കേരളം

പ്രളയ സെസ് ജൂൺ ഒന്നുമുതൽ; സർക്കാർ ഉത്തരവായി 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്ടിക്ക് പുറമെ ഒരു ശതമാനം അധികനികുതി ഏര്‍പ്പെടുത്തുന്ന പ്രളയ സെസ് ജൂൺ ഒന്നുമുതൽ നിലവിലാക്കാൻ സർക്കാർ ഉത്തരവായി. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനു വേണ്ടിയാണ് സെസ് തുക നീക്കിവയ്ക്കുക. 

സ്വർണം ഒഴികെ അഞ്ചു ശതമാനമോ അതിൽ കുറവോ സ്ലാബിൽപെട്ട ചരക്കുകളുടെ മേൽ സെസ് ഏർപ്പെടുത്തിയിട്ടില്ല. അഞ്ചാമത്തെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള സ്വർണം, വെള്ളി, പ്ലാറ്റിനം ആഭരണം ഉൾപ്പടെയുള്ള ചരക്കുകൾക്കു  0.25 ശതമാനം പ്രളയ സെസ് ഏർപ്പെടുത്തിയിട്ടുണ്ട്. 

ജിഎസ്ടി നിരക്ക് 12, 18, 28 ശതമാനം എന്നീ പട്ടികയിൽ വരുന്ന ചരക്കുകളുടെയും അഞ്ചുശതമാനവും അതിൽ കൂടുതലും നികുതിനിരക്കുള്ള സേവനങ്ങളുടെയും വിതരണത്തിന് വിതരണമൂല്യത്തിൻമേലാണ് ഒരു ശതമാനം പ്രളയ സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. 

കോമ്പോസിഷൻ രീതി തിരഞ്ഞെടുത്തിട്ടുള്ള വ്യാപാരികളെ സെസിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതതു മാസത്തെ പ്രളയസെസ് വിവരങ്ങൾ ഫോം നമ്പർ KFC -A Kerala Flood Cess Rules 2019 ൽ www.keralataxes.gov.in എന്ന വെബ്സൈറ്റ് വഴി സമർപ്പിക്കാനാണ് നിർദ്ദേശം, 

സംസ്ഥാനത്തിനകത്ത് മാത്രമാണ് സെസ് ബാധകമാവുക. കേരളത്തിന് പുറത്ത് നിന്ന് വാങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് സെസ് ഉണ്ടാകില്ല. ഇത്തരത്തില്‍ രണ്ട് വര്‍ഷം ജനങ്ങളില്‍ നിന്നും സെസ് ഈടാക്കുന്നതിലൂടെ 600 കോടി രൂപ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. 

നടപ്പ് ബഡ്ജറ്റിലാണ് ഒരു ശതമാനം പ്രളയസെസ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് ഏപ്രില്‍ ഒന്നു മുതല്‍ സെസ് നടപ്പാക്കേണ്ടതായിരുന്നു. ഇതിനിടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വന്നതിനാല്‍ ജൂണിലേക്ക് നീട്ടിവയ്ക്കുകയായിരുന്നു. 

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ ഏകദേശം 27000 കോടിയോളം രൂപ വേണമെന്നാണ് കണക്ക്. ഇതിന് വേണ്ടി ജിഎസ്ടിക്ക് മേല്‍ രാജ്യവ്യാപകമായി ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തി 2000 കോടി രൂപ സമാഹരിക്കാനുള്ള നിര്‍ദേശം സംസ്ഥാനം കേരളത്തിന് സമര്‍പ്പിച്ചിരുന്നു. ഇത് ജിഎസ്ടി കൗണ്‍സില്‍ തള്ളിയതോടെയാണ് കേരളത്തില്‍ മാത്രമായി പ്രളയസെസ്് പിരിക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ പ്രത്യേകാനുമതി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ