കേരളം

ബസുകള്‍, ഓട്ടോ-ടാക്‌സി ഓടില്ല, പെട്രോള്‍ പമ്പുകള്‍ തുറക്കില്ല; ട്രെയിനുകള്‍ തടസപ്പെടും, ആശുപത്രികള്‍ പ്രവര്‍ത്തിക്കും, കടകള്‍ തുറക്കുമെന്ന് വ്യാപാരികള്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തൊഴിലാളി വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ നാളെയും മറ്റന്നാളും ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ദേശീയ പണിമുടക്ക് ഹര്‍ത്താലാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ട്രേഡ് യൂണിയന്‍ നേതൃത്വം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍  സ്വകാര്യവാഹനങ്ങള്‍ക്ക് റോഡിലിറങ്ങാന്‍ പ്രയാസമുണ്ടാകില്ല. അതേസമയം  കെഎസ്ആര്‍ടിസി, സ്വകാര്യബസ് ജീവനക്കാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ പൊതുഗതാഗതം നിശ്ചലമാകും. ഇത് സാധാരണക്കാരെ സാരമായി ബാധിക്കും. അതേസമയം കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. ചില സര്‍വീസ് സംഘടനകള്‍ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയതിനാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ ഭാഗികമായി പ്രവര്‍ത്തിക്കാനും സാധ്യതയുണ്ട്. 

റെയില്‍വേ സ്റ്റേഷനുകളില്‍ പിക്കറ്റിങ് നടത്തുമെന്ന് ആഹ്വാനം ചെയ്തിരിക്കുന്നതിനാല്‍ ട്രെയിനുകള്‍ വൈകാന്‍ സാധ്യതയുണ്ട്. ഇത് ബദല്‍മാര്‍ഗമെന്ന നിലയില്‍ ട്രെയിനിനെ ആശ്രയിക്കാമെന്ന് വിചാരിക്കുന്നവര്‍ക്കും തടസം സൃഷ്ടിക്കും. ഓട്ടോ തൊഴിലാളികളും പണിമുടക്കുന്നുണ്ട്. അതിനാല്‍ ഈ സര്‍വീസുകളും പൂര്‍ണമായി നിലയ്ക്കും. ടാക്‌സി ജീവനക്കാര്‍ പണിമുടക്കുന്നുണ്ടെങ്കിലും വിവാഹ ആവശ്യത്തിന് മാത്രം സര്‍വീസ് നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രത്യക്ഷത്തില്‍ സ്വകാര്യവാഹനങ്ങള്‍ ഉളളവര്‍ക്ക് മാത്രം നിരത്തില്‍ ഇറങ്ങാന്‍ കഴിയുകയുളളുവെന്ന് സാരം. 

ടൂറിസം മേഖലയിലെ  ഹോട്ടലുകളെയും അവിടുത്തെ  ജീവനക്കാരെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് ട്രേഡ് യൂണിയന്‍ സമിതി പ്രസിഡന്റ് എളമരം കരീം വ്യക്തമാക്കിയിട്ടുണ്ട്. അധ്യാപകര്‍ പണിമുടക്കുന്നതിനാല്‍ സ്‌കൂളുകളും തുറന്ന് പ്രവര്‍ത്തിക്കില്ല. ബാങ്ക് ജീവനക്കാരും പെട്രോള്‍ പമ്പ് ജീവനക്കാരും സമരത്തില്‍ പങ്കെടുക്കുന്നതിനാല്‍ ഈ മേഖലകള്‍ സ്തംഭിക്കും.ചെറുകിട വ്യാപാരികളും തെരുവ് കച്ചവടക്കാരും പണിമുടക്കുന്നുണ്ട്. ആശുപത്രിയിലെ ജീവനക്കാരും പാല്‍-പത്രവിതരണം എന്നീ മേഖലകളിലെ ജീവനക്കാര്‍ പണിമുടക്കിന്റെ ഭാഗമല്ല. ഹര്‍ത്താല്‍ ദിനത്തിലെ പോലെ റോഡുകളില്‍ ഇറങ്ങുന്നതിന് ജനങ്ങള്‍ക്ക് ഭീതി വേണ്ടെന്നും എന്നാല്‍ എല്ലാ തൊഴിലാളികളും പണിമുടക്കിനോട് സഹകരിക്കണമെന്നുമാണ് ട്രേഡ് യൂണിയനുകളുടെ അഭ്യര്‍ഥന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്

'അവന്‍ ഞങ്ങളുടെ മരുമകന്‍': വിരാട് കോഹ്‌ലിയെക്കുറിച്ച് ഷാരുഖ് ഖാന്‍

കൈയില്‍ 11,000 രൂപയുണ്ടോ?, പുതിയ സ്വിഫ്റ്റിന്റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു; വിശദാംശങ്ങള്‍