കേരളം

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തിന് എഴുന്നള്ളിക്കാമെന്ന് നിയമോപദേശം; ഉത്തരവാദിത്തം ആനയുടമയ്ക്ക് 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തിന് എഴുന്നള്ളിക്കാമെന്ന് സർക്കാരിന് നിയമോപദേശം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂര വിളംബരത്തിന് മാത്രം ആവശ്യമെങ്കില്‍ എഴുന്നള്ളിക്കാമെന്നും കര്‍ശന ഉപാധികളോടെവേണം അനുമതി നൽകാനെന്നും നിയമോപദേശത്തിൽ പറയുന്നു. അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം സര്‍ക്കാരിന് കൈമാറി. 

അനിഷ്ടസംഭവങ്ങളുണ്ടായാല്‍ ഉത്തരവാദിത്തം ആനയുടമക്കാകും. ഇക്കാര്യം ഉടമയില്‍ നിന്ന് എഴുതിവാങ്ങണമെന്നും എ ജി വ്യക്തമാക്കി. ആനയ്ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണെന്നും നാട്ടാനപരിപാലനച്ചട്ടം പാലിക്കണമെന്നും നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്. 

പൊതുതാത്പര്യം പറഞ്ഞ് ഭാവിയില്‍ ഇത് ക്കാന്‍ പാടില്ല. ആനയ്ക്ക് പ്രകോപനമുണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും ജനങ്ങളെ നിശ്ചിത അകലത്തില്‍ മാറ്റിനിറുത്തണമെന്നും നിയമോപദേശത്തിൽ പറയുന്നു. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്കില്‍ ഹൈക്കോടതി ഇടപെടില്ലെന്ന് അറിയിച്ചതിന് പിന്നാലെയാണ് സർക്കാർ നിയമോപദേശം തേടിയത്.  ആനയെ വിലക്കിക്കൊണ്ടുള്ള നാട്ടാന നിരീക്ഷക സമിതിയുടെ തീരുമാനത്തില്‍ ഇടപെടാനില്ലെന്നും‌ ഇക്കാര്യത്തില്‍ ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങള്‍ തീരുമാനം എടുക്കട്ടെ എന്നുമാണ് കോടതി അഭിപ്രായപ്പെട്ടത്. കോടതി വിധി സ്വാഗതം ചെയ്യുന്നതായും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും കടകംപള്ളി പറഞ്ഞു. 

കളക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയാണ് ആനയുടെ ആരോഗ്യസ്ഥിതിയും സ്വഭാവസവിശേഷതകളും വിലയിരുത്തിയശേഷം വിലക്കേര്‍പ്പെടുത്തിയത്. ഇത് ചോദ്യം ചെയ്ത് തെച്ചിക്കോട് കാവ് ദേവസ്വം അധികൃതരാണ്  ഹൈക്കോടതിയെ സമീപിച്ചത്. പന്ത്രണ്ട് പേരെ കൊലപ്പെടുത്തുകയും, ഒരു കണ്ണിന് പൂര്‍ണമായും മറ്റേ കണ്ണിന് ഭാഗികമായും കാഴ്ച ഇല്ലാത്ത ആനയെ പൂരത്തിന് എഴുന്നള്ളിക്കുന്നത് സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് നിരീക്ഷക സമിതിയുടെ വിലയിരുത്തല്‍. എന്നാല്‍ ശാസ്ത്രീയ പരിശോധനകള്‍  നടത്താതെയാണ് ആനയ്ക്ക് കാഴ്ചയില്ലെന്ന് മോണിറ്ററിംഗ് കമ്മിറ്റി നിലപാട് സ്വീകരിച്ചതെന്നാണ് ദേവസ്വത്തിന്റെ വാദം. 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നള്ളിക്കാത്തതില്‍ പ്രതിഷേധിച്ച് ആന ഉടമകളുടെ സംഘടന രംഗത്തുവന്നിരുന്നു. ഈ തീരുമാനവുമായി മുന്നോട്ടുപോയാല്‍ ശനിയാഴ്ച മുതല്‍ ഉല്‍സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ആനയെ വിട്ടുനല്‍കില്ലെന്നാണ് ആന ഉടമകള്‍ പറയുന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിപ്പിക്കുന്നതിനെ വനംമന്ത്രി കെ രാജുവും എതിര്‍ക്കുകയാണ്. ശബ്ദം കേട്ടാല്‍ വിരളുകയും നീരും ആരോഗ്യപ്രശ്‌നങ്ങളുമുള്ള ആനകളുടെ വിലക്ക് തുടരുമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയും വ്യക്തമാക്കിയിട്ടുണ്ട്.

2011 മുതല്‍ തൃശ്ശൂര്‍ പൂരത്തിന് തെക്കേ ഗോപുര വാതില്‍ തള്ളിത്തുറക്കുന്ന ആചാരപ്രധാനമായ ചടങ്ങിന് നിയോഗിക്കുന്നത് തെച്ചിക്കോട്ട് രാമചന്ദ്രനെയാണ്. കൂട്ടാനകളെ കുത്തുമെന്ന ആരോപണത്തെ തുടര്‍ന്ന് അന്ന് ഉദ്യോഗസ്ഥതലത്തില്‍ ആനയ്ക്ക് വിലക്കുവന്നിരുന്നു. പിന്നീട് രാഷ്ട്രീയ ഇടപെടലിലൂടെയാണ് അതു മറികടന്നത്. തൃശ്ശൂര്‍ പൂരത്തിനെത്തിയതോടെയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരാധകര്‍ വര്‍ധിക്കുന്നത്.
 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി