കേരളം

രാഷ്ട്രീയക്കാരും റവന്യൂ ഉദ്യോഗസ്ഥരും അഭിഭാഷകരും അടക്കം 11 പേര്‍ നിരീക്ഷണത്തില്‍ ; ടോം തോമസിന്റെ പൊന്നാമറ്റം വീട് പൂട്ടി സീല്‍ ചെയ്തു; രാസപരിശോധന ഫലം വേഗം വേണമെന്ന് എസ്പി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പര നടന്ന ടോം തോമസിന്റെ പൊന്നാമറ്റം വീട് പൊലീസ് പൂട്ടി സീല്‍ ചെയ്തു. തെളിവ് നശിപ്പിക്കപ്പെടാതിരിക്കാനാണ് പൊലീസിന്റെ നടപടി. കൂട്ടക്കൊലപാതകങ്ങള്‍ക്ക് ജോളിയെ സഹായിച്ചവരെ കണ്ടെത്താനുള്ള അന്വേഷണവുമായി പൊലീസ് സംഘം മുന്നോട്ടുപോകുകയാണ്. ഇതുവരെ ചോദ്യം ചെയ്യാത്ത ചിലരും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുണ്ട്. അന്വേഷണസംഘത്തെ മാറ്റാനും ജോളി ശ്രമിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 

പതിനൊന്നു പേര്‍ പൊലീസിന്റെ നിരീക്ഷണത്തിലുള്ളതായാണ് റിപ്പോര്‍ട്ട്. ചില രാഷ്ട്രീയ നേതാക്കള്‍, റവന്യൂ ഉദ്യോഗസ്ഥര്‍, അഭിഭാഷകര്‍ അടക്കം നിരവധി പേര്‍ പൊലീസിന്റെ രാഷ്ട്രീയ നിരീക്ഷണത്തിലുണ്ട്. ജോളിയുമായി അടുത്ത സൗഹൃദം ഉള്ളവരും ബന്ധുക്കളുമെല്ലാം നിരീക്ഷണത്തിലാണ്. സംശയമുള്ള ഏതാനും പേര്‍ക്ക് സ്റ്റേഷന്‍ പരിധി വിട്ടുപോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയ്യാറാക്കിയിട്ടുണ്ട്. ഇവരെ തുടര്‍ ദിവസങ്ങളില്‍ ചോദ്യം ചെയ്യലിന് വിളിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ തീരുമാനം.

കഴിഞ്ഞ ഒരു വര്‍ഷത്തെ ഫോണ്‍വിളികള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. മുമ്പ് പലതവണ ചോദ്യം ചെയ്തശേഷം ജോളിയെ നിരന്തരം വിളിച്ച ഏഴുപേരെ ഉടന്‍ തന്നെ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം. വ്യാജ ഒസ്യത്ത് തയ്യാറാക്കുന്നതിന് നിരവധി പേരുടെ സഹായം ജോളിക്ക് ലഭിച്ചതായും അന്വേഷണസംഘം കണക്കുകൂട്ടുന്നു. രണ്ട് പൊതുപ്രവര്‍ത്തകര്‍ വ്യാജ ഒസ്യത്തില്‍ സാക്ഷികളായി ഒപ്പുവെച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ജോളിയുടെ പേരിലാണ് ടോം തോമസിന്റെ പേരിലുള്ള സ്വത്തുക്കളുടെ നികുതി കൂടത്തായി വില്ലേജ് ഓഫീസ് അധികൃതര്‍ സ്വീകരിച്ചിരുന്നത്. ഇതിന് പിന്നില്‍ റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥയുടെ ഇടപെടലുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. 

ഇതിനെതിരെ കേസുമായി മുന്നോട്ടുപോകുമെന്ന് ടോം തോമസിന്റെ മകന്‍ റോജോ വില്ലേജ് ഓഫീസ് അധികൃതരെ അറിയിച്ചു. ഇതോടെ വിരണ്ടുപോയ ഉദ്യോഗസ്ഥര്‍ സ്വത്തുക്കളെല്ലാം തിരികെ ടോം തോമസിന്റെ പേര്‍ക്ക് എഴുതിവെക്കുകയായിരുന്നു. മകന്‍ റോജോയില്‍ നിന്ന് നികുതി സ്വീകരിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തോടെ ജോളിയുടെ നടപടികളില്‍ റോജോയ്ക്ക് സംശയം ബലപ്പെടുകയായിരുന്നു. 

അതിനിടെ കല്ലറ തുറന്നുള്ള പരിശോധനയുടെ ഫലം എത്രയും വേഗം ലഭ്യമാക്കണമെന്ന് റൂറല്‍ എസ്പി അധികൃതര്‍ക്ക് കത്ത് നല്‍കി. കണ്ണൂര്‍ ഫൊറന്‍സിക് ലാബ് ഡയറക്ടര്‍ക്കാണ് എസ്പി സൈമണ്‍ കത്തുനല്‍കിയത്. കേസിലെ തുടര്‍ അന്വേഷണങ്ങള്‍ക്ക് രാസപരിസോധനാഫലം നിര്‍ണായകമാണെന്ന് കത്തില്‍ എസ്പി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇതുവരെ 212 പേരെയാണ് അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇവരില്‍ പലരെയും വീണ്ടും ചോദ്യം ചെയ്യുമെന്നാണ് സൂചന. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വകാര്യ സന്ദര്‍ശനം; മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിലേക്ക് തിരിച്ചു

പാലക്കാട് യുവതിക്ക് നേരെ ആസിഡ് ആക്രമണം; മുന്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

4x400 മീറ്റര്‍ റിലേ: ഇന്ത്യന്‍ പുരുഷ-വനിതാ ടീമുകള്‍ ഒളിംപിക്‌സ് യോഗ്യത നേടി

എന്തിന് സ്ഥിരമായി വെള്ള ടീഷര്‍ട്ട് ധരിക്കുന്നു? രാഹുലിനോട് ഖാര്‍ഗെയും സിദ്ധരാമയ്യയും, വീഡിയോ

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി