കേരളം

വാഹനയാത്രക്കാര്‍ക്ക് ആശ്വാസം, ഓണക്കാലത്ത് കടുത്ത പിഴ ഈടാക്കില്ല, ഇളവുതേടി കേന്ദ്രത്തെ സമീപിക്കാനും തീരുമാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓണക്കാലത്ത് ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കേണ്ടെന്ന് സര്‍ക്കാര്‍ നിര്‍ദേശം. ഇതനുസരിച്ച് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പുതിയ നിയമപ്രകാരമുള്ള കടുത്ത ശിക്ഷാനടപടി സ്വീകരിക്കില്ല. പകരം ഇവരെ ബോധവല്‍ക്കരണത്തിന് അയക്കാനാണ് തീരുമാനം. മോട്ടോര്‍വാഹന നിയമത്തില്‍ ഇളവുതേടി കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. 

കേന്ദ്രനിയമത്തിലെ വ്യവസ്ഥകള്‍ കഠിനമാണ്. കേരളത്തില്‍ നിയമലംഘനങ്ങല്‍ കുറഞ്ഞത് സര്‍ക്കാര്‍ നടത്തിയ ബോധവല്‍ക്കരണം കൊണ്ടാണ്. ഗതാഗത ലംഘനത്തിന് പഴയ പിഴ ഈടാക്കാനാവില്ല. അതുകൊണ്ട് ഓണക്കാലത്ത് റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കാനുള്ള അവബോധം സൃഷ്ടിക്കാനുള്ള അവസരമാക്കി മാറ്റാന്‍ കഴിയണമെന്നാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. 

ഓണക്കാലത്ത് പരിശോധനകള്‍ തുടരും. വാഹന യാത്രക്കാരോട് നിയമവുമായി സഹകരിക്കണമെന്ന ക്യാമ്പെയ്ന്‍ നടത്തും. നിയമത്തില്‍ ഇളവ് തേടി കേന്ദ്രസര്‍ക്കാരിനെ സമീപിക്കും. മുഖ്യമന്ത്രിയുമായി കൂടിയാലേചിച്ചശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ഗതാഗതമന്ത്രി പറഞ്ഞു. ട്രാഫിക് നിയമലംഘനത്തിന് ആറു ദിവസത്തിനിടെ 46 ലക്ഷത്തോളം രൂപയാണ് പിരിച്ചതെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

അതിനിടെ ജനങ്ങളുടെ എതിര്‍പ്പ് രൂക്ഷമായ പശ്ചാത്തലത്തില്‍, മോട്ടോര്‍ വാഹന നിയമത്തില്‍ വന്‍പിഴ ഈടാക്കുന്നത് ഒഴിവാക്കാന്‍ ഭേദഗതിക്ക് സര്‍ക്കാര്‍ നീക്കം തുടങ്ങി. പിഴ കുറച്ച് ഓര്‍ഡിനന്‍സ് ഇറക്കുന്നതിന്റെ നിയമസാധുത തേടി ഗതാഗത വകുപ്പ് നിയമവകുപ്പിന് കത്തയച്ചു. മോട്ടോര്‍വാഹന നിയമലംഘനങ്ങള്‍ക്ക് അമിത പിഴ ഈടാക്കുന്നത് കേന്ദ്രനിയമമാണെങ്കിലും സംസ്ഥാനങ്ങള്‍ക്കും ഇടപെടാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പിഴത്തുക പരിശോധകര്‍ക്ക് നേരിട്ട് നല്‍കുകയോ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസില്‍ അടയ്ക്കുകയോ ചെയ്യുന്ന ഘട്ടങ്ങളിലാണ് സര്‍ക്കാരിന് ഇടപെടാന്‍ അനുവാദമുളളത്.

ഈ പഴുതാണ് കേരളം ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. കുറഞ്ഞ തുകയ്ക്ക് തൊട്ടുമുകളിലുളള തുക പിഴയായി നിജപ്പെടുത്തുന്നതാണ് ആലോചിക്കുന്നത്. അതായത് അമിത വേഗത്തില്‍ വാഹനമോടിച്ചാല്‍ പിഴ 1000 മുതല്‍ 2000 വരെയാണ്. പിടിക്കപ്പെടുന്നവര്‍ നേരിട്ട് പണമടയ്ക്കുകയാണെങ്കില്‍ 1100 രൂപ ഈടാക്കുന്ന രീതിലാകും മാറ്റം.

എന്നാല്‍ കോടതിയില്‍ അടയ്ക്കുന്ന പിഴയ്ക്ക് ഇത് ബാധമായിരിക്കില്ല. മദ്യപിച്ച് വാഹനമോടിക്കുന്നതിനുളള പിഴ കുറയ്ക്കില്ല. 10000 രൂപയാണ് മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പിഴയായി ഈടാക്കുന്നത്. കനത്ത പിഴ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് ; വേ​ഗത്തിൽ ഫലമറിയാം ഈ ആപ്പ്, വെബ്സൈറ്റുകളിലൂടെ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ