കേരളം

അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ പാസാക്കണം; ആള്‍ദൈവങ്ങള്‍ അരങ്ങുവാഴുന്ന വര്‍ത്തമാനകാല കേരളം ഭീതിജനകമെന്ന് എഐവൈഎഫ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിയമംമൂലം നിരോധിക്കാന്‍ അന്ധവിശ്വാസ നിര്‍മാര്‍ജന ബില്‍ പാസാക്കണമെന്ന് എഐവൈഎഫ്. സംസ്ഥാനത്ത് ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി ആളുകള്‍ കൊല്ലപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നും എഐവൈഎഫ് സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. 

ആള്‍ദൈവങ്ങള്‍ അരങ്ങുവാഴുന്ന വര്‍ത്തമാനകാല കേരളീയ സമൂഹത്തിന്റെ ചിത്രം ഭീതിജനകമാണ്. എല്ലാ നിയമങ്ങളെയും കാറ്റില്‍പറത്തി വിശ്വാസങ്ങളെ ചൂഷണം ചെയ്ത് അഴിഞ്ഞാടുന്ന ആള്‍ദൈവ വ്യാപാരങ്ങളെയും സമൂഹത്തെ നൂറ്റാണ്ടുകള്‍ പിറകോട്ട് നടത്തിക്കുന്ന അന്ധവിശ്വാസങ്ങളെയും നിയമംമൂലം നേരിടാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. ഒരു പരിഷ്‌കൃത സമൂഹത്തില്‍ അത്തരം നിയമനിര്‍മ്മാണങ്ങള്‍ അനിവാര്യമാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. 

ജൂണ്‍ 5 പരിസ്ഥിതി ദിനം മുതല്‍ യൂണിറ്റ് തലം തൊട്ട് സംസ്ഥാനതലം വരെ എഐവൈഎഫിന്റെ എല്ലാ പരിപാടികളിലും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. സമ്മേളനങ്ങളും സമരങ്ങളും ഉള്‍പ്പെടെ എല്ലാ ക്യാമ്പയിനുകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കും. പരിസ്ഥിതിക്ക് ദോഷകരമാകുന്ന ഫ്‌ളക്‌സും പ്ലാസ്റ്റിക്കും ഉള്‍പ്പെടെയള്ള എല്ലാ സാധനങ്ങളും ഒഴിവാക്കും.എഐവൈഎഫ് പരിപാടികള്‍ പൂര്‍ണ്ണമായും പരിസ്ഥിതി സൗഹൃദമായി സംഘടിപ്പിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തും. 

'ഒന്നിക്കാം പച്ചപ്പിനായി ജീവിക്കാം സുരക്ഷിതമായി ' എന്ന മുദ്രാവാക്യം ഉയര്‍ത്തി ജൂണ്‍ 5 മുതല്‍ ഒരാഴ്ചക്കാലം പരിസ്ഥിതി സംരക്ഷണ വാരമായി ആചരിക്കും.സംസ്ഥാനത്താകെ ഒരു ലക്ഷം വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കും. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി നെല്ലും പച്ചക്കറികളും കൃഷി ചെയ്യും. ജലസ്രോതസ്സുകളുടെ സംരക്ഷണം, മാലിന്യ നിര്‍മാര്‍ജനം ഉപ്പെടെയുള്ള വ്യത്യസ്തങ്ങളായ പരിപാടികള്‍ ഏറ്റെടുക്കും. കേരളത്തിന്റെ മണ്ണ്, ജലം, വായു എന്നിവയുടെ സംരക്ഷണം ലക്ഷ്യമാക്കി പരിസ്ഥിതി ഉച്ചകോടി സംഘടിപ്പിക്കുമെന്നും എഐവൈഎഫ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം