കേരളം

സ്ഥാനാര്‍ഥി നിര്‍ണയം: മുല്ലപ്പള്ളിയെ തള്ളി ചെന്നിത്തലയും ലീഗും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെക്കുറിച്ച് യുഡിഎഫില്‍ ധാരണയായെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെ തള്ളി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ്ലിം ലീഗും. സ്ഥാനാര്‍ഥി നിര്‍ണയം യുഡിഎഫിന്റെ ഒരു ഫോറത്തിലും ചര്‍ച്ചയായിട്ടില്ലെന്ന് മുന്നണി ചെയര്‍മാന്‍ കൂടിയായ ചെന്നിത്തല പറഞ്ഞു. കെപിസിസി പ്രസിഡന്റ് പറഞ്ഞത് ഏതു സാഹചര്യത്തില്‍ എന്ന് അറിയില്ലെന്ന് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പ്രതികരിച്ചു.

സ്ഥാനാര്‍ഥി നിര്‍ണയം ഒരു ഫോറത്തിലും ഇതുവരെ ചര്‍ച്ച ചെയ്തിട്ടില്ലെന്ന്, വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി ചെന്നിത്തല അറിയിച്ചു. ചര്‍ച്ച ചെയ്യാതെ ഇക്കാര്യത്തില്‍ പ്രതികരണം നടത്താനാവില്ല. സ്ഥാനാര്‍ഥികളെക്കുറിച്ച് ധാരണയായെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍ കെപിസിസി പ്രസിഡന്റിന് അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.

യുഡിഎഫ് ചെയര്‍മാന്‍ എന്ന പദവിയില്‍ ഇരുന്നു ഇക്കാര്യത്തില്‍ പ്രതികരിക്കാനാവില്ലെന്ന് ചെന്നിത്തല പറഞ്ഞു. ഘടകകക്ഷികളോടു ചര്‍ച്ച ചെയ്ത് എടുക്കേണ്ട തീരുമാനമാണത്. തന്റെ വ്യക്തിപരമായ അഭിപ്രായത്തിനു പ്രസക്തിയൊന്നുമില്ല. അതുകൊണ്ടുതന്നെ സ്ഥാനാര്‍ഥി നിര്‍ണയത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ല.

കൊല്ലത്ത് ആര്‍എസ്പി എന്‍കെ പ്രേമചന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത് മുന്നണി നേതാക്കളുമായി കൂടിയാലോചന നടത്തിയാണ്. പ്രേമചന്ദ്രനെ കുറെ നാളായി സിപിഎം വേട്ടയാടുകയാണ്. മോദിക്കും സംഘപരിവാറിനും എതിരെ ശക്തമായ നിലപാടെടുത്ത പ്രേമചന്ദ്രനെ ഇപ്പോള്‍ സംഘിയാക്കാനാണ് ശ്രമം- ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്നും തെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന ജയം നേടാനാവുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കാരുണ്യ ചികിത്സാ പദ്ധതി നിര്‍ത്തിയതിന് ചെന്നിത്തല സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി. പാവപ്പെട്ടവരോട് ഒരു കാരുണ്യവുമില്ലാത്ത സര്‍ക്കാരാണ് സ്ംസ്ഥാനം ഭരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ധാരണയായെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞത് ഏതു സാഹചര്യത്തിലെന്ന് അറിയില്ലെന്ന് കെപിഎ മജീദ് പ്രതികരിച്ചു. യുഡിഎഫില്‍ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല. ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താതെ ഇക്കാര്യത്തില്‍ അഭിപ്രായം പറയാനാവില്ല. ലീഗിന്റെ മൂന്നാം സീറ്റിന്റെ കാര്യത്തില്‍ അഭിപ്രായം ചര്‍ച്ചയില്‍ പറയുമെന്ന് കെപിഎ മജീദ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

'പെണ്ണായി പെറ്റ പുള്ളെ...'; ഗോപി സുന്ദറിന്റെ സംഗീതം, 'പെരുമാനി'യിലെ ആദ്യ ഗാനം പുറത്തിറങ്ങി

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി; കൊല്ലത്ത് ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു; മകനും ഗുരുതരാവസ്ഥയില്‍

'ഗുഡ് ടച്ചും ബാഡ് ടച്ചും' അറിയാം, എന്നാല്‍ 'വെര്‍ച്വല്‍ ടച്ച്?' പഠിപ്പിക്കണം: ഡല്‍ഹി ഹൈക്കോടതി

ഇനി പ്രവാസികള്‍ക്ക് ഇന്ത്യയില്‍ എളുപ്പത്തില്‍ യുപിഐ ഇടപാട് നടത്താം; പുതിയ സംവിധാനവുമായി ഐസിഐസിഐ ബാങ്ക്