കേരളം

വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉത്തരമില്ല; അപേക്ഷ നല്‍കി മറ്റ് വകുപ്പുകളില്‍ ചോദിക്കാന്‍ മറുപടി!

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  വിവരാവകാശ നിയമപ്രകാരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഉത്തരങ്ങള്‍ ലഭിക്കുന്നില്ല. ഉത്തരമില്ലെന്നു മാത്രമല്ല, മറ്റു വകുപ്പുകളില്‍ പോയി ചോദിക്കണമെന്നുമാണ് മറുപടി. കൊച്ചിയിലെ വിവരാവകാശ പ്രവര്‍ത്തകനായ കെ ഗോവിന്ദന്‍ നമ്പൂതിരിയുടെ അപേക്ഷയിലാണു മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരത്തില്‍ മുഖം തിരിച്ചത്. 

26 ചോദ്യങ്ങളില്‍ ഒന്നിനു മാത്രമാണു പകുതി മറുപടിയെങ്കിലും നല്‍കിയത്. ഉത്തരം നല്‍കാത്ത നടപടിക്കെതിരെ അപേക്ഷകന്‍ അപ്പീല്‍ അധികാരിക്കു പരാതി നല്‍കിയിട്ടുണ്ട്.

വിവരാവകാശ നിയമ പ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചോദ്യങ്ങള്‍ ചോദിച്ചാല്‍ അവിടെ ഇല്ലെങ്കില്‍ അതു ലഭിക്കുന്ന ഓഫീസിനു ചോദ്യം കൈമാറി അക്കാര്യം അപേക്ഷകനെ അറിയിക്കണം. അതു ചെയ്തില്ലെന്നു മാത്രമല്ല ഉത്തരം വേണമെങ്കില്‍ അതു കിട്ടുന്ന ഓഫീസില്‍ വേറെ അപേക്ഷ നല്‍കണമെന്നാണ് മറുപടി.

വിഎസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌കാര കമ്മീഷന്റെ എത്ര റിപ്പോര്‍ട്ടുകള്‍ ലഭിച്ചു, എന്തു നടപടിയെടുത്തു എന്ന ചോദ്യത്തിന് കമ്മീഷനിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസറോടു ചോദിക്കാനാണു മറുപടി. ഡിജിപിയെ നീക്കം ചെയ്തതിന്റെ കാരണം ചോദിച്ചതിന്, അതു വിശദീകരണം തേടുന്നതിനു തുല്യമാണെന്നും വിവരാവകാശ നിയമത്തിന്റെ പരിധിക്കു പുറത്താണന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പറയുന്നു.  

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്നതു 96,483 അപേക്ഷകകളാണ്. ഈ സര്‍ക്കാര്‍ വന്ന ശേഷം കഴിഞ്ഞ ഓഗസ്റ്റ് 19 വരെ 237386 അപേക്ഷകള്‍ സെല്ലില്‍ ലഭിച്ചു. 122014 അപേക്ഷകള്‍ തീര്‍പ്പാക്കി. വിവരാവകാശ നിയമ പ്രകാരം 26 ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ ഏക മറുപടി ഇതായിരുന്നു. 

അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു സംസ്ഥാന സര്‍ക്കാരിന് എത്ര പരാതികള്‍ കൈമാറിയെന്ന ചോദ്യത്തിനു മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ ചോദിക്കണമെന്നായിരുന്നു മറുപടി. പരാതി പരിഹാര സെല്ലില്‍ എത്ര ജീവനക്കാര്‍ ഉണ്ടെന്നു ചോദിച്ചപ്പോള്‍ പൊതുഭരണ വകുപ്പില്‍ ചോദിക്കാനും മറുപടി നല്‍കി. 

മുഖ്യമന്ത്രി എത്ര വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു, എത്ര ചെലവ്, നേട്ടങ്ങള്‍ എന്തൊക്കെ. ഈ ചോദ്യത്തിന്, 
ഉത്തരം ഇവിടെ ലഭ്യമല്ല എന്നായിരുന്നു. അപേക്ഷ പൊതുഭരണ വകുപ്പിനു കൈമാറി. പൊതുഭരണ വകുപ്പില്‍ ചോദിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശ യാത്രയുടെ ചെലവ് അവര്‍ക്കും അറിയില്ലെന്നായിരുന്നു മറുപടി. 

യൂറോപ്യന്‍ രാജ്യങ്ങളില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തിയപ്പോള്‍ എത്ര ധാരണാപത്രം ഒപ്പിട്ടു. ഇവിടെ അറിയില്ലെന്നും ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ ചോദിക്കാനുമായിരുന്നു മറുപടി.

മുഖ്യമന്ത്രി സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന്റെ ചെലവ് എത്ര. എത്ര ജീവനക്കാരെ നിയോഗിച്ചു. ഈ ചോദ്യത്തിന് ലഭിച്ച മറുപടി ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഓഫീസില്‍ ചോദിക്കൂ എന്നായിരുന്നു. 

നാം മുന്നോട്ട് എന്ന പരിപാടിയുടെ ചെലവ് എത്ര എന്ന് ചോദിച്ചപ്പോള്‍ ഉത്തരം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് ഓഫീസില്‍ ചോദിക്കൂ എന്നായിരുന്നു. 

മുഖ്യമന്ത്രിക്ക് എത്ര സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉണ്ട്, അവരുടെ മൂന്ന് വര്‍ഷത്തെ ചെലവ് എത്ര. മുഖ്യമന്ത്രിയുടെ ഉപദേശകര്‍ എത്ര വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു, നേട്ടം എന്താണ്. ഈ രണ്ട് ചോദ്യങ്ങള്‍ക്കും മറുപടി, പൊതുഭരണ വകുപ്പില്‍ ചോദിക്കൂ എന്നായിരുന്നു. 

വെള്ളപ്പൊക്കത്തില്‍  അകപ്പെട്ട എത്ര പേര്‍ക്ക് 10,000 രൂപ വീതം നല്‍കി, എത്ര പേര്‍ക്കു ചികിത്സാ ധന സഹായം നല്‍കി. ഉത്തരം, റവന്യൂ വകുപ്പില്‍ അപേക്ഷിക്കൂ. 

പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എത്ര തുക നല്‍കി, കേന്ദ്രത്തില്‍ നിന്ന് എന്തു സഹായം ലഭിച്ചു. ഉത്തരം, ധനകാര്യ വകുപ്പിനോടു ചോദിക്കൂ. 

റീബില്‍ഡ് കേരളക്ക് എത്ര ചെലവായി, എത്ര ജീവനക്കാര്‍, ശമ്പളം എത്ര. മറുപടി, റീബില്‍ഡ് കേരള ഓഫീസില്‍ ചോദിക്കാനായിരുന്നു. ശബരിമല വിമാനത്താവള സാധ്യതാ പഠന റിപ്പോര്‍ട്ടില്‍ എന്തു നടപടിയായി എന്ന് ചോദിച്ചപ്പോള്‍ ഗതാഗത വകുപ്പില്‍ ചോദിക്കൂ എന്നായിരുന്നു ഉത്തരം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ടി20 ലോകകപ്പ്: രണ്ടുടീമുകളുടെ സ്‌പോണ്‍സറായി അമൂല്‍

ലൈംഗിക വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി