കേരളം

യൂണിവേഴ്‌സിറ്റി കോളേജില്‍ ചെങ്കൊടി നാട്ടാന്‍ എഐഎസ്എഫും, കനയ്യകുമാര്‍ എത്തുന്നു; ആവേശത്തില്‍ പ്രവര്‍ത്തകര്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തിന് പിന്നാലെ യൂണിറ്റ് രൂപീകരിച്ച എഐഎസ്എഫ് സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്താന്‍ ആലോചിക്കുന്നു. ഇന്ന് യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസില്‍ യൂണിറ്റ് സമ്മേളനം നടത്തുന്നതിന്റെ തുടര്‍ച്ചയായി സിപിഐ ദേശീയ നിര്‍വാഹക സമിതി അംഗവും യുവജന നേതാവുമായ കനയ്യകുമാറിനെ കോളേജില്‍ എത്തിച്ച് പ്രവര്‍ത്തകര്‍ക്ക് ആവേശം പകരാനാണ് എഐഎസ്എഫ് നേതൃത്വം പരിപാടിയിടുന്നത്. ഇതിന്റെ ഭാഗമായി എഐഎസ്എഫ് നേതൃത്വം കനയ്യയെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കനയ്യകുമാര്‍ അനുകൂലമായി പ്രതികരിച്ചതായും വിവരമുണ്ട്.

അഖില്‍ എന്ന വിദ്യാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തെ തുടര്‍ന്ന് അടച്ചിട്ട  യൂണിവേഴ്‌സിറ്റി കോളേജ് ഇന്ന് തുറന്നു. സംഭവം നടന്ന് ഉടനെ തന്നെ ആരോപണവിധേയമായ കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് നേതൃത്വം പിരിച്ചുവിട്ടിരുന്നു. ഇത്തരത്തിലുളള അക്രമസംഭവങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ല എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു എസ്എഫ്‌ഐ നേതൃത്വത്തിന്റെ ഇടപെടല്‍. കോളേജില്‍ മറ്റു സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല എന്ന ആക്ഷേപം നിലനിന്നിരുന്നു. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ക്യാമ്പസില്‍ യൂണിറ്റ് രൂപീകരിച്ചെന്ന് പ്രഖ്യാപിച്ചായിരുന്നു എഐഎസ്എഫ് രംഗത്തുവന്നത്. യൂണിറ്റ് ഭാരവാഹികളെയും പ്രഖ്യാപിച്ച് കോളേജിലെ സംഘടനാ പ്രവര്‍ത്തനം ശക്തമാക്കാന്‍ പോകുന്നു എന്ന സന്ദേശമാണ് എഐഎസ്എഫ് നല്‍കിയത്.

ഇതിന്റെ തുടര്‍ച്ചയായാണ് എഐഎസ്എഫിന്റെ പുതിയ നീക്കങ്ങള്‍. ഇന്ന് ക്യാമ്പസില്‍ യൂണിറ്റ് സമ്മേളനം നടത്തി സംഘടനയുടെ ശക്തി വിളിച്ചോതുന്നതിനൊടൊപ്പം പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ച ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കനയ്യകുമാറിനെ ക്യാമ്പസില്‍ എത്തിക്കാനുളള തീരുമാനം നേതൃത്വം കൈക്കൊണ്ടത്.

ആഗസ്റ്റ് രണ്ടിന് എഐഎസ്എഫിന്റെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ കനയ്യകുമാര്‍ കേരളത്തില്‍ എത്തുന്നുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തി കനയ്യകുമാറിനെ ക്യാമ്പസില്‍ എത്തിക്കാനാണ് നേതൃത്വം പദ്ധതിയിടുന്നത്. ഇതിലുടെ കൂടുതല്‍ വിദ്യാര്‍ത്ഥികളെ സംഘടനയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്ന് നേതൃത്വം കണക്കുകൂട്ടുന്നു. സംഘടനാ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി ക്യാമ്പസില്‍ സംഘടനയുടെ കൊടിമരം നാട്ടുമെന്നും എഐഎസ്എഫ് അറിയിച്ചിട്ടുണ്ട്.

ജില്ലയില്‍ സംഘടനയുടെ പ്രവര്‍ത്തനം ശക്തമാക്കാന്‍ ലക്ഷ്യമിട്ട് എസ്എഫ്‌ഐയ്ക്ക് സര്‍വ്വാധിപത്യമുളള ക്യാമ്പസുകളായ തിരുവനന്തപുരം സംസ്‌കൃത കോളേജ്, ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളിലും യൂണിറ്റ് രൂപീകരിക്കാന്‍ എഐഎസ്എഫ് തീരൂമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ