കേരളം

ജനങ്ങളുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്കുള്ള താക്കീത് ; ഫ്ളാറ്റുകൾ പൊളിക്കണമെന്ന സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത് വി എസ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : മരടിലെ ഫ്ളാറ്റുകൾ  പൊളിച്ചുനീക്കണമെന്ന സുപ്രിംകോടതി വിധി സ്വാഗതം ചെയ്ത് മുന്‍മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. മാധ്യമങ്ങളും എക്‌സിക്യൂട്ടീവും പരാജയപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്ന തീര്‍പ്പാണ് സുപ്രിംകോടതിയില്‍ നിന്നുണ്ടായത്. തടയണ കെട്ടിയും കുന്നിടിച്ചും വയല്‍ നികത്തിയും തീരദേശം നശിപ്പിച്ചും ജനങ്ങളുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്ക് ഇതൊരു താക്കീതാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വി എസ് അച്യുതാനന്ദന്‍ കുറിച്ചു. 

വഞ്ചിക്കപ്പെട്ടത് ഫ്ളാറ്റുടമകളാണ്. എല്ലാ നിയമങ്ങളും ലംഘിച്ച് ഫ്ളാറ്റുകൾ കെട്ടിപ്പൊക്കാന്‍ സര്‍ക്കാരിന്റെ പിന്തുണയുണ്ടല്ലോ എന്ന ആശ്വാസത്തിലായിരിക്കണം, അവര്‍ ഫ്ളാറ്റുകൾ സ്വന്തമാക്കിയത്. നിയമലംഘനത്തിന് കൂട്ടുനിന്നവരെല്ലാം തന്നെയാണ് അവരുടെ നഷ്ടം നികത്തിക്കൊടുക്കേണ്ടത്. വി എസ് അഭിപ്രായപ്പെട്ടു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം : 

ചിലര്‍ വരുമ്പോള്‍ നിയമങ്ങള്‍ വഴിമാറുന്നത് അംഗീകരിക്കാനാവില്ല എന്ന് സുപ്രീംകോടതി അസന്നിഗ്ധമായി വ്യക്തമാക്കിയത് മരടിലെ ഫ്ളാറ്റുകളുടെ കാര്യത്തില്‍ ആവര്‍ത്തിക്കപ്പെട്ടു.

 ഫ്ലാറ്റ്  നിര്‍മ്മാതാക്കള്‍ക്ക് പരാതിയുണ്ട്. അത് സുപ്രീംകോടതിയെ അറിയിക്കുകയും ചെയ്തു. നഗരസഭാ സെക്രട്ടറിക്ക് സുപ്രീംകോടതിയുടെ വിധിയില്‍ സന്തോഷമുണ്ടെന്ന് വ്യക്തമാക്കപ്പെട്ടു. ഇവിടെ വാദി തീരദേശ പരിപാലന അഥോറിറ്റിയാണ്. വിശദമായ വാദങ്ങള്‍ കേട്ട ശേഷമാണ് ബഹുമാനപ്പെട്ട സുപ്രീംകോടതി ഒരു മാസത്തിനകം ഫ്ളാറ്റുകൾ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ടത്. കഴിഞ്ഞ പ്രളയത്തില്‍ ആവാസം നഷ്ടപ്പെട്ട പാവങ്ങളെ സംബന്ധിച്ചിടത്തോളം, സുപ്രീംകോടതിയുടെ നിരീക്ഷണം വലിയ ആശ്വാസമാണ്. ഇനിയുമൊരു പ്രളയം താങ്ങാന്‍ കേരളത്തിന് കെല്‍പ്പില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

നിലവിലുള്ള നിയമങ്ങള്‍ തലനാരിഴ കീറി പരിശോധിച്ചാണ് ഇന്നത്തെ സ്ഥിതിയിലേക്ക് കാര്യങ്ങളെ സുപ്രീംകോടതി എത്തിച്ചത്. മെയ് മാസത്തില്‍ എല്ലാ ഫ്ളാറ്റുകളും പൊളിച്ചു നീക്കാനാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ഫ്ളാറ്റുടമകള്‍ സമര്‍പ്പിച്ച റിവ്യൂ ഹര്‍ജിയില്‍ ബഹു. സുപ്രീം കോടതി വിധിച്ചത്, ഫ്ളാറ്റുകൾ ആറാഴ്ച്ചത്തേക്ക് പൊളിക്കേണ്ടതില്ല എന്നായിരുന്നു. അത് ജൂണ്‍ മാസത്തിലായിരുന്നു.

സെപ്തംബറായപ്പോഴേക്ക് കാര്യങ്ങള്‍ മാറി. ഫ്ളാറ്റുകൾ പൊളിക്കാത്ത വിഷയത്തില്‍ ബഹു. സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. മരട് മുനിസിപ്പാലിറ്റി വിശദീകരണം നല്‍കണമെന്നായിരുന്നു കോടതിയുടെ നിലപാട്.

ഒടുവില്‍ ഇന്ന് സുപ്രീംകോടതിയുടെ അന്തിമ തീര്‍പ്പ് വന്നിരിക്കുന്നു. മാധ്യമങ്ങളും എക്‌സിക്യൂട്ടീവും പരാജയപ്പെടുമ്പോള്‍ ജനങ്ങള്‍ക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്ന തീര്‍പ്പാണത്. തടയണ കെട്ടിയും കുന്നിടിച്ചും വയല്‍ നികത്തിയും തീരദേശം നശിപ്പിച്ചും ജനങ്ങളുടെ ആവാസവ്യവസ്ഥ തകര്‍ക്കുന്ന അവിശുദ്ധ കൂട്ടുകെട്ടുകള്‍ക്ക് ഇതൊരു താക്കീതുമാണ്.

ഇവിടെ വഞ്ചിക്കപ്പെട്ടത് ഫ്ളാറ്റുടമകളാണ്. എല്ലാ നിയമങ്ങളും ലംഘിച്ച് ഫ്ളാറ്റുകൾ കെട്ടിപ്പൊക്കാന്‍ സര്‍ക്കാരിന്റെ പിന്തുണയുണ്ടല്ലോ എന്ന ആശ്വാസത്തിലായിരിക്കണം, അവര്‍ ഫ്ളാറ്റുകൾ സ്വന്തമാക്കിയത്. നിയമലംഘനത്തിന് കൂട്ടുനിന്നവരെല്ലാം തന്നെയാണ് അവരുടെ നഷ്ടം നികത്തിക്കൊടുക്കേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി