കേരളം

'മോദി സര്‍ക്കാരിനെപ്പോലെ കേരളത്തിലെ ഇടതുസര്‍ക്കാരും പ്രവര്‍ത്തിക്കരുത്' ; വിമര്‍ശനവുമായി കാനം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കോഴിക്കോട് പന്തീരാങ്കാവില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ വിഷയത്തില്‍ സര്‍ക്കാരിനെതിരെ വീണ്ടും സിപിഐ. മോദി സര്‍ക്കാരിനെപ്പോലെ കേരള സര്‍ക്കാരും പ്രവര്‍ത്തിക്കരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ഇടതുപാര്‍ട്ടികള്‍ യുഎപിഎ നിയമത്തിനെതിരാണ്. അതാണ് പ്രകാശ് കാരാട്ടും പറഞ്ഞത്. ഇക്കാര്യം തന്നെയാണ് സിപിഐയും പറഞ്ഞത്. രാജ്യവ്യാപകമായ ഇടതുപ്രതിരോധത്തെ സര്‍ക്കാര്‍ ദുര്‍ബലമാക്കരുതെന്നും കാനം ആവശ്യപ്പെട്ടു.

മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പാര്‍ട്ടിയല്ല സിപിഐ. ഉന്മൂലന സിദ്ധാന്തമാണ് ഇന്ത്യയിലെ മാവോയിസ്റ്റുകള്‍ നടപ്പാക്കിയത്. ഇതുതന്നെയാണ് ഇപ്പോള്‍ പൊലീസും പിന്തുടരുന്നത്. ഈ ഉന്മൂലന സിദ്ധാന്തം പൊലീസും നടപ്പാക്കാന്‍ പാടില്ല എന്നത് മാത്രമാണ് സര്‍ക്കാരിനോടുള്ള അഭിപ്രായ വ്യത്യാസം. ഇടതുപക്ഷമുന്നണി എടുക്കുന്ന നിലപാടുകള്‍ക്കപ്പുറം പൊലീസ് എടുക്കുന്ന നടപടികളെയെല്ലാം പിന്തുണയ്ക്കാന്‍ സിപിഐക്ക് ബാധ്യതയില്ലെന്നും കാനം പറഞ്ഞു.

പൊലീസ് നടപടിയെ രാഷ്ട്രീയപാര്‍ട്ടികള്‍ എങ്ങനെ നോക്കി കാണുന്നു എന്നത് പ്രകാശ് കാരാട്ട് പറഞ്ഞപ്പോള്‍ തന്നെ എല്ലാവര്‍ക്കും ബോധ്യമായിക്കാണില്ലേയെന്നും കാനം ചോദിച്ചു. ഇതുതന്നെയാണ് സിപിഐയും പറയുന്നത്. പൊലീസിന്റെ തെളിവാണ് അന്തിമം എന്ന് വിചാരിക്കരുത്. ലോകത്ത് എവിടെയെങ്കിലും ഒരു പൊലീസുകാരന്‍ കമിഴ്ന്ന് കിടന്ന് മഹസ്സര്‍ എഴുതുന്നത് കണ്ടിട്ടുണ്ടോയെന്നും കാനം ചോദിച്ചു. പൊലീസ് പുറത്തുവിട്ട വീഡിയോയിലാണ് ഈ ദൃശ്യമുള്ളത്. അതുകൊണ്ട് പൊലീസ് പറയുന്നതെല്ലാം ശരിയാണെന്ന് വിചാരിക്കേണ്ട. അതെല്ലാം കോടതി തീരുമാനിക്കട്ടെ എന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

പന്തീരാങ്കാവില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയ നടപടി തെറ്റാണെന്ന് സിപിഎം പിബി അംഗം പ്രകാശ് കാരാട്ട് ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു. പൊലീസ് തെറ്റായാണ് യുഎപിഎ നിയമം ഉപയോഗിച്ചത്. സര്‍ക്കാരും പൊലീസും തെറ്റ് തിരുത്തണം. ലഘുലേഖകളും പുസ്തകങ്ങളുമല്ല യുഎപിഎ ചുമത്താന്‍ അടിസ്ഥാനമാക്കേണ്ടത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതില്‍ ന്യായീകരണമില്ല. യുഎപിഎ നിയമത്തിന് പാര്‍ട്ടി എതിരാണ്. മാവോയിസ്റ്റ് ഏറ്റുമുട്ടലുകളില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുന്നുണ്ട്. അതില്‍ സത്യം പുറത്തുവരട്ടെയെന്നും സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാപ്പ് പറഞ്ഞില്ലെങ്കില്‍ രണ്ടുകോടി നഷ്ടപരിഹാരം; ശോഭയ്ക്കും സുധാകരനും നന്ദകുമാറിനും നോട്ടീസ്

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ഇവയൊന്നും ഫ്രിഡ്‌ജിൽ കയറ്റരുത്

ജോസച്ചായൻ പറഞ്ഞതിലും നേരത്തെ അങ്ങ് എത്തും; 'ടർബോ' റിലീസ് പ്രഖ്യാപിച്ചു