കേരളം

കോര്‍പറേറ്റുകളുടെ അഞ്ചുലക്ഷം കോടി എഴുതിത്തളളിയവരാണ് ബാങ്കേഴ്‌സ് സമിതി; ജപ്തിഭീഷണി പരസ്യത്തില്‍ വിമര്‍ശനവുമായി തോമസ് ഐസക്ക് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വായ്പ തിരിച്ചടവ് മുടങ്ങിയവര്‍ക്കെതിരെയുളള ജപ്തി നടപടികള്‍ തുടരുമെന്ന ബാങ്കേഴ്‌സ് സമിതിയുടെ നിലപാടിനെതിരെ ധനമന്ത്രി തോമസ് ഐസക്ക്. ബാങ്കുകളുടെ നീക്കം ഇരട്ടത്താപ്പാണെന്നും കോര്‍പറേറ്റുകള്‍ നല്‍കാനുളള ലക്ഷം കോടി രൂപ എഴുതിത്തളളിയവരാണ് ബാങ്കേഴ്‌സ് സമിതിയെന്നും തോമസ് ഐസക്ക് കുറ്റപ്പെടുത്തി.കാര്‍ഷിക വായ്പകള്‍ക്ക് മൊറട്ടോറിയം നീട്ടി നല്‍കാനാവില്ലെന്ന റിസര്‍വ് ബാങ്ക് തീരുമാനത്തിന് പിന്നാലെ ജപ്തി നടപടികളുമായി മുന്നോട്ടുപോകുമെന്ന് സംസ്ഥാന ബാങ്കേഴ്‌സ് സമിതി നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി തോമസ് ഐസക്ക് രംഗത്തുവന്നത്.

കോര്‍പറേറ്റുകളുടെ അഞ്ചുലക്ഷം കോടി രൂപയുടെ വായ്പ വരെ എഴുതിത്തളളിയവരാണ് ബാങ്കേഴ്‌സ് സമിതി. അതുകൊണ്ട് തന്നെ മൊറട്ടോറിയം അവഗണിക്കുന്ന ബാങ്കേഴ്‌സ് സമിതിയുടെ നിലപാടിനെ ഗൗരവത്തോടെയാണ് കാണുന്നത്. ഇതുസംബന്ധിച്ച് ബാങ്കുകളുമായി ചര്‍ച്ച നടത്തുമെന്നും തോമസ് ഐസക്ക് പറഞ്ഞു.

വായ്പാ തിരിച്ചടവ് മുടങ്ങിയാല്‍ ജപ്തിക്ക് തടസ്സമില്ലെന്ന് പത്രങ്ങളില്‍ നല്‍കിയ പരസ്യത്തിലൂടെയാണ് ബാങ്കേഴ്‌സ് സമിതി നിലപാട് വ്യക്തമാക്കിയത്. കാര്‍ഷിക വായ്പയ്ക്ക് മോറട്ടോറിയം നീട്ടാനാകില്ലെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചതിന് പിന്നാലെയാണ് ബാങ്കേഴ്‌സ് സമിതിയുടെ പരസ്യം.

കര്‍ഷക വായ്പക്കുള്ള മൊറട്ടോറിയം നീട്ടാനാകില്ലെന്ന് കഴിഞ്ഞ ദിവസമാണ് ആര്‍ബിഐ തീരുമാനിച്ചത്. കേരളത്തിന് ഒരു തവണ തന്നെ മൊറട്ടോറിയം  ഏര്‍പ്പെടുത്തിയത് അസാധാരണ നടപടിയാണ്. മറ്റൊരു സംസ്ഥാനത്തിനും ഇത്തരം ഇളവ് നല്‍കിയിട്ടില്ലെന്നും, തുടര്‍ന്നും മൊറട്ടോറിയം നീട്ടാനാകില്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തില്‍ ആര്‍ബിഐ നിലപാട് അറിയിച്ചത്. 

ആര്‍ബിഐയുടെ തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അതൃപ്തിയിലാണ്. ഇക്കാര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ക്കായി സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി യോഗം മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചിരിക്കുകയാണ്. മറ്റന്നാള്‍ മുഖ്യമന്ത്രി വിളിച്ച ബാങ്കേഴ്‌സ് സമിതി യോഗം ചേരാനിരിക്കെയാണ് പത്രങ്ങളില്‍ പരസ്യം നല്‍കിയിട്ടുള്ളത്. 

പൊതുജനങ്ങളില്‍ നിന്ന് വിവിധ പലിശ നിരക്കുകളില്‍ സമാഹരിക്കുന്ന പണമാണ് ബാങ്കുകള്‍ പലതരം വായ്പകളായി ജനങ്ങള്‍ക്ക് നല്‍കുന്നത്. നിക്ഷേപത്തിന്റെയും വായ്പകളുടെയും പലിശനിരക്കിലുള്ള നേരിയ വ്യത്യാസം കൊണ്ടാണ് ബാങ്കുകള്‍ അവരുടെ പ്രവര്‍ത്തന ചിലവുകള്‍ വഹിക്കുന്നത്. 

അതുകൊണ്ടുതന്നെ കൊടുക്കുന്ന വായ്പകള്‍ തിരിച്ചുപിടിക്കേണ്ടത് നിക്ഷേപകര്‍ക്ക് തങ്ങളുടെ നിക്ഷേപങ്ങള്‍ കാലാവധിക്ക് തിരിച്ചുകൊടുക്കുന്നതിനും അതുവഴി ബാങ്കിംഗ് സംവിധാനത്തിന്റെ വിശ്വാസ്യതയ്ക്കും നിലനില്‍പ്പിനും അത്യാവശ്യമാണ്. വായ്പകള്‍ കുടിശ്ശികയായാല്‍ തിരിച്ചുപിടിക്കുന്നതിന് നിയമാനുസൃതമായ നടപടിക്രമങ്ങള്‍ മാത്രമാണ് ബാങ്കുകള്‍ എടുക്കുന്നതെന്നും ബാങ്കേഴ്‌സ് സമിതി പരസ്യത്തില്‍ വിശദീകരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്