കേരളം

മൂന്നാം സീറ്റിലുറച്ച് ലീ​ഗ്; അം​ഗീകരിക്കില്ലെന്ന നിലപാടിലുറച്ച് കോൺ​ഗ്രസ്; രണ്ടാം ഘട്ട ചർച്ചയിലും ധാരണയായില്ല

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ട് കോൺഗ്രസും മുസ‍്‌ലിം ലീ​ഗും തമ്മിൽ നടത്തിയ രണ്ടാം ഘട്ട ചർച്ചയും ധാരണയാകാതെ പിരിഞ്ഞു. മത്സരിക്കാൻ മൂന്ന് സീറ്റ് വേണമെന്ന ആവശ്യത്തിൽ ലീഗ് ഉറച്ചു നിന്നെങ്കിലും അംഗീകരിക്കില്ലെന്ന നിലപാട് കോൺഗ്രസ് ആവർത്തിച്ചതോടെയാണ് ചർച്ച വീണ്ടും വഴിമുട്ടിയത്.

മലപ്പുറത്തിനും പൊന്നാനിക്കും പുറമേ കാസർകോട്, പാലക്കാട് സീറ്റുകളിൽ ഒരെണ്ണമാണു ലീഗ് ചോദിക്കുന്നത്. കൊച്ചിയിൽ 26നു നടന്ന ആദ്യഘട്ട ചർച്ച തീരുമാനമാകാതെ പിരിഞ്ഞതിനാലാണ് ഇന്നലെ വീണ്ടും യോഗം ചേർന്നത്.

ലീഗ് ആത്മവിശ്വാസത്തിലാണെന്നു കു‍ഞ്ഞാലിക്കുട്ടി പറഞ്ഞു. വിഷയം തൃപ്തികരമായി പരിഹരിക്കാനാവുമെന്നാണു പ്രതീക്ഷ. ന്യായമല്ലാത്ത കാര്യം തങ്ങൾ ഉന്നയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ആറിന് പാണക്കാട്ട് ചേരുന്ന ഉന്നതാധികാര സമിതി യോഗം അന്തിമ തീരുമാനമെടുക്കുമെന്നു ലീഗ് ദേശീയ ജന. സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയെ കൂടാതെ സംസ്ഥാന ജന. സെക്രട്ടറി കെപിഎ മജീദ്, ദേശീയ ട്രഷറർ പിവി അബ്ദുൽ വഹാബ് എംപി, നിയമസഭാ കക്ഷി നേതാവ് എംകെ മുനീർ എംഎൽഎ എന്നിവരാണു ലീഗിനായി ചർച്ചയിൽ പങ്കെടുത്തത്. 

മൂന്നിനു കേരള കോൺഗ്രസുമായി (എം) ചർച്ച നടത്തുമെന്നും നാലിനു തിരുവനന്തപുരത്ത് കെപിസിസിയുടെ തെരഞ്ഞെടുപ്പു കമ്മിറ്റി ചേരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഓരോ കക്ഷിയും അവരുടെ ആവശ്യങ്ങൾ ഉന്നയിക്കുന്നതു സ്വാഭാവികമാണ്. പക്ഷേ, മുന്നണി ഭദ്രതയും ജനതാത്പര്യവും കണക്കിലെടുത്തേ സീറ്റുകൾ അനുവദിക്കാനാവൂ.  ലീഗുമായുള്ള ദൃഢ ബന്ധത്തിന് അര നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്നും അത് ഊഷ്മളമായി മുന്നോട്ടു കൊണ്ടുപോകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

കോൺഗ്രസിൽ നിന്നു ചെന്നിത്തലയ്ക്കു പുറമേ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും യുഡിഎഫ് കൺവീനർ ബെന്നി ബെഹനാനും  ചർച്ചയിൽ പങ്കെടുത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാടിന് പുറമേ മൂന്ന് ജില്ലകളില്‍ കൂടി ഉഷ്ണതരംഗ മുന്നറിയിപ്പ്; ആലപ്പുഴയില്‍ രാത്രിതാപനില ഉയരും

ലണ്ടനില്‍ വീടിനുള്ളിലേക്ക് വാഹനം ഇടിച്ചുകയറ്റി;നിരവധി പേരെ വാളുകൊണ്ട് വെട്ടി; അക്രമി അറസ്റ്റില്‍

വേനലാണ്.., വെള്ളം കുടിക്കുമ്പോഴും ശ്രദ്ധ വേണം; ഈ ദുശ്ശീലം നിങ്ങളുടെ ആരോഗ്യം മോശമാക്കും

ഇത് സുരേഷ് ഗോപിയല്ല, സുഭാഷ് ഗോപിയാണ്; വോട്ടെടുപ്പ് ദിനത്തില്‍ വൈറലായ വിഡിയോ

റോഡിലെ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ കോടതിയിലേക്ക്; മേയര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് പൊലീസ്