കേരളം

വീടിന് പിന്നില്‍ ആല്‍ത്തറയും മന്ത്രവാദക്കളവും ; ലോട്ടറി എടുത്ത് കളത്തില്‍ വെച്ച് പൂജ ; അന്വേഷണം കോട്ടൂരിലെ മന്ത്രവാദിയിലേക്കും നീളുന്നു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ലേഖയുടെയും മകള്‍ വൈഷ്ണവിയുടെയും ജീവനെടുത്തത് അന്ധവിശ്വാസവും മന്ത്രവാദവും. ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്റെ വീട്ടില്‍ മന്ത്രവാദവും ആഭിചാരക്രിയകളും നിത്യ സംഭവമായിരുന്നു. വീടിന് പിന്നില്‍ പരദേവതകള്‍ക്കായി ആല്‍ത്തറ കെട്ടി. മന്ത്രവാദക്കളം നിര്‍മ്മിച്ചു. മറ്റുസ്ഥലങ്ങളില്‍ നിന്നുള്ളവര്‍ പോലും ഇവിടെ മന്ത്രവാദത്തിന് എത്താറുണ്ടായിരുന്നതായി ലേഖ ആത്മഹത്യാക്കുറിപ്പില്‍ സൂചിപ്പിച്ചു. 

ചന്ദ്രന്റെ അമ്മ കൃഷ്ണമ്മ കടുത്ത അന്ധവിശ്വാസിയായിരുന്നു. ആദ്യമൊന്നും മന്ത്രവാദത്തില്‍ വിശ്വാസമില്ലാതിരുന്ന ചന്ദ്രന്‍, പിന്നീട് അമ്മയുടെ വാക്കുകേട്ട് അന്ധവിശ്വാസിയായി മാറി. ചെലവിന് കാശില്ലെങ്കിലും മന്ത്രവാദത്തിനും പൂജകള്‍ക്കുമായി ഇയാള്‍ പണം കണ്ടെത്തിയിരുന്നു. രാത്രിയിലാണ് പൂജകള്‍. പരദേവതകളെ പ്രീതിപ്പെടുത്താന്‍ കോഴികളെ കുരുതി നല്‍കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

കൃത്യമായി ജോലിക്ക് പോയില്ലെങ്കിലും ചന്ദ്രന്‍ സ്ഥിരമായി ലോട്ടറി എടുക്കും. ലോട്ടറി ആല്‍ത്തറയില്‍ പൂജിക്കുന്നതും പതിവാണ്. വായ്പക്കുടിശ്ശിക അടയ്ക്കാനുള്ള മുന്നറിയിപ്പ് നോട്ടീസ് ബാങ്കിൽ നിന്നും വരുമ്പോള്‍, അതും ആല്‍ത്തറയില്‍ വെച്ച് പൂജിക്കും. ലോട്ടറി അടിക്കാന്‍ പരദേവത സഹായിക്കുമെന്നും, വായ്പ അടയ്ക്കാനുള്ള തുക അതില്‍ നിന്നും ലഭിക്കുമെന്നും അമ്മ കൃഷ്ണമ്മ ചന്ദ്രനെ വിശ്വസിപ്പിച്ചിരുന്നു. 

ഒരുനാള്‍ ലോട്ടറി അടിച്ച് മകന്‍രെ കടമെല്ലാം തീര്‍ക്കുമെന്ന് കൃഷ്ണമ്മ അയല്‍വാസികളോട് പറഞ്ഞിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കൃഷ്ണമ്മ വീടും പുരയിടവും വില്‍ക്കാനുള്ള നീക്കത്തില്‍ നിന്നും ചന്ദ്രനെ പിന്‍വലിപ്പിക്കുമായിരുന്നു. ഇതിനെ എതിര്‍ത്ത ലേഖയെ ഇവര്‍ ആക്രമിച്ചു. വീട്ടിലെത്തുന്ന മന്ത്രവാദിയുടെ നിര്‍ദേശം അനുസരിച്ചാണ് ചന്ദ്രനും അമ്മയും പെരുമാറുന്നതെന്ന് ലേഖ കുറിപ്പില്‍ സൂചിപ്പിക്കുന്നു. 

ഒരിക്കല്‍ അസുഖം ബാധിച്ചപ്പോള്‍ ചികില്‍സ നല്‍കാതെ, നിര്‍ബന്ധിച്ച് മന്ത്രവാദിയുടെ വീട്ടില്‍ കൊണ്ടുപോയി പൂജകള്‍ ചെയ്യിപ്പിച്ചു. ലേഖയുടെ വീട്ടുകാരെത്തിയാണ് രക്ഷിച്ചത്. മകളുടെ മുടി മുറിക്കാന്‍ നിര്‍ദേശിച്ചെങ്കിലും വൈഷ്മവിയുടെ എതിര്‍പ്പിനെ തുടര്‍ന്ന് ശ്രമം ഉപേക്ഷിക്കുകയായിരുന്നു എന്നും നാട്ടുകാര്‍ പറഞ്ഞു. 

അതിനിടെ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം കോട്ടൂരിലെ മന്ത്രവാദിയിലേക്കും നീളുന്നു. മന്ത്രവാദവും പൂജകളും ചന്ദ്രന്‍ നടത്തിയിരുന്നത് കോട്ടൂരിലെ ഒരു മന്ത്രവാദിയുടെ നേതൃത്വത്തിലാണെന്ന് പരിസരവാസികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രാത്രികാലങ്ങളിലാണ് ഇയാള്‍ ഇവിടെ എത്തിയിരുന്നത്. ഇയാള്‍ കോട്ടൂരില്‍ ഉള്ളതാണെന്ന് മാത്രം അറിയാം. മറ്റുവിവരങ്ങള്‍ ഒന്നും പരിസരവാസികള്‍ക്ക് അറിയില്ല. പ്രദേശവാസികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇക്കാര്യവും അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

വരുന്നു പള്‍സറിന്റെ 'ബാഹുബലി'; സ്‌പോര്‍ട്ടി ലുക്ക്, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, എന്‍എസ് 400

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്