കേരളം

അക്കൗണ്ടിൽ നിന്നും 20,000 രൂപ പോയി ; പരാതിയുമായി വീട്ടമ്മയും മകനും, ‘പണം പോയ വഴി’ കണ്ടെത്തിയപ്പോൾ കാലുപിടുത്തം

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വീട്ടമ്മയുടെ ബാങ്ക് അക്കൗണ്ടിൽനിന്ന് എടിഎം കാർഡ് ഉപയോഗിച്ച് 20,000 രൂപ പിൻവലിച്ചെന്ന് സന്ദേശമെത്തി. പണം പിൻവലിച്ച മോഷ്ടാവിനെ കണ്ടെത്താൻ അമ്മയും മകനും പൊലീസിൽ പരാതി നൽകി. എടിഎമ്മിലെ സിസിടിവി ക്യാമറ പരിശോധിച്ച് പണം പോയ വഴി കണ്ടെത്തിയതോടെ, പൊലീസിന്റെ കാലിൽ വീണ് അമ്മയും മകനും. 

കോഴിക്കോടാണ് സംഭവം. ചൊവ്വാഴ്ചയാണ് പണം പോയതായി അമ്മയുടെ ഫോണിലേക്ക് സന്ദേശമെത്തിയത്. കൂലിപ്പണിയെടുത്ത് ഉപജീവനം നടത്തുന്ന അമ്മയ്ക്ക് ഇംഗ്ളീഷ് വായിച്ച് അർഥം മനസ്സിലാക്കാനുള്ള കഴിവില്ല. മൊബൈൽ ഫോണിലെ സന്ദേശം അമ്മയ്ക്ക് പറഞ്ഞുകൊടുത്തത് മകനാണ്. തുടർന്ന് ഇരുവരും ചേർന്ന് പൊലീസിൽ കേസുകൊടുത്തു. 

മാനാഞ്ചിറയ്ക്ക് സമീപമുള്ള എസ്ബിഐ എടിഎം കൗണ്ടറിൽ നിന്നാണ് പണം പിൻവലിച്ചതെന്ന് വെള്ളയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് എ.ടി.എം. കൗണ്ടറിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് ‘പണം പോയ വഴി’ വ്യക്തമായത്. തുടർന്ന് മകനെയും അമ്മയെയും ഒന്നിച്ച് പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി. അമ്മയുടെ സാന്നിധ്യത്തിൽ മകനെ ചോദ്യം ചെയ്തു. ഇതോടെ പണം പിൻവലിച്ചത് താനാണെന്ന് മകൻ സമ്മതിച്ചു.

നഗരത്തിലെ സ്വകാര്യ കോളേജിലെ പ്ലസ്ടു വിദ്യാർഥിയാണ് പതിനേഴുകാരനായ മകൻ. പണം എന്ത് ചെയ്തെന്ന് പൊലീസുകാർ ചോദിച്ചപ്പോൾ,  കൂട്ടുകാരുമൊത്ത് പതിവായി ഭക്ഷണം കഴിക്കാറുള്ള ഹോട്ടലിൽ പറ്റ് പണം നൽകിയ കാര്യം ആദ്യം വെളിപ്പെടുത്തി. രണ്ടാമത് പാലാഴി ബൈപ്പാസ് റോഡ് ജങ്‌ഷനിലെ വ്യാപാരസമുച്ചയത്തിൽ കൂട്ടുകാരുടെ ബൈക്കിൽ പോയി വസ്ത്രങ്ങൾ വാങ്ങിച്ചും അവർക്കൊപ്പം നഗരത്തിൽ ബൈക്കിൽ കറങ്ങിയും 8000 രൂപ പൊടിപൊടിച്ചെന്നും ബാക്കി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നും മകൻ പറ‍ഞ്ഞു.

ഇതോടെ മകനെ വെറുതെ വിടണമെന്നും തനിക്ക് പരാതിയൊന്നുമില്ലെന്നുമായി അമ്മ. എന്നാൽ എഫ്.ഐ.ആർ. ഇട്ടതാണെന്നും മോഷണക്കുറ്റത്തിനാണ് കേസെടുത്തതെന്നും നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാൽ നിസ്സഹായ അവസ്ഥയിലാണ് തങ്ങളെന്ന് പൊലീസ് വ്യക്തമാക്കി. അവസാനം അമ്മയും പൊലീസും ചേർന്ന് കേസിൽ പ്രതിയായ മകനെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി

വീട് പൊളിക്കുന്നതിനിടെ കോൺക്രീറ്റ് ബീം വീണു; തൊഴിലാളി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്