കേരളം

സിപിഎം ഓഫീസ് റെയ്ഡ് : എസ്പി ചൈത്രക്ക് ഗൂഡലക്ഷ്യം ; കര്‍ശന നടപടി വേണമെന്ന് ആനാവൂര്‍ നാഗപ്പന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ഗൂഢലക്ഷ്യമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. എസ്പി ചൈത്ര തെരേസ ജോണിനെതിരെ കര്‍ശന നടപടി വേണം. നിയമസഭ സമ്മേളനം ചേരുന്നതിന് തൊട്ടുമുമ്പ് റെയ്ഡ് നടത്തിയത് മനഃപൂര്‍വമാണ്. ഉദ്യോഗസ്ഥക്കെതിരെ കടുത്ത നടപടി വേണമെന്ന് ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു. 

എസ്പി ചൈത്ര തെരേസ ജോണിനെ സ്ഥലംമാറ്റി എന്ന ആരോപണം ശരിയല്ല. ചൈത്രക്കെതിരെ കൂടുതല്‍ കടുത്ത നടപടിയാണ് പാര്‍ട്ടി ജില്ലാ കമ്മിറ്റി പ്രതീക്ഷിക്കുന്നത്. ശബരിമല പ്രക്ഷോഭം കത്തിനിന്നപ്പോഴും ബിജെപി ഓഫീസുകളില്‍ പോലും പൊലീസ് കയറിയിട്ടില്ല. 

വീരപരിവേഷം ഉണ്ടാക്കാന്‍ വേണ്ടി എസ്പി ബോധപൂര്‍വം കൊടുത്ത വാര്‍ത്തയാണിത്. ഞാന്‍ ഇവിടെ ഉണ്ടായിരുന്നു എങ്കില്‍ റെയ്ഡ് നടത്താന്‍ അനുവദിക്കില്ലായിരുന്നു. എന്നെ അറസ്റ്റ് ചെയ്യേണ്ടി വരുമായിരുന്നു. റെയ്ഡ് നടത്തി മാധ്യമശ്രദ്ധ പിടിച്ചുപറ്റാനാണ് ഉദ്യോഗസ്ഥ ശ്രമിച്ചതെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. 

പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞ ഡിവൈഎഫ്ഐക്കാരെ പിടിക്കാനാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ  ഡിസിപിയുടെ നേതൃത്വത്തിൽ 
വ്യാഴാഴ്ച അർധരാത്രി റെയ്ഡ് നടത്തിയത്.  ബുധനാഴ്ച രാത്രിയാണ് അൻപതോളം പേരടങ്ങിയ ഡിവൈ എഫ്ഐ സംഘം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനു കല്ലെറിഞ്ഞത്. പ്രതികളിൽ പ്രധാനികൾ മേട്ടുക്കടയിലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ ഒളിവിൽ കഴിയുന്നതായി സിറ്റി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തു. തുടർന്നാണു ചൈത്രയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാത്രി പൊലീസ് സംഘം പാർട്ടി ഓഫിസിൽ എത്തിയത്. എന്നാൽ പൊലീസ് സംഘത്തെ പാർട്ടി പ്രവർത്തകരും നേതാക്കളും തടഞ്ഞു.

പോക്സോ കേസിൽ അറസ്റ്റിലായ 2 പ്രവർത്തകരെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു പൊലീസ് സ്റ്റേഷനിൽ ഡിവൈഎഫ്ഐക്കാരുടെ അതിക്രമം. മുതിർന്ന നേതാവുൾപ്പെടെ അൻപതോളം ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. എന്നാൽ പ്രതികളെ പിടിക്കാതെ മെഡിക്കൽ കോളജ് പൊലീസ് ഒത്തുകളിക്കുന്നതായ വിവരം ഉന്നത ഉദ്യോഗസ്ഥർക്കു ലഭിച്ചു. പിന്നാലെയാണു പ്രതികളെക്കുറിച്ചു സൂചന നൽകി സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്.

ശബരിമല ഡ്യൂട്ടിയിലായിരുന്ന ആർ.ആദിത്യക്കു പകരമാണു ചൈത്ര തെരേസ ജോണിന് ഡിസിപിയുടെ അധിക ചുമതല നൽകിയത്. 21നു ശബരിമല ഡ്യൂട്ടി പൂർത്തിയാക്കിയ ആദിത്യ നാലു ദിവസത്തെ മെഡിക്കൽ അവധിയിലായിരുന്നു. എന്നാൽ റെയ്ഡിനു പിന്നാലെ അദ്ദേഹത്തെ വിളിച്ചുവരുത്തി ഡിസിപിയുടെ ചുമതല ഏറ്റെടുപ്പിച്ചു. ചൈത്ര തെരേസ ജോണിനെ നേരത്തെ വഹിച്ചിരുന്ന വനിതാ സെല്ലിലേക്ക് മാറ്റി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ