കേരളം

'അട്ടിമറി'ക്കാരല്ല, അവര്‍ രക്ഷകര്‍ ; ചുമട്ടു തൊഴിലാളികള്‍ക്ക് ജീവന്‍ രക്ഷാ പരിശീലനവുമായി ആരോഗ്യവകുപ്പ്‌

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ലോഡിങ് തൊഴിലാളികള്‍ക്ക് 'ജീവന്‍ രക്ഷാ പരിശീലനം' നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ആരോഗ്യവകുപ്പുമായി സഹകരിച്ച് മൂന്ന് മാസത്തെ പരിശീലന പരിപാടിയും ഇതിനായി ആവഷ്‌കരിച്ചു . സംസ്ഥാനത്തുണ്ടാകുന്ന വാഹനാപകടങ്ങളില്‍ പലപ്പോഴും രക്ഷകരായി ഓടിയെത്തുന്നതും ആശുപത്രിയില്‍ എത്തിക്കുന്നതും ചുമട്ട് തൊഴിലാളികളാണ്. ഇത് കണക്കിലെടുത്താണ് ഇവര്‍ക്ക് പ്രാഥമിക ചികിത്സയ്ക്കുള്ള പരിശീലനം നല്‍കാന്‍ തീരുമാനിച്ചതെന്ന് കേരള ഇന്‍സ്റ്റിറ്റിയൂട്ട്  ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് ചെയര്‍മാനും മുന്‍ എംഎല്‍എയുമായ വി ശിവന്‍കുട്ടി പറഞ്ഞു. 

സംസ്ഥാനത്ത് ആകെയുള്ള നാല് ലക്ഷത്തോളം ചുമട്ടു തൊഴിലാളികളില്‍ ഒരു ലക്ഷം പേരും ദേശീയപാതയോരങ്ങളിലും എം സി റോഡിലുമാണ് ഉള്ളതെന്നാണ് വകുപ്പിന്റെ കണക്ക്. അതുകൊണ്ട് തന്നെ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ ദേശീയപാതയോരത്തും എം സി റോഡിലുമുള്ള ചുമട്ടുതൊഴിലാളികളെയാണ് പരിഗണിക്കുക. പിന്നീട് മറ്റ് ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് കൂടി പരിശീലനം നല്‍കും.

പരിശീലനത്തിനായി തെരഞ്ഞെടുക്കുന്ന യൂണിറ്റുകള്‍ക്ക് പ്രാഥമിക ചികിത്സയ്ക്കുള്ള മെഡിക്കല്‍ കിറ്റുകള്‍ നല്‍കാന്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടും. ഇതിനായി എന്‍ജിഒകളുടെയും സഹായം തേടും. പൊലീസും ആംബുലന്‍സും പോലും എത്താതിരുന്ന സമയങ്ങളില്‍ പലപ്പോഴും ലോഡിങ് തൊഴിലാളികള്‍ രക്ഷകരായിട്ടുണ്ടെന്നും ചെയര്‍മാന്‍ ചൂണ്ടിക്കാട്ടുന്നു. തൊഴിലാളികളെ സംബന്ധിച്ച് ജീവന്‍രക്ഷാപ്രവര്‍ത്തനം അത്ര പുതിയ കാര്യമല്ല, എന്നാല്‍ ശാസ്ത്രീയമായ പരിശീലനം ഇക്കാര്യത്തില്‍ ലഭിക്കുന്നതോടെ പരമാവധിപ്പേരെ രക്ഷിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

 കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയാല്‍ ആയിരക്കണക്കിന് ജീവന്‍ രക്ഷിക്കാനാകുമെന്നാണ് പദ്ധതിയെ കുറിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹിയായ ഡോക്ടര്‍ സുല്‍ഫിയും പറയുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കണമെന്നും പിഴവുകളില്ലാത്ത പരിശീലനമാവണം തൊഴിലാളികള്‍ക്ക് നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

92,000 രൂപ വരുമാനമുള്ള മുഖ്യമന്ത്രിക്ക് എവിടുന്നാ കാശെന്ന് ചോദിക്കണോ?; പോയത് വിശ്രമിക്കാനെന്ന് എകെ ബാലന്‍

ജസ്റ്റിന്‍ ബീബര്‍ അച്ഛനാകുന്നു, നിറവയറുമായി ഹെയ്‌ലി: ചിത്രങ്ങള്‍ വൈറല്‍

പാലക്കാട് 67 കാരന്റെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം; ജാ​ഗ്രതാനിർദേശം നൽകി ആരോ​ഗ്യവകുപ്പ്

'സ്ത്രീകളുടെ അക്കൗണ്ടില്‍ ഓരോ ലക്ഷം രൂപ വീതം, രണ്ടു ഭാര്യമാരുണ്ടെങ്കില്‍ രണ്ടുലക്ഷം കിട്ടും'; വാഗ്ദാനവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

'നിര്‍മ്മാല്യത്തില്‍ തുടങ്ങി ശ്രീകോവില്‍ അടയ്ക്കുന്നത് വരെ, ഗുരുവായൂരിലെ ചടങ്ങുകളുടെ മനോഹര വിവരണം'; കൃഷ്ണലീല പ്രകാശനം ചെയ്തു