കേരളം

ഓടിക്കാനാളില്ല; പ്രതിസന്ധി തുടരുന്നു; കെഎസ്അര്‍ടിസി സര്‍വീസ് ഇന്ന് മുടങ്ങും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 2320 താല്‍ക്കാലിക ഡ്രൈവര്‍മാരെ ഹൈകോടതി നിര്‍ദേശപ്രകാരം പിരിച്ചുവിട്ടതോടെ സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കൂട്ടത്തോടെ നിലച്ചു.പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയാത്തതിനാല്‍ വരുംദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകും.

വെള്ളിയാഴ്ച 1200ലധികം സര്‍വീസുകള്‍ മുടങ്ങിയേക്കും. വരുമാനം കുറവുള്ള ഓര്‍ഡിനറി ബസുകള്‍ റദ്ദാക്കി പരമാവധി ദീര്‍ഘദൂരബസുകള്‍ ഓടിക്കാനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്. ഇത് ഗ്രാമീണമേഖലകളില്‍ യാത്രാക്ലേശം രൂക്ഷമാക്കി.

തെക്കന്‍ ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷം. സ്ഥിരം ഡ്രൈവര്‍മാര്‍ കുറവായ ഈ മേഖലയില്‍ 1482 താത്കാലിക ഡ്രൈവര്‍മാരെയാണ് ഒഴിവാക്കേണ്ടിവന്നത്. ഇത് മറികടക്കാന്‍ ബസുകള്‍ റദ്ദാക്കുകയല്ലാതെ മറ്റുമാര്‍ഗമില്ലെന്ന് അധികൃതര്‍ പറയുന്നു.

എംപാനല്‍ഡ് ഡ്രൈവര്‍മാരെ പൂര്‍ണമായും ഒഴിവാക്കിയതായി വ്യാഴാഴ്ച കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. എംപാനല്‍ഡ് െ്രെഡവര്‍മാരെ പിരിച്ചുവിടാന്‍ മുമ്പ് കോടതി വിധിയുണ്ടായിരുന്നു. ഇവരെ പിരിച്ചുവിട്ടശേഷം തിരിച്ചെടുത്തു. ഇതിനെതിരേ എത്തിയ ഹര്‍ജിയിലാണ് കോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായത്. പി.എസ്.സി.വഴി മാത്രമേ സ്ഥിരനിയമനം പാടുള്ളൂ. ആവശ്യമെങ്കില്‍ നിയമവിധേയമായി താത്കാലിക നിയമനം ആകാമെന്നാണ് കോടതിവിധി.

നിയമാനുസൃതമായ കരാര്‍ നിയമനമാണ് പ്രതിസന്ധി മറികടക്കാന്‍ മുന്നിലുള്ള മാര്‍ഗം. ബദല്‍മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. കേസില്‍ നിയമപരമായ സാധ്യതകള്‍ കുറവാണ്. ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ നയപരമായ തീരുമാനങ്ങള്‍ക്കും പരിമിതികളുണ്ട്.

ഇപ്പോഴുള്ള ഡ്രൈവര്‍മാരെ പുനര്‍വിന്യസിച്ചാലും ഫലമുണ്ടാകില്ല. അവധി നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഡ്രൈവര്‍മാര്‍ക്ക് നിയമപരമായ വിശ്രമം നല്‍കാതെ തുടര്‍ച്ചയായി ഡ്യൂട്ടിക്ക് നിയോഗിക്കാനാകില്ല. യാത്രക്കാരുടെ സുരക്ഷയും കണക്കിലെടുക്കേണ്ടതുണ്ട്. വ്യാഴാഴ്ച അവധി അനുവദിച്ചിരുന്നത് റദ്ദാക്കി പലരെയും തിരിച്ചുവിളിച്ചു. എന്നാല്‍, ഇത് തുടര്‍ദിവസങ്ങളില്‍ ഫലപ്രദമാകില്ല. പകരം െ്രെഡവര്‍മാരില്ലാതെ മുന്നോട്ടുപോകാനാകാത്ത സ്ഥിതിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കള്ളക്കടല്‍ പ്രതിഭാസം; ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം

പുരിയില്‍ പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്; സുചാരിതയ്ക്ക് പകരം ജയ് നാരായണ്‍ മത്സരിക്കും

'വീടിന് സമാനമായ അന്തരീക്ഷത്തില്‍ പ്രസവം'; വിപിഎസ് ലേക്‌ഷോറില്‍ അത്യാധുനിക ലേബര്‍ സ്യൂട്ടുകള്‍ തുറന്നു

ഈ മാസവും ഇന്ധന സർചാർജ് തുടരും; യൂണിറ്റിന് 19 പൈസ

കനത്ത മഴ, ബ്രസീലില്‍ വെള്ളപ്പൊക്കം; പ്രളയക്കെടുതിയില്‍ 56 മരണം