കേരളം

തോല്‍വിക്ക് കാരണം ശബരിമല മാത്രമല്ല; തുറന്ന് പറഞ്ഞ് കാനം രാജേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എല്‍ഡിഎഫിന്റെ തോല്‍വിയ്ക്ക് കാരണം ശബരിമല മാത്രമല്ലെന്ന് കാനം രാജേന്ദ്രന്‍. മുന്‍പെങ്ങുമില്ലാത്ത തരത്തിലാണ് ഇത്തവണ വ്യത്യാസമുണ്ടായത്. തോല്‍വിക്ക് കാരണമായ എല്ലാ വിഷയങ്ങളും പരിശോധിക്കും. കേരളത്തില്‍ ഇടതുമുന്നണി നേരിട്ടത് വന്‍ പരാജയമാണെന്നും കാനം പറഞ്ഞു

പ്രതിപക്ഷത്തിന്റെ യോജിപ്പില്ലായ്മയാണ് മോദിയുടെ വിജയത്തിന് കാരണം. ബിജെപിക്ക് ബദല്‍ കൊണ്ടുവരുന്നതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ പരാജയപ്പെട്ടെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. 

തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ വലിയ വോട്ടുചോര്‍ച്ചയുണ്ടായെന്ന് പാര്‍ട്ടി പൊളിറ്റ് ബ്യുറോയും വിലയിരുത്തിയിരുന്നു. രാഷ്ട്രീയ ശക്തി വീണ്ടെടുക്കുന്നതിന് ആവശ്യമായ തിരുത്തല്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് പൊളിറ്റ് ബ്യൂറോ യോഗത്തിനു ശേഷം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയ്ക്കുണ്ടായത്. തമിഴ്‌നാട്, ആന്ധ്ര എന്നിങ്ങനെ ചില സംസ്ഥാനങ്ങളില്‍ ഒഴികെ മിക്കയിടത്തും പ്രതിപക്ഷ പാര്‍ട്ടികള്‍ കനത്ത നഷ്ടമാണ് നേരിട്ടത്. സിപിഎമ്മിനു ഇടതു പാര്‍ട്ടികള്‍ക്കും ശക്തമായ തിരിച്ചടിയാണ് തെരഞ്ഞെടുപ്പില്‍ അഭിമുഖീകരിക്കേണ്ടി വന്നതെന്ന് പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ അറിയിച്ചു.

ശക്തികേന്ദ്രങ്ങളില്‍ സിപിഎമ്മിന് വലിയ വോട്ടുചോര്‍ച്ചയുണ്ടായിട്ടുണ്ട്. ഇതിന്റെ കാരണങ്ങളില്‍ ചിലത് രണ്ടു ദിവസമായി ചേര്‍ന്ന പൊളിറ്റ് ബ്യൂറോ യോഗം ചര്‍ച്ച ചെയ്തു. സംസ്ഥാന ഘടകങ്ങള്‍ ഇക്കാര്യങ്ങള്‍ വിമര്‍ശനപരമായി പരിശോധിക്കും. അതിനുശേഷം ജൂണ്‍ ഏഴു മുതല്‍ ഒന്‍പതു വരെ ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം തെരഞ്ഞെടുപ്പു പരാജയം ചര്‍ച്ചാ വിഷയമാക്കും. സിപിഎമ്മിന്റെ ശക്തി വീണ്ടെടുക്കുന്നതിനും ജനകീയ പോരാട്ടങ്ങളിലൂടെ രാഷ്ട്രീയ ഇടപെടല്‍ നടത്തുന്നതിനും വേണ്ട തിരുത്തല്‍ നടപടികള്‍ക്കു കേന്ദ്രകമ്മിറ്റി രൂപം നല്‍കും. കേരളത്തില്‍ ശബരിമല ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തിരിച്ചടിക്കു കാരണമായിട്ടുണ്ടോയെന്ന് സംസ്ഥാന ഘടകം പരിശോധിക്കുമെന്ന് ചോദ്യത്തിനു മറുപടിയായി യെച്ചൂരി പറഞ്ഞു.

അഞ്ചു വര്‍ഷത്തെ എന്‍ഡിഎ ഭരണത്തിലൂടെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിനുണ്ടായ പ്രശ്‌നങ്ങളില്‍നിന്നു ശ്രദ്ധ തിരിച്ചാണ് ബിജെപി വിജയം നേടിയതെന്ന് സിപിഎം പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. അതി ദേശീയതാ വാദങ്ങളും ഭീകരതയ്‌ക്കെതിരായ പോരാട്ടവും ഉയര്‍ത്തിക്കാട്ടി ദൈനംദിന ജീവിത പ്രശ്‌നങ്ങളെ മറച്ചുപിടിക്കുകയാണ് ബിജെപി ചെയ്തത്. ഇതിന് സാങ്കേതിക വിദ്യയും സൂക്ഷ്മ തലത്തിലുള്ള സോഷ്യല്‍ എന്‍ജിനിയറിങ്ങും മാധ്യമ സഹായവും വന്‍തോതിലുള്ള ധനശക്തിയുമെല്ലാം അവര്‍ ഉപയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു കമ്മിഷനും ഇതില്‍ ്അവരുടേതായ പങ്കു വഹിച്ചെന്ന് പൊളിറ്റ് ബ്യൂറോ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്

ഹാപ്പി ബര്‍ത്ത്‌ഡേ ക്വീന്‍; സാമന്തയ്ക്ക് 37ാം പിറന്നാള്‍

കേരളത്തിന്റെ അഭിമാനം; ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറി സജന സജീവന്‍

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി