കേരളം

കുമ്മനം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു; തിരുവനന്തപുരത്ത് സ്ഥാനാര്‍ഥിയാവും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതിനാണ് ഗവര്‍ണര്‍ സ്ഥാനത്തുനിന്നുള്ള രാജി. ഗവര്‍ണര്‍ പദവി ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തില്‍ തിരികെയെത്തുന്നതിന് ബിജെപി കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. 

ഗവര്‍ണര്‍ സ്ഥാനത്തുനിന്നുള്ള കുമ്മനത്തിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. മിസോറം ഗവര്‍ണറുടെ ചുമതല അസം ഗവര്‍ണര്‍ പ്രഫ. ജഗദീഷ് മുഖിക്കു നല്‍കി.

തിരുവനന്തപുരത്ത് ഏറ്റവും വിജയ സാധ്യതയുള്ളത് കുമ്മനത്തിനാണെന്ന് ബിജെപി നടത്തിയ ആഭ്യന്തര സര്‍വേയില്‍ വ്യക്തമായിരുന്നു. 14,501 വോട്ടിനാണ് കഴിഞ്ഞ തവണ ഒ രാജഗോപാല്‍ ശശി തരൂരിനോടു പരാജയപ്പെട്ടത്. ശബരിമല വിഷയത്തെത്തുടര്‍ന്നുള്ള അനുകൂല ഘടകം കൂടി കണക്കിലെടുത്താല്‍ ഇതു മറികടക്കാനാവുമെന്നും കുമ്മനമാണ് ഏറ്റവും യോജ്യനായ സ്ഥാനാര്‍ഥിയെന്നുമാണ് ദേശീയ ഏജന്‍സികളെ ഉപയോഗിച്ചു നടത്തിയ സര്‍വേ കണ്ടെത്തിയത്. ഇതിനു പിന്നാലെ കുമ്മനത്തിനായി ആര്‍എസ്എസ് ശക്തമായി രംഗത്തുവരികയും ചെയ്തു. 

കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിരുന്നു. ഒ രാജഗോപാല്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി രംഗത്തുവരിക കൂടി ചെയ്തതോടെയാണ് കേന്ദ്ര നേതൃത്വം ഈ ആവശ്യം അംഗീകരിച്ചത്. 

ഗവര്‍ണര്‍ സ്ഥാനത്തുള്ള ഏതാനും ബിജെപി നേതാക്കള്‍ സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ചതാണ്, കുമ്മനത്തിന്റെ കാര്യത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം വൈകാന്‍ കാരണം. കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല ഉള്‍പ്പെടെയുള്ളവര്‍ സജീവ രാഷ്ട്രീയത്തിലേക്കു മടങ്ങാന്‍ കേന്ദ്ര നേതൃത്വത്തെ സമീപിച്ചിട്ടുണ്ടെന്നാണ് സൂചന. കുമ്മനത്തെ സ്ഥാനാര്‍ഥിയാക്കുന്നത് ചൂണ്ടിക്കാട്ടി ഇവര്‍ സമ്മര്‍ദം ശക്തമാക്കുമെന്ന വിലയിരുത്തലിലാണ്,  സംസ്ഥാന ഘടകത്തിന്റെ ആവശ്യത്തോട് ബിജെപി കേന്ദ്ര നേതൃത്വം തുടക്കത്തില്‍ അനുകൂലമായി പ്രതികരിക്കാതിരുന്നത്. എന്നാല്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ ഓരോ സീറ്റും വിലപ്പെട്ടതാണെന്നതുകൊണ്ട്, വിജയ സാധ്യത കണക്കിലെടുത്ത് നേതൃത്വം നിലപാടു മാറ്റുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍

കൊടും ചൂട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; പാലക്കാട് ജില്ലയില്‍ ബുധനാഴ്ച വരെ നിയന്ത്രണം തുടരും

75ലക്ഷം രൂപയുടെ ഭാ​ഗ്യം കൊല്ലത്ത് വിറ്റ ടിക്കറ്റിന്; വിൻ വിൻ ലോട്ടറി ഫലം പ്രഖ്യാപിച്ചു