കേരളം

കോടതി ഉത്തരവ് പരിഗണിക്കില്ല; സമരവുമായി മുന്നോട്ടുപോകുമെന്ന് സംഘടനകള്‍: ഗതാഗത മന്ത്രിയുടെ ചര്‍ച്ച വൈകുന്നേരം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി തൊഴിലാളി സംഘടനകളുടെ പണിമുടക്ക് ഹൈക്കോടതി തടഞ്ഞതിന് പിന്നാലെ സംയുക്ത സമരസമിതിയെ ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കണമെന്നും പണിമുടക്ക് മാറ്റിവയ്ക്കണമെന്നും ഹൈക്കോടതി തൊഴിലാളി സംഘടനകളോട് ആവശ്യപ്പെട്ടതിന്റെ പശ്ചാതലത്തിലാണ് യോഗം വിളിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് ചര്‍ച്ച. 

എന്നാല്‍ കോടതി ഉത്തരവ് പരിഗണിക്കില്ലെന്നും സമരവുമായി മുന്നോട്ടുപോകുമെന്നും സംയുക്ത സമരസമിതി അറിയിച്ചു. കോടതി നിര്‍ദേശത്തിന് പിന്നാലെ യോഗം ചേര്‍ന്ന ശേഷമാണ് സമരം മുന്നോട്ടുകൊണ്ടുപോകാന്‍ സമരസിതി തീരുമാനിച്ചത്. ആര് ചര്‍ച്ചയ്ക്ക് വിളിച്ചാലും ട്രേഡ് യൂണിയന്‍ പോകും. ധിക്കാരപൂര്‍വമായ നിലപാടാണ് കെഎസ്ആര്‍ടിസി എംഡി തച്ചങ്കരി സ്വീകരിച്ചിരിക്കുന്നത്. ലേബര്‍ കമ്മിഷണറും രണ്ട് മന്ത്രിമാരും ഗതാഗതസെക്രട്ടറിയും നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയിലെ തീരുമാനം നടപ്പിലായില്ല. സര്‍ക്കാരിനെ വിശ്വസിച്ചത് തെറ്റായി. നീതിക്കായി ഇനി എവിടെ പോകണമെന്നും തൊഴിലാളി നേതാക്കള്‍ ചോദിച്ചു. അപകടത്തില്‍ മരിച്ച ജീവനക്കാരുടെ ഇന്‍ഷുറന്‍സ് തുക പോലും ലഭിക്കാത്ത തരത്തില്‍ തൊഴിലാളി വിരുദ്ധ നടപടികളാണ് കെഎസ്ആര്‍ടിസിയില്‍ നടക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

നേരത്തെ, സര്‍ക്കാര്‍ വിളിച്ചു ചേര്‍ക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കോടതി സംഘടനകളോട് നിര്‍ദേശിച്ചിരുന്നു.പണിമുടക്കിന് എതിരെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. കെഎസ്ആര്‍ടിസി തൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കാന്‍ കാര്യക്ഷമമായി ഇടപെടാതിരുന്ന എംഡി ടോമിന്‍ ജെ തച്ചങ്കരിക്ക് എതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. സമരത്തിന് ഒന്നാംതീയതി നോട്ടീസ് കിട്ടിയിട്ടും ഇന്നാണോ ചര്‍ച്ചയ്ക്ക് വിളിച്ചതെന്ന് കോടതി ചോദിച്ചു. പ്രശ്‌ന പരിഹാരത്തിന് എംഡി സ്വീകരിച്ച നിലപാട് ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു.

ഭരണ, പ്രതിപക്ഷ തൊഴിലാളികള്‍ സംയുക്തമായാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സമരം ഒഴിവാക്കാനായി തച്ചങ്കരിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് അര്‍ധരാത്രിമുതല്‍ സമരം ആരംഭിക്കാനാണ് തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചിരുന്നത്.

സിംഗിള്‍ ഡ്യൂട്ടി പരിഷ്‌കാരം, ഷെഡ്യൂളുകള്‍ വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയ നടപടികളിലൂടെയുണ്ടായ യാത്രാക്ലേശം പരിഹരിക്കുക, തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിക്കുക, പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമര സമിതി മുന്നോട്ടുവച്ചിട്ടുള്ളത്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി,  െ്രെഡവേഴ്‌സ് യൂണിയന്‍ എന്നിവയാണ് സംയുക്ത സമിതിയിലുള്ളത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2 മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചപ്പോള്‍ മന്ത്രി എ കെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് സമരസമിതി ആരോപിച്ചു. ഇതുവരെ വിഷയം ചര്‍ച്ച ചെയ്യാന്‍ മന്ത്രി തയാറായിട്ടില്ലെന്നും തൊഴിലാളി യൂണിയനുകള്‍ പരാതിപ്പെട്ടു. കനത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കോര്‍പറേഷന് പണിമുടക്ക് താങ്ങാനാവാത്തതിനാല്‍ പിന്മാറണമെന്നാണ് മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്