കേരളം

നിസാന്‍ കേരളം വിടില്ല, പ്രചാരണം തെറ്റ്: മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിസാന്‍ കമ്പനി കേരളം വിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിസാന്‍ കേരളം വിടുന്നുവെന്നത് തെറ്റായ പ്രചാരണമാണെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിസാന്‍ സര്‍ക്കാരിനു മുന്നില്‍ ചില ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അതില്‍ സര്‍ക്കാര്‍ നടപടികളിലേക്കു കടന്നു. കിന്‍ഫ്രയില്‍ കൂടുതല്‍ സ്ഥലം വേണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അനുകൂലമായി തീരുമാനമെടുത്തു. മറ്റ് ആവശ്യങ്ങള്‍ പരിശോധിക്കാന്‍ ഐഎഎസ് ഉദ്യോഗ്‌സഥനെ നിയോഗിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 

യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പിഎസ്‌സിക്കെതിരെ ഇല്ലാക്കഥകള്‍ ഉന്നയിച്ച് യുവാക്കളില്‍ അങ്കലാപ്പു സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്തു തന്നെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ പിഎസ്‌സിയില്‍ പുറമേ നിന്നുള്ള ഒരു ഇടപെടലും ഇല്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. 

സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനായി സംസ്ഥാനത്തെ ഏറ്റവും വിശ്വാസ്യതയുളള ഭരണഘടനാ സ്ഥാപനത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. യൂണിവേഴ്‌സിറ്റി കോളജ് സംഭവത്തിലെ പ്രതികള്‍ റാങ്ക് പട്ടികയില്‍ വന്നതുമായി ബന്ധപ്പെട്ട് പിഎസ്‌സിക്കെതിരെ വ്യാജപ്രചാരണം അഴിച്ചുവിട്ടു. ഇല്ലാക്കഥകള്‍ ഉന്നയിച്ച് യുവാക്കളില്‍ അങ്കലാപ്പ് സൃഷ്ടിക്കാനാണ് ശ്രമമെന്നു മുഖ്യമന്ത്രി പറഞ്ഞു. 

രാജ്യത്തു തന്നെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന പബ്ലിക് സര്‍വീസ് കമ്മിഷനാണ് കേരളത്തിലെ പിഎസ്‌സി. മറ്റു സംസ്ഥാനങ്ങളിലെ പിഎസ്‌സികളേക്കാള്‍ കൂടുതല്‍ തസ്തികകളിലേക്ക് കേരള പിഎസ്‌സി നിയമനം നടത്തുന്നു. മറ്റിടങ്ങളില്‍നിന്നു വ്യത്യസ്തമായി പരീക്ഷാ പേപ്പര്‍ തയാരാക്കുന്നതും പരീക്ഷ നടത്തുന്നതും ഇവിടെ പിഎസ്‌സി തന്നെയാണ്.  ഇതിലൊന്നും പുറമേ നിന്നുള്ള ഒരു ഇടപെടലും ഇല്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 

നിര്‍ഭാഗ്യകരമായ ചില സംഭവങ്ങളുടെ പേരില്‍, അക്കാദമികമായി മികച്ച നിലവാരം പുലര്‍ത്തുന്ന യൂണിവേഴ്‌സിറ്റി കോളജിനെ തകര്‍ക്കാന്‍ ശ്രമം നടക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. യൂണിവേഴ്‌സിറ്റി കോളജില്‍ എന്ന ഒരിടത്തും ആശാസ്യമല്ലാത്ത ഒരു നടപടിയും വച്ചു പൊറുപ്പിക്കില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. അതിന്റെ പേരില്‍ സ്ഥാപനത്തെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ അനുവദിക്കാനാവില്ല. രാജ്യമൊട്ടാകെ ഭരണഘടനാ സ്ഥാപനങ്ങളെയും പൊതു സ്ഥാപനങ്ങളെയും തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമായി വേണം ഇവയെ കാണാനെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്