കേരളം

ഇടതു മുന്നണി പട്ടിക എട്ടിന്; സിപിഎം- സിപിഐ സീറ്റുകളിൽ ധാരണ; ജനതാദൾ അടിയന്തര നേതൃ യോഗം ഇന്ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം, സിപിഐ സീറ്റുകളെക്കുറിച്ച് ഇരു പാർട്ടികൾക്കുമിടയിൽ ധാരണ. സ്ഥാനാർഥി പട്ടിക അന്തിമമാക്കാൻ എട്ടിന് ഇടതു മുന്നണി നേതൃ യോഗം ചേരും. സിപിഎം, സിപിഐ കേന്ദ്ര, സംസ്ഥാന നേതൃ യോഗങ്ങൾക്കു ശേഷമാണ് ഇതെന്നതിനാൽ പട്ടിക സംബന്ധിച്ച പ്രഖ്യാപനം ഇതേ യോഗത്തിൽ പ്രതീക്ഷിക്കുന്നു. തർക്കങ്ങളില്ലാത്ത സീറ്റുകളുടെയെല്ലാം കാര്യത്തിൽ അതിനു മുൻപേ എൽഡിഎഫ് തീരുമാനമെടുക്കും.

തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള രണ്ട് മേഖലാ ജാഥകൾക്കു ശനിയാഴ്ച തൃശൂരിൽ സമാപനമായതോടെ സ്ഥാനാർഥി നിർണയത്തിലേക്ക് ഇടതു പാർട്ടികൾ കടന്നു. സിപിഐയുടെ നാല് സീറ്റുകളെക്കുറിച്ച് ഇന്നു നേതൃ യോഗങ്ങൾ തീരുമാനമെടുക്കും. നാളെ ഡൽഹിയിലാരംഭിക്കുന്ന സിപിഐ ദേശീയനിർവാഹക സമിതിയുടെ അംഗീകാരത്തിനു പട്ടിക സമർപ്പിക്കും. ഇന്നു സമാപിക്കുന്ന സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തിനു ശേഷം നാളെയും മറ്റന്നാളും സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരും. ഏഴ്, എട്ട് തീയതികളിലാണു സംസ്ഥാന കമ്മിറ്റി.

എന്നാൽ കഴിഞ്ഞ തവണ മത്സരിച്ച കോട്ടയം വേണ്ടെന്ന ജനതാദളിന്റെ (എസ്) നിലപാട് സിപിഎം ചർച്ച ചെയ്യാനിരിക്കുന്നതേയുള്ളൂ. കോട്ടയത്തു മത്സരിക്കാനുളള താത്പര്യം സിപിഎം ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. ദൾ രണ്ടായി പിളർന്നപ്പോൾ കൂടെ നിന്നവരെ ശക്തിപ്പെടുത്താനായാണ് 2014ൽ അവർക്കു സീറ്റു നൽകിയത്.

ഇപ്പോൾ രണ്ടു ദളുകളും എൽഡിഎഫിൽ എത്തിക്കഴിഞ്ഞു. അതിനാൽ ഇക്കുറി അവർക്കു ലോക്സഭാ സീറ്റു നൽകണമോയെന്നതു സംബന്ധിച്ചു വ്യത്യസ്താഭിപ്രായം സിപിഎമ്മിനു മുന്നിലുണ്ട്. എൻസിപി, ലോക് താന്ത്രിക് ജനതാദൾ, ഐഎൻഎൽ എന്നിവയും സീറ്റ് ചോദിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ സിപിഎമ്മിനു ജയിക്കാൻ തങ്ങളുടെ കനിവു വേണമെന്നു ചൂണ്ടിക്കാട്ടി ഇവിടെ സമ്മർദമുണ്ടാക്കുകയാണ് എൻസിപി. കേന്ദ്ര കമ്മിറ്റി യോഗം കഴിഞ്ഞു മടങ്ങിയെത്തുന്ന സിപിഎം നേതാക്കൾ മറ്റു കക്ഷികളുമായി പ്രത്യേക ചർച്ച നടത്തും.

അതേസമയം സീറ്റിന്റെ കാര്യത്തിൽ ഇടഞ്ഞു നിൽക്കുന്ന ജനതാദൾ (എസ്) ഇന്ന് കൊച്ചിയിൽ അടിയന്തര നേതൃ യോഗം വിളിച്ചു. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ഉച്ചയ്ക്കു ശേഷം സംസ്ഥാന സമിതിയും ചേരും. കഴിഞ്ഞ തവണ നൽകി, വൻ പരാജയത്തിൽ കലാശിച്ച കോട്ടയം സീറ്റ് ഇക്കുറി വേണ്ടെന്നു സിപിഎമ്മിനെ പാർ‌ട്ടിന നേരത്തെ അറിയിച്ചിരുന്നു.

പകരം തിരുവനന്തപുരം, പത്തനംതിട്ട,എറണാകുളം, കോഴിക്കോട് സീറ്റുകളിലൊന്നു വേണം. ഇക്കാര്യത്തിൽ സിപിഎം വ്യക്തത നൽകാത്തതാണു പ്രശ്നം. പാർട്ടി സംസ്ഥാന സമ്മേളനത്തിനെത്തിയ ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൗഡ ലോക്സഭാ സീറ്റിന്റെ കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നു നിർദേശിച്ചിരുന്നു.

എംപി വീരേന്ദ്രകുമാർ വിഭാഗം മുന്നണി വിട്ടപ്പോൾ ഉൾപ്പെടെ സിപിഎമ്മിനൊപ്പം ഉറച്ചുനിന്ന തങ്ങളെ അവഗണിക്കരുതെന്ന ആവശ്യമാണു ദളിന്റേത്. സീറ്റ് നിഷേധിച്ചാൽ ഏക മന്ത്രിയായ കെ. കൃഷ്ണൻകുട്ടിയെ പിൻവലിപ്പിക്കുന്നതടക്കം ആലോചിക്കുമെന്ന മുന്നറിയിപ്പ് ഒരു വിഭാഗം നേതാക്കൾ നൽകുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി