കേരളം

'അച്ഛനെപ്പോലും തിരിച്ചറിയാനായില്ല, മോളേ എന്നു വിളിച്ചപ്പോള്‍ അലറിക്കരഞ്ഞു' ; വിതുര പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

കോട്ടയം : നിരന്തര പീഡനത്തെത്തുടര്‍ന്ന് സ്വന്തം പിതാവിനെപ്പോലും തിരിച്ചറിയാനാകാത്ത അവസ്ഥയിലേക്ക് മാറിയിരുന്നതായി വിതുര പീഡനക്കേസിലെ ഇരയുടെ വെളിപ്പെടുത്തല്‍. വിചാരണ വേളയില്‍ കോടതിയില്‍ നല്‍കിയ മൊഴിയിലാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. ജയിലില്‍ നിന്നും ഇറങ്ങിയപ്പോള്‍ കൂട്ടിക്കൊണ്ടുപോകാനെത്തിയ അച്ഛന്‍ മോളേ എന്നു വിളിച്ചപ്പോള്‍, ഉപദ്രവിക്കാന്‍ വന്ന ആരെങ്കിലും ആയിരിക്കുമെന്ന് കരുതി അലറിക്കരഞ്ഞതായും പെണ്‍കുട്ടി പറഞ്ഞു. 

1996 ജൂലൈ 23നാണ് പ്രതി സണ്ണിയുടെ കടവന്ത്രയിലെ വീട്ടില്‍ നിന്നും ഇരയായ പെണ്‍കുട്ടി ഉള്‍പ്പെടെ ഏതാനും സ്ത്രീകളെയും പുരുഷന്മാരെയും വ്യഭിചാരക്കുറ്റത്തിന് പൊലീസ് പിടികൂടുന്നത്. ഏഴുദിവസത്തിന് ശേഷം ജാമ്യം ലഭിച്ച് പുറത്തിറങ്ങുമ്പോഴാണ്, കൂട്ടിക്കൊണ്ടുപോകാനെത്തിയ അച്ഛനെപ്പോലും തിരിച്ചറിയാനാകാത്ത മാനസികാവസ്ഥയിലെത്തിയതെന്ന് പെണ്‍കുട്ടി പറയുന്നു. 

ഒന്നാം പ്രതി സുരേഷിന്റെ തടങ്കലില്‍ നിന്നും ജയിലിലെത്തിയശേഷമാണ് ഒരു സ്ത്രീയെയെങ്കിലും കാണാന്‍ കഴിഞ്ഞത്. ഒരു വര്‍ഷം പുറംലോകവുമായി ബന്ധമില്ലാതെ കൊടിയ പീഡനമാണ് അനുഭവിച്ചത്. ഒന്നാംപ്രതി സുരേഷാണ് പലസ്ഥലത്തും മുറിയില്‍ പൂട്ടിയിട്ട് പീഡനത്തിന് ഇരയാക്കുകയും മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കുകയും ചെയ്തത്. അടച്ചിട്ട മുറികളില്‍ ഒട്ടേറെപ്പേര്‍ മാറിമാറി പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. 

1995 ഒക്ടോബര്‍ 21 മുതല്‍ 1996 ജൂലൈ 10 വരെ നേരിട്ട കൊടുംപീഡനത്തിന്റെയും ശാരീരിക ഉപദ്രവത്തിന്റെയും അനുഭവങ്ങളാണ് പെണ്‍കുട്ടി കോടതിയെ അറിയിച്ചത്. ശരീരത്തിനേറ്റ മുറിവ് ഉണങ്ങിയെങ്കിലും മനസ്സിനേറ്റ മുറിവ് ഉണങ്ങിയിട്ടില്ല. പഴയ കാര്യങ്ങള്‍ മനസ്സില്‍ കിടക്കുന്നതിനാല്‍ ഇപ്പോഴത്തെ കുടുംബജീവിതം പോലും സുഖകരമാകുന്നില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. കേസില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയായി. 

പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം അടുത്തമാസം എട്ടിന് നടക്കും. പ്രതി സുരേഷില്‍ നിന്നും ജീവന് ഭീഷണിയുണ്ടെന്ന് നേരത്തെ യുവതി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. ഇതുപ്രകാരം ഇയാളുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ കോടതിയില്‍ അപേക്ഷ നല്‍കി. യുവതിയുടെ സത്യവാങ്മൂലവും ഇതോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. ഈ അപേക്ഷ കോടതി ഇന്നു പരിഗണിക്കും.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആലപ്പുഴയില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, കോഴിക്കോട്ടും ഉയര്‍ന്ന രാത്രി താപനില തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, മഴയ്ക്കും സാധ്യത

ടിപ്പര്‍ ലോറി കയറി ഇറങ്ങി; തലസ്ഥാനത്ത് ബൈക്ക് യാത്രികയായ യുവതിക്ക് ദാരുണാന്ത്യം

കുഷ്ഠരോ​ഗം മനുഷ്യർക്ക് നൽകിയത് ചുവന്ന അണ്ണാന്മാരോ?; പഠനം

പരീക്ഷാഫലവും മാര്‍ക്ക് ഷീറ്റും സര്‍ട്ടിഫിക്കറ്റുകളും തത്സമയം ആക്‌സസ് ചെയ്യാം; ഐസിഎസ്ഇ 10,12 ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ഡിജിലോക്കറില്‍ സൗകര്യം

വയനാട്ടില്‍ വീണ്ടും പുലി; വളര്‍ത്തുനായയെ കടിച്ചുകൊണ്ടുപോയി; ദൃശ്യങ്ങള്‍ പുറത്ത്