കേരളം

ശ്യാമളയ്ക്കു വീഴ്ച പറ്റി; അത് ഉള്‍ക്കൊള്ളണം; പാര്‍ട്ടിയെ തള്ളി പി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രവാസി വ്യവസായി സാജന്‍ പാറയിലിന്റെ ആത്മഹത്യയിലേക്കു നയിച്ച സംഭവത്തില്‍ ആന്തൂര്‍ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയ്ക്കു വീഴ്ച പറ്റിയിട്ടുണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി ജയരാജന്‍. സാജന്റെ കെട്ടിട നിര്‍മാണ അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇടപെടുന്നതില്‍ ഇടപെടുന്നില്‍ ശ്യാമളയ്ക്കു വീഴ്ച പറ്റിയിട്ടുണ്ടെന്നും അത് ഉള്‍ക്കൊള്ളണമെന്നും സമകാലിക മലയാളം വാരികയുമായുള്ള അഭിമുഖത്തില്‍ ജയരാജന്‍ പറഞ്ഞു. 

ആന്തൂര്‍ വിഷയത്തില്‍ പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം കൂടിയായ ശ്യാമളയ്ക്കു തെറ്റു പറ്റിയിട്ടില്ലെന്നാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്. ശ്യാമളയ്ക്കു വീഴ്ച പറ്റിയെന്ന്, രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പരസ്യമായി നിലപാടെടുത്ത ജയരാജനെ തള്ളിയായിരുന്നു സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. ഇതു നാളെ ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യാനിരിക്കെയാണ്, ജയരാജന്‍ മുന്‍ നിലപാട് ആവര്‍ത്തിച്ചത്.

അഭിമുഖത്തില്‍ ആന്തൂര്‍ വിഷയത്തെക്കുറിച്ച് ജയരാജന്‍ പറയുന്നത് ഇങ്ങനെ: 

പാര്‍ട്ടി വേറെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നടത്തിപ്പ് വേറെ. നിയമാനുസൃതമായ ചുമതലകളാണ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ നിര്‍വ്വഹിക്കുന്നത്. പാര്‍ട്ടിക്ക് തദ്ദേശഭരണ സ്ഥാപനങ്ങളുടെ കാര്യത്തില്‍ നേരിട്ടു നിര്‍ദ്ദേശം കൊടുക്കാന്‍ പറ്റില്ല. സാജന്‍ പാറയില്‍ എന്ന പ്രവാസി വ്യവസായി 15 കോടിയോളം മുടക്കി ബക്കളത്ത് ഒരു കണ്‍വെന്‍ഷന്‍ സെന്റര്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. അതിനു കെട്ടിടനിര്‍മ്മാണച്ചട്ടത്തിന്റെ ലംഘനം ഉണ്ട് എന്നു കണ്ടുകൊണ്ട് നഗരസഭാ അധികൃതര്‍ നോട്ടീസ് നല്‍കി. പിന്നീട് അതു പൊളിച്ചുനീക്കാനുള്ള നോട്ടീസും കൊടുത്തു. ആ ഘട്ടത്തില്‍ അവര്‍ മന്ത്രിക്കു പരാതി കൊടുത്തു. തദ്ദേശഭരണവകുപ്പിന്റെ കോഴിക്കോട് സൂപ്രണ്ടിങ്ങ് എന്‍ജിനീയറോട് അതു സംബന്ധിച്ച് അന്വേഷിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. അതു ഫലം ചെയ്തില്ല എന്നു വന്നപ്പോഴാണ് സി.പി.എം ജില്ലാ സെക്രട്ടറി എന്ന നിലയ്ക്ക് എന്നെ കാണാന്‍ വന്നത്. 

ഞാന്‍ ഒരു ജനപ്രതിനിധിയല്ല. പക്ഷേ, സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയാണ്. ആ നിലയ്ക്ക് എന്തുകൊണ്ടാണ് അനുമതി കൊടുക്കാത്തത് എന്ന കാര്യം അന്വേഷിച്ചു. പൊളിച്ചുനീക്കാന്‍ നോട്ടീസ് കൊടുത്തത് എന്തുകൊണ്ടാണെന്നും ഞാന്‍ അന്വേഷിച്ചു. അതന്വേഷിച്ചപ്പോള്‍ കെട്ടിടനിര്‍മ്മാണച്ചട്ടത്തിന്റെ ലംഘനമുണ്ടായി എന്നായിരുന്നു മറുപടി. സ്വാഭാവികമായും അതു ക്രമവല്‍ക്കരിക്കാനുള്ള നിര്‍ദ്ദേശമാണ് ഞാന്‍ നഗരസഭയ്ക്കു മുന്‍പാകെ വെച്ചത്. അതുപ്രകാരം ജില്ലാ ടൗണ്‍ പ്ലാനറുടെ നേതൃത്വത്തിലുള്ള ഒരു സമിതിയോട് ജോയിന്റ് ഇന്‍സ്പെക്ഷന്‍ നടത്താന്‍ ആവശ്യപ്പെട്ടു. ജോയിന്റ് ഇന്‍സ്പെക്ഷന്‍ റിപ്പോര്‍ട്ട് പ്രകാരം ന്യൂനതകള്‍ പരിഹരിച്ച് പാര്‍ത്ഥാസ് ബില്‍ഡേഴ്സ് വീണ്ടും നഗരസഭയ്ക്ക് ഏപ്രില്‍ മാസം അപേക്ഷ കൊടുത്തു. അതിനുശേഷവും കാലതാമസം വന്നു എന്നതാണ് സാജനെ വല്ലാതെ വിഷമിപ്പിച്ചതും ഇത്തരത്തില്‍ ദാരുണമായ അന്ത്യം അദ്ദേഹത്തിന് ഉണ്ടായതും. അതില്‍ അങ്ങേയറ്റം ദു:ഖമുണ്ട്. 

ഒരു നിക്ഷേപകനെ ദ്രോഹിക്കുന്ന നിലപാട് അവിടുത്തെ സെക്രട്ടറി, എന്‍ജിനീയര്‍, ഓവര്‍സിയര്‍മാര്‍ എന്നിവര്‍ സ്വീകരിച്ചതിനാലാണ് സര്‍ക്കാര്‍ അവര്‍ക്കെതിരെ നടപടിയെടുത്തത്. കെട്ടിടനിര്‍മ്മാണച്ചട്ടം അനുസരിച്ച് അനുമതി കൊടുക്കേണ്ടതും മറ്റും ഉദ്യോഗസ്ഥന്മാരാണ്. എന്നാല്‍, സി.പി.എമ്മിന്റെ ജില്ലാക്കമ്മിറ്റി അംഗം കൂടിയായ ശ്യാമളടീച്ചറാണ് അവിടുത്തെ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍. അവര്‍ക്ക് ഇത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നതില്‍ വീഴ്ച വന്നിട്ടുണ്ട്. ശ്യാമളടീച്ചറിന്റെ ഭാഗത്ത് വീഴ്ച ഉണ്ട്. അത് ടീച്ചര്‍ ഉള്‍ക്കൊള്ളണം.

പി ജയരാജനുമായി രേഖ ചന്ദ്ര നടത്തിയ അഭിമുഖം പുതിയ ലക്കം സമകാലിക മലയാളം വാരികയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ