കേരളം

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടി വരും; മുന്നറിയിപ്പുമായി മന്ത്രി സുനില്‍കുമാര്‍ 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടി വരുമെന്ന് മന്ത്രി വി എസ് സുനില്‍കുമാറിന്റെ മുന്നറിയിപ്പ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് മന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയത് ജില്ലാ കലക്ടറാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയില്ല. ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കുമെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് എഴുന്നള്ളിക്കണമെന്ന് കോടതി പറഞ്ഞാല്‍ സര്‍ക്കാര്‍ എതിര്‍ക്കില്ല. പക്ഷെ എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞാല്‍ ഉത്തരവാദപ്പെട്ടവര്‍ മറുപടി പറയേണ്ടിവരുമെന്നും മന്ത്രി സുനില്‍കുമാര്‍ വ്യക്തമാക്കി.തൃശൂര്‍  കളക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയുടെ വിലക്ക് ചോദ്യം ചെയ്ത് തെച്ചിക്കോട്ടുകാവ് ദേവസ്വം നല്‍കിയ ഹര്‍ജിയാണ് നാളെ ഹൈക്കോടതി പരിഗണിക്കുന്നത്. 

പന്ത്രണ്ട് പേരെ കൊലപ്പെടുത്തുകയും കാഴ്ച ഇല്ലാതാവും ചെയ്ത ആന സുരക്ഷാ പ്രശനങ്ങള്‍ ഉണ്ടാക്കുമെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ ടി വി അനുപമ അധ്യക്ഷയായ ജില്ലാ നിരീക്ഷക സമിതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരം എഴുന്നള്ളിപ്പില്‍ നിന്നും വിലക്കിയത്. ഇത് ചോദ്യം ചെയ്താണ് തെച്ചിക്കോട്ടുകാവ് ദേവസ്വം ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

വര്‍ഷങ്ങളായി നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പെടുത്ത് തെക്കേ ഗോപുര നട തള്ളിത്തുറന്ന് പൂര വിളമ്പരം ചെയ്യുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. പൂരത്തിനിടയില്‍ ആന ഒരിക്കല്‍ പോലും ആക്രമം കാണിച്ചിട്ടില്ല. കാഴ്ച ഇല്ല എന്ന മോണിറ്ററിംഗ് കമ്മിറ്റിയുടെ വാദത്തിന് ശാസ്ത്രീയ പിന്‍ബലമില്ല. രണ്ട് കണ്ണിനും കാഴ്ചയില്ലെന്ന്  ഒരു ഡോക്ടര്‍മാരും പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കുന്നതിന് പിന്നില്‍ ഗൂഢാലോചന ഉള്ളതായി സംശയിക്കുന്നുവെന്നാണ് ആന ഉടമകളുടെ വാദം.

അതേസമയം, തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ആനകളുടെ എഴുന്നളളിപ്പില്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് തൃശൂര്‍ കളക്ടര്‍ ടി വി അനുപമ.
ശബ്ദം കേട്ടാല്‍ വിരണ്ടോടുന്ന ആനകള്‍ക്ക് തൃശൂര്‍ നഗരത്തില്‍ വിലക്കുള്ളതായി തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമ വ്യക്തമാക്കി. നീരും ആരോഗ്യപ്രശനങ്ങളുമുള്ള ആനകള്‍ക്കും വിലക്ക് ബാധകമാണ്. മെയ് 12 മുതല്‍ 14വരെയാണ് വിലക്കുള്ളത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും വിലക്ക് ബാധകമാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കു നീക്കിയിട്ടില്ല. 

ഇത്തരം ആനകളെ ഒഴിവാക്കിയാണ് ദേവസ്വങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി നാളെ പരിഗണിക്കുകയാണ്. സബ്ജുഡീസായതിനാല്‍ താന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്ന വിഷയത്തില്‍ കമന്റ് പറയുന്നില്ലെന്നും കളക്ടര്‍ അനുപമ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്