കേരളം

ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തതെന്ന് ജനങ്ങള്‍ അന്വേഷിക്കും; മലര്‍ന്നു കിടന്ന് തുപ്പരുത്; ദിവാകരന് വിഎസിന്റെ മറുപടി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭരണപരിഷ്‌കരണ കമ്മീഷന്‍ സമ്പൂര്‍ണ പരാജയമാണെന്നും മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സിപിഐ മന്ത്രിമാരുടെ ഫയലുകള്‍ തടഞ്ഞുവെച്ചുവെന്നുമുളള സിപിഐ നേതാവ് സി ദിവാകരന്റെ വിമര്‍ശനത്തിന് മറുപടിയുമായി സിപിഎം നേതാവ് വി എസ് അച്യുതാനന്ദന്‍. 'ഭരണ പരിഷ്‌കരണ കമ്മീഷന്‍ പരാജയമാണെന്നും, ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങള്‍ അന്വേഷിക്കും. അന്നത്തെ മാധ്യമ വാര്‍ത്തകള്‍ അവര്‍ അയവിറക്കും. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്.' - വി എസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

'ഭരണ പരിഷ്‌കരണ കമ്മീഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിന്റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലായേ തീരൂ.' -  ഭരണപരിഷ്‌കരണ കമ്മീഷന്‍ അധ്യക്ഷനായ വി എസ് കുറിച്ചു.

വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്ക് സിപിഐ മന്ത്രിമാരുടെ ഫയലുകള്‍ തടഞ്ഞുവെച്ചുവെന്നായിരുന്നു സി ദിവാകരന്റെ വിമര്‍ശനം. ഐസക്കിനെന്താ കൊമ്പുണ്ടോ എന്ന് അന്ന് താന്‍ ചോദിച്ചു. അക്കാലത്ത് സിപിഐ മന്ത്രിമാരെ തഴയുന്ന സമീപനമായിരുന്നു എന്നും തിരുവനന്തപുരത്ത് മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗം ഡി സാജു അനുസ്മരണചടങ്ങില്‍ സിപിഎം നേതാക്കള്‍ക്കെതിരെ ദിവാകരന്‍ ആഞ്ഞടിച്ചു. വി എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്‍ സമ്പൂര്‍ണ്ണ പരാജയമാണെന്നും ദിവാകരന്‍ ആരോപിച്ചു. 

കുറിപ്പിന്റെ പൂര്‍ണരൂപം

പാര്‍ലമെണ്ടറി രാഷ്ട്രീയത്തില്‍ പരാജയങ്ങളുണ്ടെന്ന് ഒരു എംഎല്‍എ പ്രഖ്യാപിക്കുമ്പോള്‍, അതൊരു വാര്‍ത്തയാവുകയാണ്. ഭരണ പരിഷ്‌കരണ കമ്മീഷന്‍ പരാജയമാണെന്നും, ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങള്‍ അന്വേഷിക്കും. അന്നത്തെ മാധ്യമ വാര്‍ത്തകള്‍ അവര്‍ അയവിറക്കും. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്.

ഭരണ പരിഷ്‌കരണ കമ്മീഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിന്റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാവില്ല. എന്നാല്‍, ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടുകളോട് പരിഗണനാ വിഷയങ്ങള്‍ നീതി പുലര്‍ത്തുന്നില്ലെങ്കില്‍ അത് പറയുന്നതില്‍ തെറ്റുമില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു