കേരളം

ആന്റണിക്കെതിരായ വിമര്‍ശനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ ശശി തരൂര്‍ കമ്മിഷന്‍; പുറത്തുനിന്നുള്ള സഹായവും തേടുമെന്ന് മുല്ലപ്പള്ളി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദേശീയതലത്തിലെ തോല്‍വിക്കു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മുതിര്‍ന്ന നേതാവ് എകെ ആന്റണിക്കു നേരെയുണ്ടായ വിമര്‍ശനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കെപിസിസി കമ്മിഷനെ നിയോഗിച്ചു. തിരുവനന്തപുരം എംപി ശശി തരൂരാണ് ഇക്കാര്യം അന്വേഷിക്കുക. വേണ്ടിവന്നാല്‍ പുറത്തുനിന്നുള്ള ഏജന്‍സിയെ അന്വേഷണത്തിന് ഉപയോഗിക്കാമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു.

ദേശീയതലത്തില്‍ സഖ്യങ്ങള്‍ ഉണ്ടാക്കുന്നതിനു കോണ്‍ഗ്രസില്‍ തടസമായി നിന്നത് എകെ ആന്റണി ആണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനം. ഇതു വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ എകെ ആന്റണിയുടെ മകന്‍ തന്നെ ഇതിനെതിരെ രംഗത്തുവന്നു. ഇതിനു പിന്നാലെ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആന്റണിയെ പ്രതിരോധിച്ചു രംഗത്തുവന്നിരുന്നു. ആന്റണിയെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ വിട്ടുകൊടുക്കില്ലെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം.

സോഷ്യല്‍ മീഡിയയില്‍ ചില ആളുകള്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ സകല പരിധിയും വിട്ട് ആക്രമണം അഴിച്ചുവിടുകയാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ നേരത്തെ തന്നെ താന്‍ മുന്നറിയിപ്പു നല്‍കിയിരുന്നതാണ്. ഇപ്പോള്‍ ഉണ്ടായിട്ടുള്ള വിമര്‍ശനങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് കമ്മിഷനെ നിയോഗിക്കുന്നത്. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ സ്വകാര്യ ഏജന്‍സികളുടെ സഹായവും ഉപയോഗിക്കുമെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

ആലപ്പുഴില്‍ ഷാനിമോള്‍ ഉസ്മാന്റെ തോല്‍വി കോണ്‍ഗ്രസ് അന്വേഷിക്കും. ഇവിടെ ജാ്ഗ്രതക്കുറവുണ്ടായിട്ടുണ്ടെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. മുതിര്‍ന്ന നേതാവ് കെവി തോമസിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ആലപ്പുഴയിലെ തോല്‍വി അന്വേഷിക്കുകയെന്ന് മുല്ലപ്പള്ളി അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ

സ്മാര്‍ട്ട് സിറ്റിയിലെ അപകടം: ഒരാള്‍ മരിച്ചു; പരിക്കേറ്റ അഞ്ചുപേര്‍ ചികിത്സയില്‍