കേരളം

ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ല, ആത്മഹത്യ തന്നെ ; പൊലീസിനെതിരെ  തെളിവില്ലെന്ന് സിബിഐ റിപ്പോര്‍ട്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ റിപ്പോര്‍ട്ട് പുറത്ത്. ശ്രീജിവിന്റേത് കസ്റ്റഡി മരണമല്ല, ആത്മഹത്യയാണെന്നാണ് സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ശ്രീജിവിന്റെ ആത്മഹത്യാക്കുറിപ്പ് ചൂണ്ടിക്കാട്ടിയാണ് സിബിഐ റിപ്പോര്‍ട്ട്. ശാസ്ത്രീയ തെളിവുകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊലീസിനെതിരെ തെളിവില്ല. അന്വേഷണം അവസാനിപ്പിക്കുന്നുവെന്നും സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. 

ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരന്‍ ശ്രീജിത്ത് സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സത്യാഗ്രഹ സമരം വന്‍ ചര്‍ച്ചയായിരുന്നു. സമരം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തിനു കത്തെഴുതി. ശ്രീജിത്തിന്റെ അമ്മ രമണി ഗവര്‍ണറെ കണ്ടു നിവേദനം നല്‍കുകയും കോണ്‍ഗ്രസ്-ബിജെപി നേതാക്കള്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ടു കേന്ദ്രത്തെ സമീപിക്കുകയും ചെയ്തു. തുടര്‍ന്നാണു സിബിഐക്ക് കേസ് കൈമാറി കേന്ദ്രം വിജ്ഞാപനം ഇറക്കിയത്.

ശ്രീജിവിന്റെ മരണത്തില്‍ പാറശാല പൊലീസ് 2014ല്‍ റജിസ്റ്റര്‍ ചെയ്ത കേസ് അതേപടി എറ്റെടുക്കുന്നതായാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയത്. മോഷണക്കുറ്റത്തിന് അറസ്റ്റിലായ ശ്രീജിവ് അടിവസ്ത്രത്തില്‍ ഒളിപ്പിച്ചിരുന്ന വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തെന്നാണ് എഫ്‌ഐആറിലെ വിവരം. തിരുവനന്തപുരം യൂണിറ്റിലെ എസ്പി കെ.എം. വര്‍ക്കിയുടെ നേതൃത്വത്തില്‍ ഡിവൈഎസ്പി ടി.പി. അനന്തകൃഷ്ണനായിരുന്നു അന്വേഷണ ചുമതല.

മോഷണക്കുറ്റത്തിന് കസ്റ്റഡിയിലെടുത്ത ശ്രീജീവിനെ അന്നത്തെ പാറശ്ശാല സി.ഐ ഗോപകുമാറും എ.എസ്.ഐ ഫീലിപ്പോസും ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നും ഇതിന് സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രതാപചന്ദ്രന്‍, വിജയദാസ് എന്നിവര്‍ കൂട്ടുനിന്നുവെന്നും കേസ് അന്വേഷിച്ച സംസ്ഥാന പൊലീസ് കംപ്ലെയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. മഹസര്‍ തയ്യാറാക്കിയ എസ്.ഐ ഡി ബിജുകുമാര്‍ വ്യാജരേഖ ചമച്ചതായി തെളിഞ്ഞിട്ടുണ്ടെന്നും പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.  ഈ സാഹചര്യത്തില്‍ ശ്രീജിവിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ അപേക്ഷ കണക്കിലെടുത്താണ് കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ 2017 ജുലൈ 18ന് കത്ത് നല്‍കിയത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി

മൂന്ന് പവന്റെ സ്വര്‍ണമാലക്ക് വേണ്ടി അമ്മയെ കഴുത്തുഞെരിച്ചുകൊന്നു; മകന്‍ അറസ്റ്റില്‍

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു