കേരളം

ശബരിമല വിധിയില്‍ ആശയക്കുഴപ്പം; സര്‍ക്കാര്‍ വ്യക്തത വരുത്തണം: സിപിഎം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന കേസിലെ പുനപ്പരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയില്‍ ആശയക്കുഴപ്പമുണ്ടെന്ന് സിപിഎം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആശയ വ്യക്തത വരുത്തി വിധി നടപ്പാക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. റിവ്യൂ ഹര്‍ജികളിലെ വിധിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ശബരിമല കേസിലെ റിവ്യു, റിട്ട് ഹര്‍ജികളിന്മേല്‍ സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തുവെന്നമട്ടില്‍ ചില മാധ്യമ വാര്‍ത്തകളില്‍ പലതും ഭാവന മാത്രമാണ്.

സ്ത്രീപുരുഷ സമത്വം എല്ലാ രംഗത്തുമുണ്ടാകണമെന്നതാണ് പാര്‍ട്ടി നിലപാട്. എന്നാല്‍, അതത് കാലത്തെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും കോടതിവിധികളുടെയും അടിസ്ഥാനത്തിലാണ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കേണ്ടത്. 1991ലെ കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് 2018 സെപ്റ്റംബര്‍ 28 വരെ ശബരിമല സ്ത്രീപ്രവേശന കാര്യത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിച്ചത്. സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി വന്നതിന് ശേഷം അത് നടപ്പിലാക്കാനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്വത്തവും നിര്‍വ്വഹിച്ചു.

ഇപ്പോഴത്തെ സുപ്രീംകോടതി വിധിയും നടപ്പിലാക്കലാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്തം. എന്നാല്‍ ഈ വിധി വലിയ ആശയക്കുഴപ്പമുള്ളതാണെന്ന പൊതു അഭിപ്രായം നിയമവൃത്തങ്ങളില്‍ ഉള്‍പ്പെടെയുണ്ട്. അതുകൊണ്ട് ആശയ വ്യക്തത വരുത്തി എന്താണോ സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി നിഷ്‌കര്‍ഷിക്കുന്നത് അത് നടപ്പിലാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് സംസ്ഥാന സര്‍ക്കാര്‍ നിര്‍വ്വഹിക്കേണ്ടത്. ഇക്കാര്യം മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. അത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നവരെ നിരാശരാക്കിയിട്ടുണ്ടെന്നാണ് വാര്‍ത്തകളില്‍ പ്രതിഫലിക്കുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇടുക്കി ഡാമില്‍ 35 ശതമാനം വെള്ളം മാത്രം; അണക്കെട്ടുകൾ വരള്‍ച്ചയുടെ വക്കില്‍

കോഹ്‌ലിയെ തള്ളി ഋതുരാജ് ഒന്നാമത്

ഓസ്‌കര്‍ നേടിയ ഏക ഇന്ത്യന്‍ സംവിധായകന്‍: സത്യജിത്ത് റായ് എന്ന ഇതിഹാസം

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

മൊബൈല്‍ മോഷ്ടാവിനെ പിടികൂടുന്നതിനിടെ വിഷം കുത്തിവച്ചു; പൊലീസുകാരന്‍ മരിച്ചു