കേരളം

സിപിഎം ഓഫീസ് പരിശോധന; വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തിലെന്ന് റിപ്പോർട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് പരിശോധന നടത്തിയത് ഓഫീസിൽ പ്രതികളുണ്ടെന്ന വിശ്വസനീയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് റിപ്പോർട്ട്. എസ്പി ചൈത്ര തെരേസ ജോൺ മജിസ്ട്രേറ്റിന് നൽകിയ സെർച്ച് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. താൻ പാർട്ടി ഓഫീസിലുണ്ടെന്ന വിവരം പ്രതി അമ്മയെ ഫോണിൽ വിളിച്ച് പറയുന്നത് കേട്ടിരുന്നു. പരിശോധന ചട്ടങ്ങൾ പാലിച്ചായിരുന്നുവെന്നും പിന്നാലെ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. 

റെയ്ഡ് വലിയ വിവാദങ്ങൾക്കിടയാക്കിയതോടെ ചൈത്ര തെരേസ ജോണിനെ വനിതാ സെല്ലിലേക്ക് സ്ഥലം മാറ്റിയിരുന്നു. ശബരിമല ഡ്യൂട്ടിയിലായിരുന്ന ആർ.ആദിത്യക്കു പകരമാണു ചൈത്ര തെരേസ ജോണിന് ഡിസിപിയുടെ അധിക ചുമതല നൽകിയത്. 21നു ശബരിമല ഡ്യൂട്ടി പൂർത്തിയാക്കിയ ആദിത്യ നാലു ദിവസത്തെ മെഡിക്കൽ അവധിയിലായിരുന്നു. എന്നാൽ റെയ്ഡിനു പിന്നാലെ അദ്ദേഹത്തെ വിളിച്ചുവരുത്തി ഡിസിപിയുടെ ചുമതല ഏറ്റെടുപ്പിച്ചു.

ഓഫീസ് റെയ്ഡ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഗൂഢ ലക്ഷ്യമാണെന്ന് നേരത്തെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ആരോപിച്ചിരുന്നു. എസ്പി ചൈത്ര തെരേസ ജോണിനെതിരെ കര്‍ശന നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നിയമസഭ സമ്മേളനം ചേരുന്നതിന് തൊട്ടുമുമ്പ് റെയ്ഡ് നടത്തിയത് മനഃപൂര്‍വമാണ്. ഉദ്യോഗസ്ഥക്കെതിരെ കടുത്ത നടപടി വേണമെന്ന് അദ്ദേഹം വ്യക്തമാക്കി.

പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞ ഡിവൈഎഫ്ഐക്കാരെ പിടിക്കാനാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ  ഡിസിപിയുടെ നേതൃത്വത്തിൽ 
വ്യാഴാഴ്ച അർധരാത്രി റെയ്ഡ് നടത്തിയത്. ബുധനാഴ്ച രാത്രിയാണ് അൻപതോളം പേരടങ്ങിയ ഡിവൈ എഫ്ഐ സംഘം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞത്. പ്രതികളിൽ പ്രധാനികൾ മേട്ടുക്കടയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ ഒളിവിൽ കഴിയുന്നതായി സിറ്റി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തു. തുടർന്നാണു ചൈത്രയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രി പൊലീസ് സംഘം പാർട്ടി ഓഫീസിൽ എത്തിയത്. എന്നാൽ പൊലീസ് സംഘത്തെ പാർട്ടി പ്രവർത്തകരും നേതാക്കളും തടഞ്ഞു.

പോക്സോ കേസിൽ അറസ്റ്റിലായ രണ്ട് പ്രവർത്തകരെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്ഐക്കാരുടെ അതിക്രമം. മുതിർന്ന നേതാവുൾപ്പെടെ അൻപതോളം ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. എന്നാൽ പ്രതികളെ പിടിക്കാതെ മെഡിക്കൽ കോളജ് പൊലീസ് ഒത്തുകളിക്കുന്നതായ വിവരം ഉന്നത ഉദ്യോഗസ്ഥർക്കു ലഭിച്ചു. പിന്നാലെയാണു പ്രതികളെക്കുറിച്ചു സൂചന നൽകി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു

തൃക്കാരിയൂര്‍ ശിവനാരായണന്‍ ചെരിഞ്ഞു

ആരാണ് ഇടവേള ആഗ്രഹിക്കാത്തത്?; മുഖ്യമന്ത്രി പോയത് സ്വന്തം ചെലവിലെന്ന് എംവി ഗോവിന്ദന്‍

സാം പിത്രോദ രാജിവെച്ചു

മലയാളികളെ വിസ്മയിപ്പിച്ച സംഗീത് ശിവന്‍ സിനിമകള്‍