കേരളം

ശബരിമല വീണ്ടും സുപ്രിം കോടതിയില്‍; തന്ത്രിക്കെതിരായ കോടതിയലക്ഷ്യക്കേസ് അടിയന്തരമായി പരിഗണിക്കില്ല

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച സുപ്രിം കോടതി വിധി നടപ്പാക്കുന്നതിനു തടസം നിന്നെന്ന് ആരോപിച്ച് തന്ത്രി കണ്ഠര് രാജീവര് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി അടിയന്തരമായി പരിഗണിക്കില്ലെന്ന് സുപ്രിം കോടതി. ഇന്നു രാവിലെ ചീഫ് ജസ്റ്റിസ് കോടതിയില്‍ ഹര്‍ജിക്കാര്‍ ഇക്കാര്യം ആവശ്യപ്പെട്ടെങ്കിലും കേസ് അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് കോടതി അറിയിച്ചു. 

അഭിഭാഷകരായ ഗീനാകുമാരി, എംവി വര്‍ഷ എന്നിവരാണ് തന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിട്ടുള്ളത്. ഇന്നലെ യുവതീ പ്രവേശനത്തിനു പിന്നാലെ ക്ഷേത്രത്തില്‍ ശുദ്ധികര്‍മങ്ങള്‍ നടത്തിയ പശ്ചാത്തലത്തിലാണ് കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ഇന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ പിവി ദിനേശ് ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച പത്രവാര്‍ത്തകള്‍ കോടതിക്കു കൈമാറിയിരുന്നു. എന്നാല്‍ ശബരിമല കേസ് പരിഗണിക്കുന്ന 22ന് ഈ കേസും കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

യുവതികള്‍ കയറിയാല്‍ നട അടയ്ക്കുമെന്ന് നേരത്തെ തന്ത്രി വ്യക്തമാക്കിയിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് തന്ത്രിക്കെതിരെ കോടതിയലക്ഷ്യക്കേസ് നല്‍കിയത്. വിധി നടപ്പാക്കുന്നതിനെതിരെ നിലപാടെടുത്ത അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളും കേസില്‍ പ്രതിസ്ഥാനത്തുണ്ട്. 

തന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിക്ക് നേരത്തെ സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചിരുന്നു. അറ്റോര്‍ണി ജനറലിന് അനുമതിക്കായി നല്‍കിയ ഹര്‍ജി അദ്ദേഹം സോളിസിറ്റര്‍ ജനറലിന്റെ പരിഗണനയ്ക്കു വിടുകയായിരുന്നു. സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചതിനെത്തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ നേരിട്ടു സുപ്രിം കോടതിയെ സമീപിച്ചത്. തന്ത്രിക്കും അഡ്വ. പിഎസ് ശ്രീധരന്‍ പിള്ളയ്ക്കും പുറമെ പന്തളം കൊട്ടാര പ്രതിനിധി രാമരാജ വര്‍മ, പത്തനംതിട്ടയിലെ ബിജെപി നേതാവ് മുരളീധരന്‍ ഉണ്ണിത്താന്‍ എന്നിവരെയും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി