസ്റ്റുകള്‍ക്കുള്ളതല്ല. പിന്‍വാതിലിലൂടെ യുവതികളെ പ്രവേശിപ്പിച്ചത് നിരാശജനകമാണ്. എസ്എന്‍ഡിപി യോഗം വിശ്വാസികള്‍ക്കൊപ്പമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. യുവതി പ്രവേശനത്തിന് പിന്നാലെ പ്രതികരണമാരാഞ്ഞ് സമീപിച്ചെങ്കിലും പ്രതികരിക്കാന്‍ വെള്ളാപ്പള്ളി തയ്യാറായില്ല. ഇതിന് പിന്നാലെയാണ് വൈകിയ വേളയില്‍ അദ്ദേഹത്തിന്റെ പ്രതികരണം.

ശബരിമലയിലെ യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പുതുവര്‍ഷ ദിനത്തില്‍ നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ മതിലിലിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു വെള്ളാപ്പള്ളി. 
 
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെയാണ്  കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദുവും മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇരുവരും അതീവ രഹസ്യമായാണ് പൊലീസ് സുരക്ഷയില്‍ ശബരിമലയിലെത്തിയത്. 

പുലര്‍ച്ചെ 3.48നാണ് സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യമായി യുവതികള്‍ സന്നിധാനത്തെത്തി ദര്‍ശനം നേടിയത്. അധികമാരും അറിയും മുന്‍പ് സുരക്ഷിതമായി മലയിറങ്ങുകയും ചെയ്തു. 24ന് പൊലീസ് സുരക്ഷയില്‍ ദര്‍ശനത്തിന് ശ്രമിച്ച് എതിര്‍പ്പ് മൂലം പിന്‍മാറേണ്ടി വന്നവരാണ് കനകദുര്‍ഗയും ബിന്ദുവും. ഇത്തവണത്തെ നീക്കങ്ങള്‍ അതീവരഹസ്യമായായിരുന്നു.

ഇന്നലെ വൈകിട്ട് എറണാകുളത്ത് നിന്ന് യാത്ര പുറപ്പെട്ട് രാത്രി 12 മണിയോടെ പമ്പയിലെത്തി. നാല് പുരുഷന്‍മാരടക്കം ആറ് പേര്‍ സംഘത്തിലുണ്ടായിരുന്നു. പമ്പയിലെ പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് യാത്രയുടെ കാര്യം അറിയിച്ചു. പ്രതിഷേധമടക്കമുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പൊലീസ് വിശദീകരിച്ചു. സ്വന്തം നിലയില്‍ മലകയറിക്കോളാമെന്ന് ഇരുവരും നിലപാടെടുത്തതോടെ പൊലീസ് തടഞ്ഞില്ല. ഒരു മണിയോടെ സാധാരണ തീര്‍ത്ഥാടകരെ പോലെ ഇരുവരും മലകയറിത്തുടങ്ങി. കാക്കിവേഷം ഉപേക്ഷിച്ച്, യുവതികളില്‍ നിന്ന് അല്‍പം അകന്ന് സുരക്ഷയൊരുക്കി ആറ് പൊലീസും പിന്തുടര്‍ന്നു. വലിയനടപ്പന്തലിലെ ക്യൂ നില്‍ക്കാതെ പതിനെട്ടാംപടി ചവിട്ടാതെ വടക്കേനട വഴി സന്നിധാനത്തെത്തി. കൊടിമരത്തിന് മുന്നിലൂടെ നേരെ ശ്രീകോവിലിലേക്ക് പൊലീസ് വഴിയൊരുക്കി. പത്ത് മിനിറ്റിനകം തൊഴുത് മടങ്ങുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്