കേരളം

ഇന്ത്യൻ കോഫി ഹൗസിൽ ഭക്ഷണം വിളമ്പാൻ ഇനി 'രാജാവ്' മാത്രമല്ല 'റാണി'യും

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: 61 വർഷത്തെ ചരിത്രമുള്ള ഇന്ത്യൻ കോഫി ​ഹൗസിലെ വെയ്റ്റർമാരുടെ രാജകീയ വേഷത്തിലേക്ക് ഇനി ‘റാണി’മാരുമെത്തുന്നു. ഭക്ഷണം വിളമ്പാൻ വൈകാതെ വനിതകളെത്തുന്ന വിപ്ലവകരമായ മാറ്റത്തിന് കോഫി ഹൗസ് ഒരുങ്ങുകയാണ്. കോഫി ഹൗസ് തിരുവനന്തപുരം ശാഖയിൽ ജോലിയിരിക്കെ മരിച്ച സന്തോഷ് കുമാറിന്റെ ഭാര്യ ഷീനയുടെ പരാതിയാണു മാറ്റത്തിനു കാരണമായത്. ഇവരെ നിയമനത്തിനു പരിഗണിക്കണമെന്ന നിർദേശം വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കോഫി ഹൗസ് ഭരണ സമിതിക്കു കൈമാറി.

തൃശൂർ മുതൽ തെക്കോട്ടുള്ള ജില്ലകളുടെ ചുമതലയുള്ള സൊസൈറ്റിക്കാണു നിർദേശം ലഭിച്ചിരിക്കുന്നത്. ആശ്രിത നിയമനങ്ങൾക്ക് ഇനി സ്ത്രീകളെയും പരിഗണിക്കും. രാത്രി 10 വരെ നീളുന്ന ഷിഫ്റ്റുകൾ കാരണമാണ് ഇതുവരെ പരിഗണിക്കാതിരുന്നതെന്നു കോഫി ഹൗസ് അധികൃതർ പറയുന്നു.

ജൂൺ 16നു തിരഞ്ഞെടുക്കപ്പെടുന്ന പുതിയ ഭരണ സമിതി നിയമനത്തിനു തുടർ നടപടികൾ സ്വീകരിക്കും. അതിനു ശേഷമാകും യൂണിഫോം തീരുമാനിക്കുക. ‘രാജകീയ’ തൊപ്പി കോഫി ഹൗസിന്റെ മുഖമുദ്രയായതിനാൽ സ്ത്രീകൾക്കും ബാധകമായേക്കും. തൃശൂരിനു വടക്കോട്ടുള്ള കോഫി ഹൗസുകൾ നിയന്ത്രിക്കുന്ന കണ്ണൂർ സൊസൈറ്റി പാചക ജോലിക്ക് ആറ് സ്ത്രീകളെ നിയമിച്ചിട്ടുണ്ട്. ജോലി പരിചയമായാൽ ഇവരെയും ഭക്ഷണം വിളമ്പാൻ നിയോഗിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഫ്ലാറ്റിലെ ശുചിമുറിയില്‍ രക്തക്കറ, കുഞ്ഞിനെ പൊതിഞ്ഞ പാഴ്സല്‍ കവര്‍ വഴിത്തിരിവായി; 20 കാരി അടക്കം മൂന്നുപേര്‍ കസ്റ്റഡിയില്‍

ഹിന്ദുക്കളെ രണ്ടാംതരം പൗരന്‍മാരാക്കി; ബംഗാളില്‍ എന്താണ് സംഭവിക്കുന്നത്?; മമത സര്‍ക്കാരിനെതിരെ പ്രധാനമന്ത്രി

'ഞാന്‍ അക്കാര്യം മറന്നു, ചിന്തിച്ചത് സൂപ്പര്‍ ഓവറിനെ കുറിച്ച്'- ത്രില്ലര്‍ ജയത്തില്‍ കമ്മിന്‍സ്

ചരിത്രമെഴുതുമോ ഈ തെരഞ്ഞെടുപ്പ്?

59 കിലോയിൽ നിന്ന് 52 കിലോയിലേക്ക്: മേക്കോവർ ചിത്രം പങ്കുവച്ച് അമേയ