കേരളം

പൊന്നാനിയില്‍ പി വി അന്‍വര്‍ തന്നെ ; എംഎല്‍എമാരെ മല്‍സരിപ്പിക്കുന്നത് സിപിഎമ്മിന് ആത്മവിശ്വാസമുള്ളതുകൊണ്ടെന്ന് കോടിയേരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. രണ്ട് സ്വതന്ത്രര്‍ അടക്കം 16 സ്ഥാനാര്‍ത്ഥികളെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചത്. ഇടുക്കിയില്‍ ജോയ്‌സ് ജോര്‍ജും, പൊന്നാനിയില്‍ പി വി അന്‍വര്‍ എംഎല്‍എയും ഇടതു സ്വതന്ത്രരായി മല്‍സരിക്കുമെന്ന് കോടിയേരി പറഞ്ഞു. 

കാസര്‍കോട് കെ പി സതീഷ് ചന്ദ്രനും, കണ്ണൂരില്‍ പി കെ ശ്രീമതിയും, വടകരയില്‍ പി ജയരാജനും, കോഴിക്കോട് എ പ്രദീപ് കുമാറും, മലപ്പുറത്ത് വി പി സാനുവും പാലക്കാട് എംബി രാജേഷും ആലത്തൂരില്‍ പി കെ ബിജുവും എറണാകുളത്ത് പി രാജീവും ചാലക്കുടിയില്‍ ഇന്നസെന്റും കോട്ടയത്ത് വി എന്‍ വാസവനും മല്‍സരിക്കും. ആലപ്പുഴയില്‍ അഡ്വ. എ എം ആരിഫും, പത്തനംതിട്ടയില്‍ ആറന്മുള എംഎല്‍എ വീണ ജോര്‍ജും കൊല്ലത്ത് കെ എന്‍ ബാലഗോപാലും ആറ്റിങ്ങലില്‍ എ സമ്പത്തും മല്‍സരിക്കും. 

നിലവിലെ എംപിമാരില്‍ പി കരുണാകരന്‍ മാത്രമാണ് ഒഴിവാക്കപ്പെട്ടത്. രണ്ട് ജില്ലാ സെക്രട്ടറിമാരും നാല് എംഎല്‍എമാരും മല്‍സരരംഗത്തുണ്ട്. ലോക്‌സഭ മണ്ഡലം കമ്മിറ്റികള്‍ കൂടി ഇന്നുതന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും കോടിയേരി പറഞ്ഞു. എംഎല്‍എമാരെ കൂട്ടത്തോടെ മല്‍സരിപ്പിക്കുന്നതിനെ കോടിയേരി ന്യായീകരിച്ചു. ഇതാദ്യമായിട്ടല്ല എംഎല്‍എമാര്‍ പാര്‍ലമെന്റില്‍ മല്‍സരിക്കുന്നത്. 2004 ല്‍ യുഡിഎഫ് നാല് എംഎല്‍എമാരെ മല്‍സരിപ്പിച്ചിട്ടുണ്ടെന്ന് കോടിയേരി പറഞ്ഞു. 

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ജയസാധ്യതയാണ് സിപിഎം പരിഗണിച്ചത്. എംഎല്‍എമാരെ സ്ഥാനാര്‍ത്ഥിയാക്കിയത് സിപിമ്മിന്റെ ആത്മവിശ്വാസമാണെന്നും കോടിയേരി പറഞ്ഞു. ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ സിപിഎമ്മിന് ഭയമില്ല. വനിതാമതിലും നവോത്ഥാനവും പറഞ്ഞ സിപിഎം രണ്ട് വനിതകള്‍ക്ക് മാത്രമാണ് സ്ഥാനാര്‍ത്ഥിത്വം നല്‍കിയതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ജയം ഉറപ്പുള്ള സീറ്റുകളിലാണ് വനിതകളെ മല്‍സരിപ്പിക്കുന്നത് എന്നായിരുന്നു കോടിയേരിയുടെ മറുപടി.

പി ജയരാജനെതിരെ കേസുകളുണ്ടെങ്കിലും ഒരു കേസിലും ശിക്ഷിക്കപ്പെട്ടിട്ടില്ല. കേസുകള്‍ ഉണ്ട് എന്നത് മല്‍സരത്തിന് അയോഗ്യതയല്ല.  കേസില്‍ പ്രതിയായിട്ടുള്ളവര്‍ മല്‍സരിക്കാന്‍ പാടില്ലെങ്കില്‍ കോണ്‍ഗ്രസില്‍ എത്രപേര്‍ മല്‍സരരംഗത്തുണ്ടാകും. ജയരാജനെതിരായത് ആരോപണങ്ങള്‍ മാത്രമാണെന്നും കോടിയേരി പറഞ്ഞു. ജയരാജന്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ കണ്ണൂരില്‍ സിപിഎമ്മിന് പൂര്‍ണ സമയ ജില്ലാ സെക്രട്ടറിയുണ്ടാകുമെന്നും കോടിയേരി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ