കേരളം

പിടികൊടുക്കാതെ 'പടക്കുതിരകള്‍'; രാഹുലിന്റെ തീരുമാനം ഇന്നറിയാം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലേക്കുള്ള കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക നീളുന്നു. സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാനുള്ള സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനമായില്ല. മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, എഐസിസി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ ചാണ്ടി, കെസി വേണുഗോപാല്‍ എന്നിവര്‍ കമ്മിറ്റിയില്‍ വ്യക്തമാക്കി. ഇക്കാര്യത്തിലുള്ള അന്തിമ തീരുമാനം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിട്ടു. ഇവരുടെ കാര്യത്തില്‍ തീരുമാനമാകാതെ സ്ഥാനാര്‍ഥി നിര്‍ണയവുമായി മുന്നോട്ടുപോകാനാവില്ലെന്ന് കമ്മിറ്റി വിലയിരുത്തി. കോണ്‍ഗ്രസ് പട്ടികയില്‍ പടക്കുതിരകള്‍ ഉണ്ടായിരിക്കും എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.

സീറ്റ് നിര്‍ണയത്തില്‍ അനിശ്ചിതത്വം ഉടലെടുത്തതോടെ സംസ്ഥാന നേതാക്കള്‍ ഇന്നലെ രാത്രി വൈകി അനൗദ്യോഗിക യോഗം ചേര്‍ന്നു. ഇന്ന് 4നു രാഹുലിന്റെ അധ്യക്ഷതയില്‍ ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം അന്തിമ തീരുമാനമെടുക്കും. സിറ്റിങ് എംപിമാര്‍ എല്ലാവരും മത്സരിക്കണമോ എന്ന കാര്യത്തിലും രാഹുലിന്റെ അഭിപ്രായമറിഞ്ഞ ശേഷം സ്ഥാനാര്‍ഥി പട്ടിക ഇന്ന് ഔദ്യോഗികമായി പുറത്തിറക്കും.

തിരുവനന്തപുരം, കോഴിക്കോട്, മാവേലിക്കര മണ്ഡലങ്ങളില്‍ സിറ്റിങ് എംപിമാര്‍ തുടരും. കെവി തോമസ് (എറണാകുളം), ആന്റോ ആന്റണി (പത്തനംതിട്ട) എന്നിവരുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായി തോമസ് ഇന്നലെ കൂടിക്കാഴ്ച നടത്തി. സ്‌ക്രീനിങ് കമ്മിറ്റി യോഗത്തിനു മുന്നോടിയായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ മുതിര്‍ന്ന നേതാവ് എകെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തി.

ആലപ്പുഴയില്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്നുള്ളയാളെ സ്ഥാനാര്‍ഥിയാക്കണമെന്ന് സ്‌ക്രീനിങ് കമ്മിറ്റി യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സിറ്റിങ് എംഎല്‍എമാരില്‍ ഷാഫി പറമ്പില്‍ (പാലക്കാട്), ഹൈബി ഈഡന്‍ (എറണാകുളം), അടൂര്‍ പ്രകാശ് (ആറ്റിങ്ങല്‍), എപി അനില്‍കുമാര്‍ (ആലത്തൂര്‍) എന്നിവരുടെ പേരുകളും ചര്‍ച്ചയ്ക്കു വന്നു. ഇതിനിടെ, ക്രൈസ്തവ സഭയുടെ പിന്തുണ ഉയര്‍ത്തിക്കാട്ടി വയനാട്, ഇടുക്കി മണ്ഡലങ്ങളില്‍ അവകാശവാദമുന്നയിച്ചു മുന്‍ എംഎല്‍എ കെസി റോസക്കുട്ടി രംഗത്തുവന്നു. ന്യൂനപക്ഷ, വനിതാ പ്രാതിനിധ്യം ഉയര്‍ത്തിക്കാട്ടി ഷാനിമോള്‍ ഉസ്മാന്‍ വയനാട് മണ്ഡലത്തിനായി രംഗത്തുണ്ട്. ഇവരെ ആലപ്പുഴയിലും പരിഗണിക്കുന്നുവെന്നാണു വിവരം.
ഇന്നത്തെ തിരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ രാഹുലിനു പുറമേ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി, എകെ ആന്റണി, കെസി വേണുഗോപാല്‍ എന്നിവരും പങ്കെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷ ഫലം ഇന്ന് ; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്

ഇന്റേണല്‍ഷിപ്പിനെത്തിയെ മഹാരാജാസ് കോളജ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെ പീച്ചി ഡാമില്‍ കാണാതായി; രാത്രിയിലും തിരച്ചില്‍

വെറും 58 പന്ത്; പുഷ്പം പോല 166 റണ്‍സ്; സണ്‍റൈസേഴ്‌സ് മൂന്നാം സ്ഥാനത്ത്