കേരളം

ശബരിമലയിലെ 'മൗനം' തിരിച്ചടിയായി ; പാര്‍ട്ടി ഒളിച്ചോടിയെന്ന് ആക്ഷേപം ; സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ തെരഞ്ഞെടുപ്പ് കാലത്തെ മൗനം തിരിച്ചടിയായെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം. ശബരിമലയും നവോത്ഥാനവും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉന്നയിക്കാതിരുന്നത് ദോഷമായി. ഇതോടെ വിഷയത്തില്‍ നിന്നും പാര്‍ട്ടി ഒളിച്ചോടിയെന്ന വിമര്‍ശനം ഉണ്ടായി. ഇതോടെ സിപിഎം വിഷയത്തില്‍ നിന്നും ഒളിച്ചോടിയെന്ന് എതിരാളികള്‍ക്ക് പ്രചരിപ്പിക്കാന്‍ ഇടയൊരുക്കിയെന്നും സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. 

മുന്‍കാലത്ത് ഇടതുമുന്നണിക്കു ലഭിച്ചുവന്ന വോട്ട് ഇക്കുറി ബിജെപിയിലേക്കു മറിഞ്ഞിട്ടുണ്ടെന്ന് ചില മണ്ഡലങ്ങളിലെ വോട്ടുവിശകലനം സൂചിപ്പിക്കുന്നുവെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പാര്‍ട്ടി കുടുംബങ്ങളുടെ തന്നെ വോട്ടും ഇതില്‍പ്പെടുന്നു. സര്‍ക്കാരിന്റെ നിലപാട് പാര്‍ട്ടിയിലും എല്‍ഡിഎഫില്‍ തന്നെയും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നാണ് ഇതു വ്യക്തമാക്കുന്നത്. കുടുംബയോഗങ്ങളുടെ എണ്ണത്തില്‍ റെക്കോര്‍ഡിട്ടിട്ടും ഈ സ്ഥിതി വന്നു. പാര്‍ട്ടിക്കാരെ ബോധ്യപ്പെടുത്താന്‍ കഴിയാത്തത് അതിനു പുറത്തുള്ള വിഭാഗങ്ങള്‍ മനസിലാക്കണമെന്നു പറഞ്ഞാല്‍ സാധിക്കുമോ എന്നും ചോദ്യമുയര്‍ന്നു.

സ്ത്രീ-പുരുഷസമത്വത്തിന് അനുസൃതമായ നിലപാടു മാത്രമെ ഇടതുപക്ഷത്തിനു സ്വീകരിക്കാന്‍ കഴിയൂ. ഇടതു രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ തന്നെ വൈകാരികമായ ഒരു വിഷയത്തില്‍ ആ നിലപാട് ഉണ്ടാക്കാവുന്ന വ്യത്യസ്തമായ പ്രതികരണങ്ങള്‍ കൂടി കണക്കിലെടുക്കേണ്ടിയിരുന്നുവെന്നും അഭിപ്രായമുയര്‍ന്നു. യുഡിഎഫിന്റെയും ബിജെപിയുടെയും രാഷ്ട്രീയ മുതലെടുപ്പ് തെറ്റിദ്ധാരണയ്ക്കു കാരണമായി. അതുകൊണ്ടു തന്നെ തെറ്റിദ്ധാരണകളകറ്റാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. 

ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ച നിലപാട് ശരിയാണെന്നും സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. ശബരിമല നിലപാട് ശരിയായിരുന്നു. എന്നാല്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ ജാഗ്രതക്കുറവ് ഉണ്ടായെന്നുമാണ് വിലയിരുത്തല്‍. ശബരിമല വിഷയത്തില്‍ നിലപാട് മാറ്റേണ്ടതില്ല. പിന്നോട്ടുപോയാല്‍ സംഘടനാ തലത്തില്‍ തിരിച്ചടി ലഭിക്കും. താഴെത്തട്ടിലെ പ്രചാരണത്തിലൂടെ പ്രതിസന്ധി പരിഹരിക്കാനാകുമെന്നും സംസ്ഥാനസമിതി ചൂണ്ടിക്കാട്ടുന്നു. വിശ്വാസികളില്‍ ഒരു വിഭാഗം വിട്ടുപോയതാണ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടിയായതെന്ന് കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചത്. ശബരിമല എന്ന പദം ഉപയോഗിക്കാതെയാണ് സിപിഎം റിപ്പോര്‍ട്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍

ഫുള്‍ക്രുഗിന്റെ ഗോള്‍; ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ പിഎസ്ജിയെ വീഴ്ത്തി ബൊറൂസിയ ഡോര്‍ട്മുണ്ട്